print edition ആർട്ടമിസിനും അപ്പുറം

ആർട്ടമിസ് 2 ദൗത്യപേടകമായ ഒറിയോൺ പസഫിക്ക് സമുദ്രത്തിൽ പതിക്കുന്നു

വി പി ബാലഗംഗാധരൻ
Published on Apr 17, 2026, 02:55 AM | 3 min read
നാസയുടെ ആർട്ടമിസ് 2 ദൗത്യം വിജയകരമായതിന്റെ സന്തോഷത്തിലാണ് മാനവ സമൂഹം. ഏപ്രിൽ 2ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഓറിയോൺ പേടകത്തിലാണ് നാല് ബഹിരാകാശ യാത്രികർ പുറപ്പെട്ടത്. ഏപ്രിൽ 11-ന് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി അവർ തിരിച്ചിറങ്ങി. അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ചന്ദ്രന്റെ ഇത്ര അടുത്ത് (6545 കിലോമീറ്റർ) വരെ എത്തിയത് വലിയ വിജയമാണ്. ചന്ദ്രന്റെ മറുഭാഗം നേരിൽക്കണ്ട്, ഭൂമിയിൽനിന്ന് ഏറ്റവും അകലെ സഞ്ചരിച്ച ഈ യാത്ര, പഴയ അപ്പോളോ യുഗത്തിന്റെ ഓർമകൾ പുതുക്കുകയും ഭാവിയിലെ സ്ഥിരമായ ചാന്ദ്രയാത്രകൾക്ക് ശക്തമായ തുടക്കമിടുകയും ചെയ്തു.
അപ്പോളോ ദൗത്യങ്ങൾ ചന്ദ്രനിൽ ഏതാനും ദിവസങ്ങൾ മാത്രം തങ്ങി തിരിച്ചുവരുന്ന ഹ്രസ്വ സന്ദർശനങ്ങളായിരുന്നുവെങ്കിൽ, ആർട്ടമിസ് പദ്ധതി തികച്ചും വ്യത്യസ്തമാണ്. ഇത് ചന്ദ്രനിൽ സ്ഥിര മനുഷ്യസാന്നിധ്യം ഉറപ്പാക്കാനുള്ള ദീർഘകാല പദ്ധതിയാണ്. പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സമൃദ്ധമായ ജലസാന്നിധ്യമുള്ള ഗർത്തങ്ങളാണ് ഇനിയത്തെ ഊന്നൽ. ഈ പ്രദേശങ്ങളിൽ സൂര്യപ്രകാശം ഒരിക്കലും എത്താത്ത തണുത്ത ശാശ്വത നിഴൽ മേഖലകളുണ്ട്. അവിടെ ജലം ഐസ് രൂപത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ ജലം ഓക്സിജനാക്കി മാറ്റി ശ്വസിക്കാനും, ഹൈഡ്രജനും ഓക്സിജനും ചേർത്ത് റോക്കറ്റ് ഇന്ധനം നിർമിക്കാനും സാധിക്കും.
ന്ദ്രനിലേക്ക് യാത്ര ചെയ്‌ത ആദ്യ വനിത എന്ന റെക്കോഡിന് ഉടമയായ ക്രിസ്‌റ്റിന കോക്ക് മടങ്ങി എത്തിയപ്പോൾ
ആഹ്ലാദം പങ്കുവയ്‌ക്കുന്നു
ഇടത്താവളം
ചന്ദ്രോപരിതലത്തിൽ ക്യാമ്പുകളും ആധുനിക വാസസ്ഥലങ്ങളും (ഹാബിറ്റാറ്റുകൾ) നിർമിക്കുകയും ഭാവിയിലെ ചൊവ്വായാത്രകൾക്കുള്ള സുപ്രധാന ഇടത്താവളമാക്കി ചന്ദ്രനെ മാറ്റുകയുമാണ് അടുത്ത ലക്ഷ്യം. ലൂണാർ ഗേറ്റ്‌വേ എന്ന ചാന്ദ്ര ഭ്രമണപഥ സ്റ്റേഷൻ ഈ സംവിധാനത്തിന്റെ നട്ടെല്ലാകും. ഭൂമിയിൽനിന്നുള്ള പേടകങ്ങൾക്കും ചന്ദ്രോപരിതല ലാൻഡറുകൾക്കും ഇടയിലുള്ള ‘ബസ് സ്റ്റോപ്പ്’ പോലെയാണ് ഇത് പ്രവർത്തിക്കുക. സഞ്ചാരികളെ ചന്ദ്രന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനും, ഭൂമിയുമായുള്ള വാർത്താവിനിമയം തടസ്സമില്ലാതെ നിലനിർത്താനും ഈ സ്റ്റേഷൻ സഹായിക്കും.
ദൗത്യങ്ങളുടെ പരമ്പര
ആർട്ടമിസ് 3 അടുത്ത വർഷം ലക്ഷ്യമിടുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ ലാൻഡറുകളുടെ ഡോക്കിങ് പരീക്ഷണങ്ങളും മറ്റ് സാങ്കേതിക പരിശോധനകളും നടത്തും. യഥാർഥ ചന്ദ്ര ലാൻഡിങ് ആർട്ടമിസ് നാലിലാകും (2028) നടക്കുക. അവസാനത്തെ അപ്പോളോയ്ക്ക് 56 വർഷത്തിനുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ മണ്ണിൽ കാലുകുത്തും. ആദ്യ ലാൻഡിങ് ദക്ഷിണ ധ്രുവത്തിലെ തണുത്ത നിഴൽ പ്രദേശങ്ങളിലായിരിക്കും. അതിനുശേഷം ആറുമാസത്തിലൊരിക്കൽ ചന്ദ്രനിൽ ഇറങ്ങി, ക്രമേണ ആർട്ടമിസ് ബേസ് ക്യാമ്പ് എന്ന സ്ഥിരമായ താവളം വികസിപ്പിക്കുകയാണ് പദ്ധതി.
ചെലവ് കുറയ്ക്കാനായി ഈ ദൗത്യങ്ങൾക്ക് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ്, ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ തുടങ്ങിയ വാണിജ്യ ലാൻഡറുകളാണ് ഉപയോഗിക്കുക. ജപ്പാനുമായി ചേർന്ന് നിർമിക്കുന്ന പ്രഷറൈസ്ഡ് റോവറുകൾ (ലൂണാർ ടെറെയ്ൻ വെഹിക്കിൾ) യാത്രികരെ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കും. സോളാർ പാനലുകൾ, ന്യൂക്ലിയർ ഫിക്ഷൻ പവർ സിസ്റ്റങ്ങൾ എന്നിവയോടൊപ്പം ചാന്ദ്രമണ്ണ് (റെഗോലിത്ത്) ഉപയോഗിച്ച് ഹാബിറ്റാറ്റുകൾ നിർമിക്കുന്ന ഐഎസ്‌ആർയു (In-Situ Resource Utilization) സാങ്കേതികവിദ്യയും അവിടെ പരീക്ഷിക്കും. അതായത്, ചന്ദ്രനിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് തന്നെ വീടുകളും ഇന്ധനവും ഉണ്ടാക്കുക എന്നതാണ് പരമമായ ലക്ഷ്യം.
ചൈനയും
അമേരിക്കയോടൊപ്പം ചൈനയുടെ ചാന്ദ്ര പരിപാടിയും വേഗത്തിൽ മുന്നേറുന്നുണ്ട്. ഇൗ വർഷം വിക്ഷേപിക്കുന്ന ചാങ്-ഇ 7 ദൗത്യം ദക്ഷിണ ധ്രുവത്തിലെ ജലസാന്നിധ്യവും ഖനിജങ്ങളും വിശദമായി പഠിക്കും. ഇതിനായുള്ള പേടകം കഴിഞ്ഞ ദിവസം വിക്ഷേപണ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. ചാങ്-ഇ 8 (2028) ലൂണാർ മണ്ണ് ഉപയോഗിച്ച് ത്രിഡി പ്രിന്റിങ്ങിലൂടെ ഇഷ്ടികകളും ഹാബിറ്റാറ്റുകളും നിർമിക്കുന്ന പരീക്ഷണങ്ങൾ നടത്തും. 2030- ഓടെ ചൈനയുടെ ആദ്യ മനുഷ്യ ലാൻഡിങ് ലക്ഷ്യമിട്ടിരിക്കുന്നു. റഷ്യയോടൊപ്പം ചേർന്ന് അവർ ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ILRS) 2035-ഓടെ സ്ഥാപിക്കും. 2031-ൽ ചൊവ്വയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളും ചൈനയ്ക്കുണ്ട്.
ആർട്ടമിസ്2 ദൗത്യാംഗങ്ങളായ റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോക്ക്,
ജെർമി ഹാൻസൻ, വിക്ടർ ഗ്ലോവർ എന്നിവർ തങ്ങൾ സഞ്ചരിച്ച ഒറിയോൺ പേടകത്തിന് സമീപം
യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ‘സ്ട്രാറ്റജി 2040’ വഴി അവരുടെ സ്വതന്ത്ര ചാന്ദ്ര പര്യവേക്ഷണ ശേഷി വികസിപ്പിക്കുന്നുണ്ട്. ഈ പരിപാടിയിലൂടെ സ്വന്തമായി ലൂണാർ ലാൻഡറുകളും റോവറുകളും വികസിപ്പിക്കാൻ അവർ ലക്ഷ്യമിടുന്നു. അതോടൊപ്പം 2030-ഓടെ ഒരു യൂറോപ്യൻ ബഹിരാകാശയാത്രികനെ ചന്ദ്രോപരിതലത്തിലെത്തിക്കുകയും ചെയ്യുമത്രെ. ഐഎസ്ആർഒയും ജപ്പാനുമായി ചേർന്നുള്ള ലൂപെക്സ് (LUPEX) ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യം കൂടുതൽ പഠിക്കാനും ശ്രമിക്കുന്നുണ്ട്. ചാന്ദ്രയാൻ 4,5 ദൗത്യങ്ങൾ അണിയറയിൽ തയ്യാറാകുന്നു.
ലൂണാർ എക്കോണമി
പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ വഴി ലാൻഡിങ് ചെലവ് കുറയുന്നതോടെ ഒരു വലിയ ലൂണാർ എക്കോണമി രൂപപ്പെടും. അതോടെ ഖനനം, ബഹിരാകാശ ടൂറിസം, വാർത്താവിനിമയ ശൃംഖലകൾ, ഹാബിറ്റാറ്റ് നിർമാണം തുടങ്ങിയവ വിപുലമാകും. ചന്ദ്രനിലെ ജലബാഷ്പത്തിൽനിന്ന് ഇന്ധനം ഉണ്ടാക്കുന്ന സാങ്കേതികവിദ്യ, ന്യൂക്ലിയർ തെർമൽ പ്രൊപ്പൾഷൻ, ഓർബിറ്റൽ ഹാബിറ്റാറ്റുകൾ എന്നിവയിലൂടെ മനുഷ്യരാശിയെ ഒടുവിൽ ‘മൾട്ടി-പ്ലാനറ്ററി സ്പീഷീസ്’ ആക്കുകയാണ് ലക്ഷ്യം. വെല്ലുവിളികൾ ഏറെയാണ്. കോസ്മിക് റേഡിയേഷൻ മനുഷ്യ ശരീരത്തെ ബാധിക്കാതിരിക്കാൻ സുരക്ഷിതമായ കവചങ്ങൾ വേണം. ചന്ദ്രനിലെ അതിസൂക്ഷ്മമായ പൊടിപടലങ്ങൾ യന്ത്രങ്ങൾക്ക് തകരാറുണ്ടാക്കും. താഴ്‌ന്ന ഗുരുത്വാകർഷണംമൂലം എല്ലുകളും പേശികളും ദുർബലമാകുന്ന പ്രശ്നങ്ങളുമുണ്ട്. ഇൗ രംഗത്ത് കുത്തകവൽക്കരണത്തിനുള്ള വൻ ശക്തികളുടെ അപകടകരമായ ശ്രമങ്ങളും കാണാതിരുന്നുകൂടാ. ആർട്ടമിസ് 2 ന്റെ വിജയം പുതിയൊരു മാനവ ബഹിരാകാശ യാത്രയുടെ തുടക്കംമാത്രമാണ്. ചന്ദ്രനിലെ സ്ഥിരവാസവും അതിനപ്പുറം ചൊവ്വയിലേക്കുള്ള പ്രയാണവും മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സാഹസികതയായിരിക്കും. തലമുറകൾക്ക് പ്രചോദനവും.
(വി എസ് എസ് സി മുൻ ശാസ്ത്രജ്ഞനാണ് ലേഖകൻ)










0 comments