മനുഷ്യക്കടത്ത്: ഹൈദരാബാദിൽ നിന്ന് അഞ്ച് ആദിവാസി പെൺകുട്ടികളെ രക്ഷപ്പെടുത്തി

ഭുവനേശ്വർ: ഒഡീഷയിൽ നിന്ന് ഹൈദരാബാദിലേക്ക് കടത്തിയ 5 പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് നടത്തിയ പ്രധാന പ്രതി രാജ്കുമാർ ബസ്ത്രയെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. കന്ധ, സൗര തുടങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇവർ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരാണെന്നും പൊലീസ് വ്യക്തമാക്കി.
ഗജപതി ജില്ലയിലെ ആദവ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 17ന് പ്രദേശത്തെ സർപഞ്ച് നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രദേശത്തുനിന്ന് നിരവധി പെൺകുട്ടികളെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. തുടർന്ന് ആർ ഉദയഗിരി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാകേഷ് കുമാർ സാഹുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ പെൺകുട്ടികളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് പെൺകുട്ടികളെയും കണ്ടെത്തി രക്ഷപ്പെടുത്തിയത്.
പെൺകുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്രിമം നടത്തി അവരെ പ്രായപൂർത്തിയായവരായി രേഖപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മനുഷ്യക്കടത്ത് സുഗമമാക്കുന്നതിനായാണ് ആധാർ വിവരങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് കണ്ടെത്തൽ.
മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട മറ്റ് ആളുകളെ കണ്ടെത്തുന്നതിനും കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിച്ച് അവരെ രക്ഷപ്പെടുത്തുന്നതിനും അന്വേഷണം തുടരുകയാണെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാകേഷ് കുമാർ സാഹു പറഞ്ഞു.
രക്ഷപ്പെടുത്തിയ പെൺകുട്ടികളുടെ ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അവരുടെ പുനരധിവാസവും അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.









0 comments