ad
Deshabhimani

ഭോട്ടെ കോസി ലോകത്ത്‌ ഏറ്റവും കുത്തനെയുള്ളതും വേഗമേറിയതുമായ നദികളിലൊന്ന്‌; ബിഹാറിനെയും മുക്കും

bhote koshi river
വെബ് ഡെസ്ക്

Published on Aug 26, 2026, 07:13 PM | 2 min read

ന്യൂഡൽഹി: നേപ്പാളിൽ മിന്നൽപ്രളയമുണ്ടായ ഭോട്ടെ കോസി നദിക്ക് പ്രത്യേകതകൾ ഏറെയാണ്. ലോകത്ത്‌ ഏറ്റവും കുത്തനെയുള്ളതും വേഗതയേറിയതുമായ നദികളിലൊന്നാണിത്. ടിബറ്റിൽ നിന്ന് ഉത്‌ഭവിക്കുന്ന ഭോട്ടെ കോസി ബിഹാറിലൂടെ ഒഴുകി ഗംഗയിലാണ് വന്നുചേരുന്നത്. ബിഹാറിൽ ഗണ്ഡക് എന്നു പേരുള്ള നദി "ബിഹാറിന്റെ ദുഃഖം" എന്നും അറിയപ്പെടുന്നു. ലോകത്ത്‌ ഏറ്റവും കൂടുതൽ ദിശ വ്യതിയാനം സംഭവിക്കുന്ന നദികളിലൊന്നുമാണിത്.


ചൈനയിലെ ടിബറ്റൻ പീഠഭൂമിയിലുള്ള സാങ്‌സാങ്‌ബോ ഹിമാനിയിൽ നിന്നാണ് ഈ നദി 'പോ ചു' എന്ന പേരിൽ ഉത്ഭവിക്കുന്നത്. തുടർന്ന് തെക്കോട്ട് ഒഴുകി കോഡാരിക്ക് സമീപമുള്ള നേപ്പാൾ-–ചൈന അതിർത്തിയിലെ പ്രസിദ്ധമായ 'ഫ്രണ്ട്ഷിപ്പ് പാലത്തിന്' താഴെ വെച്ച്‌ നേപ്പാളിലേക്ക് പ്രവേശിക്കുന്നു. ഇവിടം മുതലാണ്‌ ഭോട്ടെ കോസി എന്നറിയപ്പെടുന്നത്‌.


നേപ്പാളി ഭാഷയിൽ 'ഭോട്ട്' എന്നാൽ ടിബറ്റ് എന്നും 'കോസി' എന്നാൽ നദി എന്നുമാണ് അർത്ഥം. അതായത് "ടിബറ്റിൽ നിന്നുള്ള നദി" എന്ന്‌. നേപ്പാളിലെ റസുവ, സിന്ധുപാൽചോക്ക് ജില്ലകളിലൂടെ ഒഴുകി ബഹാരാബിസെ എന്ന സ്ഥലത്ത് വെച്ച് സൺ കോസി നദിയുമായി ചേരുന്നു. തുടർന്ന് കിഴക്കോട്ട് ഒഴുകുന്ന സൺ കോസി, നേപ്പാളിലെ മറ്റ് പ്രധാന ഹിമാലയൻ നദികളായ അരുൺ , തമൂർ എന്നിവയുമായി ത്രിവേണിയിൽ സംഗമിക്കുന്നു. സൺ കോസി, അരുൺ, തമൂർ, ദൂത് കോശി, താമാ കോശി, ഇന്ദ്രാവതി, ലിഖു തുടങ്ങിയ ഏഴ് നദികളുടെ സംഗമത്തോടെ ഇത് സപ്തകോശി അഥവാ കോസി നദി എന്ന വലിയ രൂപം കൈവരിക്കുന്നു.


നേപ്പാൾ–ഇന്ത്യ അതിർത്തിയിലുള്ള സുപോൾ ജില്ലയിലെ ഭീംനഗറിൽ വെച്ച്‌ ബീഹാറിലേക്ക് പ്രവേശിക്കുന്നു. ബീഹാറിലെ സുപോൾ, സഹർസ, മധേപുര, ഖഗരിയ, കതിഹാർ ജില്ലകളിലൂടെ ഒഴുകുന്നു. കതിഹാറിലെ കുർസേലയ്ക്ക് സമീപം വെച്ച് ഗംഗാ നദിയിൽ ചേരുന്നു. ബിഹാറിൽ വൻ പ്രളയങ്ങൾക്ക് കാരണമാകുന്നതിനാൽ കോസി നദിക്ക് "ബീഹാറിന്റെ ദുഃഖം" എന്നും പേരുണ്ട്.


നേപ്പാളിലെയും ടിബറ്റിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന ഹിമാലയൻ മലനിരകളിൽ നിന്നാണ് ഈ നദി ഒഴുകി ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഒഴുക്കിന്റെ വേഗതയും ശക്തിയും വളരെ കൂടുതലാണ്. എന്നാൽ, ബീഹാറിലേക്ക് പ്രവേശിക്കുന്നതോടെ നദി സമതല പ്രദേശത്ത് എത്തിച്ചേരുന്നു. അതോടെ ഒഴുക്കിന്റെ വേഗം കുറയുന്നു.


ഹിമാലയൻ മലനിരകളിൽ നിന്ന് വരുമ്പോൾ നദി വൻതോതിൽ മണ്ണും മണലും കല്ലുകളും ഒഴുക്കിക്കൊണ്ടുവരുന്നുണ്ട്. ലോകത്ത്‌ ഏറ്റവും കൂടുതൽ എക്കൽ ചുമക്കുന്ന നദികളിലൊന്നാണിത്. ബിഹാറിലെ സമതലങ്ങളിൽ എത്തുമ്പോൾ ഒഴുക്കിന്റെ വേഗം കുറയുന്നത് കാരണം, മണലും ചെളിയും നദിയുടെ അടിത്തട്ടിൽ അടിയുന്നു. ഇത് നദിയുടെ ആഴം കുറയ്ക്കുകയും ജലസംഭരണ ശേഷി കുറയ്‌ക്കുകയും ചെയ്യുന്നു.


ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സമയത്ത് ഹിമാലയൻ മേഖലയിൽ കനത്ത മഴ പെയ്യും. ഇതോടൊപ്പം മഞ്ഞുരുകൽ കൂടി ഉണ്ടാകുമ്പോൾ നദിയിലെ ജലനിരപ്പ് പെട്ടെന്ന് അപകടകരമായ രീതിയിൽ ഉയരുകയും മിന്നൽ പ്രളയം ഉണ്ടാവുകയും ചെയ്യുന്നു.


കഴിഞ്ഞ വർഷം ഭോട്ടെ കോസിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. അന്ന് ‘ഫ്രണ്ട്ഷിപ് ബ്രിഡ്ജ്’ ഒലിച്ചുപോയതിനെ തുടർന്ന് മാസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home