അപൂർവമല്ല ബ്രൂസെല്ലോസിസ്

ഡോ. എം. മുഹമ്മദ് ആസിഫ്
Published on Feb 23, 2025, 03:30 AM | 3 min read
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ബ്രൂസെല്ലോസിസ് അഥവാ മാൾട്ടാപനി. പേവിഷബാധ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യരോഗമാണ് ഇത്. ഏകദേശം 5 ലക്ഷത്തിൽ അധികം ബ്രൂസെല്ലോസിസ് കേസുകൾ പ്രതിവർഷം റിപ്പോർട്ട് ലോകമെമ്പാടും ചെയ്യുന്നുണ്ട്. കൃത്യമായ കണക്കുകൾ ഇതിലുമേറെയായിരിക്കും. ഇന്ത്യയുടെ പലഭാഗത്തും ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പല പേരുകൾ
ബ്രൂസെല്ല കുടുംബത്തിലെ വിവിധ വർഗങ്ങളിൽപ്പെട്ട ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്. മെഡിറ്ററേനിയൻ പനി, മാൾട്ടാപനി, ക്രിമിയൻ പനി, ബാംഗ്സ് രോഗം, ജിബ്രാൾട്ടൻ പനി, സൈപ്രസ് പനി തുടങ്ങിയ വിവിധ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഈ പേരുകളുടെ പിന്നിലെല്ലാം ചരിത്രം ഏറെയുണ്ട്. 1853-ലെ ക്രിമിയൻ യുദ്ധകാലത്ത് മാൾട്ടാ നഗരത്തിൽ തമ്പടിച്ച ബ്രിട്ടീഷ് സൈനികരിലും അവർക്ക് ആട്ടിൻ പാലും ആട്ടിറച്ചിയും നൽകിയിരുന്ന പ്രദേശത്തെ ആടുകർഷകരിലും ആദ്യമായി കണ്ടെത്തിയതിനാലാണ് മാൾട്ടാപനിയെന്ന പേര് ബ്രൂസെല്ലക്ക് ലഭിച്ചത്. ബ്രൂസെല്ല അബോർട്ടസ് രോഗാണുവാണ് പശുക്കളിൽ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസെല്ലാ മെലിറ്റൻസിസ് ആടുകളിലും ബ്രൂസെല്ലാ സുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു. ബ്രൂസെല്ല കാനിസ് ബാക്ടീരിയകളാണ് നായ്ക്കളിൽ രോഗമുണ്ടാക്കുന്നത്. മിക്ക ബ്രൂസെല്ല ബാക്ടീരിയകളും ഒന്നിലേറെ ജീവിവർഗങ്ങളിൽ രോഗം വരുത്താൻ കഴിവുള്ളവയാണ്. ഇന്ത്യയിൽ കന്നുകാലികൾക്കിടയിൽ ബ്രൂസെല്ലോസിസ് രോഗത്തിന്റെ നിരക്ക് ഉയർന്നതാണെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇതുമൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവർഷ നഷ്ടം 300 കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികൾ വേറെയും. രോഗബാധയേറ്റ പന്നികളിൽനിന്ന് പകരാനിടയുള്ള ബ്രൂസെല്ലാ സുയിസ് രോഗാണുക്കളും ആടുകളിൽനിന്ന് ബാധിക്കാനിടയുള്ള ബ്രൂസെല്ലാ മെലിറ്റൻസിസ് രോഗാണുക്കളുമാണ് മനുഷ്യർക്ക് ഏറ്റവും മാരകം.
3000 വർഷം മുമ്പും
പശുക്കളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. പശുക്കളിൽ അവസാനത്തെ 3 മാസങ്ങളിൽ ഗർഭമലസുന്നത് പ്രധാന ലക്ഷണമാണ്. വളർത്തുമൃഗങ്ങളിൽ ബ്രൂസെല്ല രോഗബാധയേറ്റുള്ള മരണനിരക്ക് കുറവാണെങ്കിലും ഗർഭമലസൽ, പ്രത്യുൽപ്പാദന പരാജയം എന്നിവയെല്ലാമാണ് രോഗം കാരണമുണ്ടാവുന്ന പ്രധാന ആഘാതങ്ങൾ. ഒരിക്കൽ ബ്രൂസെല്ല ബാധയേറ്റാൽ മൃഗങ്ങളുടെ ശരീരത്തിൽ ജീവിതകാലം മുഴുവനും രോഗാണുക്കൾ വിഘടിച്ച് പെരുകും. രോഗാണുവിന്റെ അനിയന്ത്രിതമായ ഈ പെരുകൽ തടയാൻ ചികിത്സ ഫലപ്രദവുമല്ല.
രോഗാണുക്കൾ വിസർജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയുമെല്ലാം പുറത്തുവന്നുകൊണ്ടിരിക്കും. രോഗം ബാധിച്ച പശുക്കളുടെ പ്രസവസമയത്തും ഗർഭമലസുകയാണെങ്കിൽ ആ വേളയിലും പുറന്തള്ളപ്പെടുന്ന ഗർഭാവശിഷ്ടങ്ങളിലും സ്രവങ്ങളിലും രോഗാണു സാന്നിധ്യം ഉയർന്ന തോതിലായിരിക്കും. രോഗാണുബാധയേറ്റ മൃഗങ്ങളുമായും അവയുടെ വിസർജ്യങ്ങൾ, ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മറ്റ് മൃഗങ്ങളിലേക്ക് രോഗം പടരും.
തണുത്തതും നനവാർന്നതുമായ കാലാവസ്ഥയിൽ മണ്ണിൽ ദീർഘനാൾ നാശമൊന്നും കൂടാതെ നിലനിൽക്കാനുള്ള ശേഷി ബ്രൂസെല്ല ബാക്ടീരിയകൾക്കുണ്ട്. ഈജിപ്തിൽ 3000 വർഷത്തോളം പഴക്കമുള്ള ഒരു പിരമിഡിൽനിന്ന് കണ്ടെടുത്ത പാൽകട്ടിയിൽ (ചീസ്) ഗവേഷകർ ബ്രൂസെല്ല മെലിറ്റൻസ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കന്നുകാലികളുടെ രക്തം, പാൽ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനം ഇന്നുണ്ട്. രോഗബാധയുള്ള മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുകയെന്നതാണ് പകർച്ച തടയാനുമുള്ള ഫലപ്രദവുമായ മാർഗം. മരുന്നുപയോഗിച്ച് ബ്രൂസെല്ല രോഗാണുവിന്റെ നിയന്ത്രണം മൃഗങ്ങളിൽ ദുഷ്കരമാണ്.
ശ്രദ്ധിക്കേണ്ടത്
രോഗബാധയുള്ള പശുക്കളുടെയും ആടുകളുടെയും പാൽ അണുവിമുക്തമാക്കാതെ നേരിട്ടും മാംസം ശരിയായി പാകം ചെയ്യാതെയും ഉപയോഗിക്കുന്നത് മനുഷ്യരിലേക്ക് രോഗം കടന്നുകയറാൻ വഴിയൊരുക്കും.
കൂടുകയും കുറയുകയും ചെയ്യുന്ന പനി, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും കാണുന്ന പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പേശി വേദന, രാത്രിയിലെ അമിത വിയർപ്പ്, വേദനയോടുള്ള സന്ധി വീക്കം, വൃഷണത്തിൽ വീക്കം തുടങ്ങിയവ മനുഷ്യനിലെ രോഗലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ ഏറെനാൾ നീണ്ടുനിൽക്കുന്ന രോഗാവസ്ഥയായാണ് മനുഷ്യരിൽ ബ്രൂസെല്ല രോഗം കണ്ടുവരുന്നത്. നേരത്തെ തന്നെ കണ്ടെത്തിയാൽ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുക വഴി മനുഷ്യരിൽ പ്രതിരോധിക്കാൻ സാധിക്കും. പക്ഷേ, ചികിത്സകൾ മാസങ്ങളോളം നീളും.
മൃഗങ്ങളുടെ രക്തം, പാൽ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനം മൃഗസംരക്ഷണവകുപ്പിൽ ലഭ്യമാണ്. രോഗബാധ സംശയിച്ചാൽ സ്ഥിരീകരണത്തിനായി മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെടണം.
തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വെയിൽ കൊള്ളിക്കുകയും വേണം. പാൽ തിളപ്പിച്ചോ അല്ലെങ്കിൽ പാസ്ചുറൈസേഷൻ നടത്തിയോ ഉപയോഗിക്കണം. മാംസം നന്നായി വേവിച്ചതിനുശേഷംമാത്രം ഉപയോഗിക്കണം.
രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽനിന്ന് വളർത്തുമൃഗങ്ങളെ വാങ്ങുന്നത് ഒഴിവാക്കണം.മാരകമായ ഈ ജന്തുജന്യ പകർച്ചവ്യാധിയെ പശുക്കളിൽ നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാങ്ങളിൽ പ്രതിരോധ വാക്സിനേഷനാണ്. പ്രതിരോധ വാക്സിനേഷൻ യജ്ഞം സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. കിടാങ്ങൾക്ക് ഒറ്റത്തവണ കുത്തിവയ്പ് നൽകുന്നതിലൂടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പശുക്കൾക്ക് കൈവരും.
(മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനാണ് ലേഖകൻ)











0 comments