നേപ്പാളിൽ വൻ മിന്നൽപ്രളയം: 16 മരണം,105 ഇന്ത്യക്കാരടക്കം 400 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ വടക്കൻ റസുവ ജില്ലയിൽ ടിബറ്റ് അതിർത്തിയോട് ചേർന്ന് ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. പ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ നാനൂറോളം പേരെ കാണാതാവുകയും ചെയ്തു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തിമുറെ , സ്യാപ്രൂ ബെസി പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. പ്രളയത്തിനൊപ്പം മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നതിനെ തുടർന്ന് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഭോട്ടെ കോശി നദി ത്രിശൂലി നദിയുമായി ചേർന്ന് ഇന്ത്യയിലേക്ക് ഗന്തക് നദിയായാണ് ഒഴുകിയെത്തുന്നത്. അതിനാൽ ബിഹാറിലെ ഗന്തക്, കോശി നദീതട ജില്ലകളിൽ ബിഹാർ ചീഫ് സെക്രട്ടറി അടിയന്തര ജാഗ്രതാ നിർദേശം നൽകി.
തിമുറെയിലെ അതിർത്തി മാർക്കറ്റ്, നിരവധി വാഹനങ്ങൾ, വീടുകൾ എന്നിവ പ്രളത്തിൽ ഒലിച്ചുപോയി. നേപ്പാൾ പൊലീസിന്റെ മൂന്ന് കെട്ടിടങ്ങൾ തകരുകയും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 9 സായുധ പൊലീസ് ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തു.
ജലവൈദ്യുത പദ്ധതികളെ പ്രളയം ബാധിച്ചതിനെത്തുടർന്ന് നേപ്പാളിന്റെ മൊത്തം ഉത്പാദന ശേഷിയുടെ 12 ശതമാനത്തോളം വരുന്ന 430 മെഗാവാട്ട് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭാ യോഗം ചേരുകയും സൈന്യത്തെയും പൊലീസിനെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കുകയും ചെയ്തു.
എന്നാൽ പ്രളയജലത്തിന്റെ നിരപ്പ് ഉയർന്നതായതിനാൽ ഹെലികോപ്റ്ററുകൾക്ക് പലയിടത്തും ഇറങ്ങാൻ സാധിച്ചിട്ടില്ല. ഭൂകമ്പത്തെത്തുടർന്നുണ്ടായ മഞ്ഞിടിച്ചിലോ ഹിമാനീ തടാകം പൊട്ടിയതോ ആകാം പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നദീതീരങ്ങളിൽ താമസിക്കുന്ന ആളുകളോട് അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നേപ്പാൾ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.









0 comments