ad
Deshabhimani

print edition വംശഹത്യ 1000 ദിവസം പിന്നിട്ടു; ഗാസയിപ്പോഴും ജീവിച്ചിരിക്കുന്നു

GASA

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്‌തീൻ ബാലന്റെ മൃതദേഹവുമായി വിലപിക്കുന്ന മുത്തച്ഛൻ

വെബ് ഡെസ്ക്

Published on Jul 03, 2026, 12:46 AM | 1 min read

ഗാസ സിറ്റി: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പൂർണ പിന്തുണയോടെ പലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യ 1000 ദിവസം പിന്നിട്ടു. ഇസ്രയേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളിൽ ഗാസാമുനമ്പിന്റെ 90 ശതമാനത്തിലധികം പ്രദേശവും തകർന്നു. 80 ശതമാനത്തോളം പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.


2023 ഒക്ടോബർ ഏഴി-ന് ആരംഭിച്ച ക്രൂരമായ ആക്രമണ പരമ്പരയിൽ ഇതുവരെ 73,066 പേരാണ്‌ കൊല്ലപ്പെട്ടത്. 21,500- കുട്ടികളും 1,022 പിഞ്ചുകുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. 1.74 ലക്ഷത്തി-ലധികം പേർക്ക് പരിക്കേറ്റു. പതിനായിരത്തോളം പേരെ കാണാതായി. 2025 ഒക്ടോബറിൽ വെടിനിർത്തൽ കരാർ വന്നശേഷവും ആയിരത്തിലധികം പേരെ ഇസ്രയേൽ കൊന്നു.


ഹിരോഷിമയേക്കാൾ 
16 മടങ്ങ് മാരകം


ഇസ്രയേൽ ഗാസയിൽ വർഷിച്ചത് 2.23 ലക്ഷം ടൺ സ്ഫോടകവസ്തുക്കളാണ്. രണ്ടാം ലോകയുദ്ധകാലത്ത് 1945ൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിന്റെ പ്രഹരശേഷിയുടെ 16 മടങ്ങുവരുമിത്. 6.80 കോടി ടൺ അവശിഷ്ടങ്ങളാണ് ഗാസയിലുടനീളം കുന്നുകൂടി കിടക്കുന്നത്. യുഎൻ കണക്കനുസരിച്ച് ഇതിൽ അര ശതമാനം മാത്രമാണ് നീക്കാനായത്. ഈ വേഗതയിലാണെങ്കിൽ അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ 140 വർഷമെടുക്കും.


സംഘർഷം നിർത്താനും ഗാസയുടെ പുനർനിർമാണത്തിനുമായി യുഎൻ രക്ഷാസമിതിയുടെ പിന്തുണയോടെ കഴിഞ്ഞ ജനുവരിയിൽ അമേരിക്ക മുൻകൈയെടുത്ത് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' ഇസ്രയേലിന്റെ കടുംപിടുത്തവും കരാർ ലംഘനങ്ങളും കാരണം പൂർണ പരാജയമായി. പ്രതിദിനം അനുവദിക്കുമെന്ന് ഏറ്റ സഹായട്രക്കുകളുടെ മൂന്നിലൊന്നു മാത്രമാണ് ഇസ്രയേൽ കടത്തിവിടുന്നത്. ഗാസയിലെ മനുഷ്യവികസനം 77 വർഷം പിന്നോട്ടുപോയതായും ശരാശരി ആയുസ്സ് 40 വയസ്സായി കുറഞ്ഞതായും യുഎൻ മുന്നറിയിപ്പ് നൽകുന്നു. നാലുലക്ഷത്തോളം പേർ ഒരുനേരംമാത്രമാണ് ആഹാരം കഴിക്കുന്നത്.


ഉയിർപ്പിന്‌ ‘ഫീനിക്സ്'


അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും 90 ശതമാനവും നഷ്ടപ്പെട്ടതിനാൽ തങ്ങൾ പൂർണ്ണമായും അശക്തരാണെന്ന് ഗാസ സിറ്റി മേയർ യഹ്യ അൽ-സർരാജ് പറഞ്ഞു. എങ്കിലും അതിജീവനത്തിനായി പുനർനിർമാണ മാതൃകയായ ‘ഫീനിക്സ് പ്ലാൻ' തയ്യാറാക്കിയിട്ടുണ്ട്. അതിർത്തി തുറന്നാലുടൻ ജനങ്ങൾ സ്വന്തംനിലയിൽ വീടുകൾ നിർമ്മിക്കാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് നാടുവിട്ടാലേ പുനർനിർമാണം അനുവദിക്കൂ എന്ന ഇസ്രയേലിന്റെ ധാർഷ്ട്യം കാരണം അടുത്തഘട്ട ചർച്ച പ്രതിസന്ധിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home