കൊല്ലത്തിന്റെ ജോൺ ബട്ട് ഫ്രം ഹോളിവുഡ്

അമൽ ഷൈജു
Published on Jul 03, 2026, 01:29 AM | 1 min read
കൊല്ലം
മലയാള ഭാഷയ്ക്ക് ഹോളിവുഡ് സിനിമകളിൽ ഇടംനേടിക്കൊടുത്തിരിക്കുകയാണ് കൊല്ലത്തിന്റെ സ്വന്തം ജോൺ കെന്നഡി. ഇറ്റാലിയൻ ടിവി സീരീസായ "അപാർട്‌മെന്റ് സോൾഡ് ഒൗട്ടി'ലാണ് കടവൂർ സ്വദേശി ജോൺ മലയാളം സംസാരിച്ച് അഭിനയിച്ചത്. "സ്‌പൈഡർമാൻ ഫാർ ഫ്രം ഹോം' ഉൾപ്പെടെ ഇരുപത്തഞ്ചിലധികം ഹോളിവുഡ് സിനിമകളിൽ ഇതിനോടകം ഇൗ കൊല്ലംകാരൻ അഭിനയിച്ചു. പത്തുവയസ്സുമുതൽ അഭിനയരംഗത്ത് സജീവമാണ് ജോൺ. 1994– 1995 കാലഘട്ടങ്ങളിൽ പി ജെ രാധാകൃഷ്ണൻ, പി ജെ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ നാടക– സിനിമാ– സീരിയൽ പ്രവർത്തകരുടെ കൂടെ ടെലിഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1997ൽ 17–ാം വയസ്സിലാണ് പഠനത്തിനായി ഇറ്റലിയിലെത്തുന്നത്. പഠനശേഷം ജോലി കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കി. അഭിനയമോഹം ഒപ്പമുണ്ടായിരുന്നതിനാൽ അവസരങ്ങൾ തേടിയലഞ്ഞു. ഒടുവിൽ ഏജന്റുമാർ മുഖേന ചെറിയ അവസരങ്ങൾ കിട്ടി. വിഖ്യാത ഹോളിവുഡ് താരം ക്ലിന്റ് ഇൗസ്റ്റ്‌വുഡിനൊപ്പം 2018ൽ പുറത്തിറങ്ങിയ "ദ 15:17 ടു പാരീസ്' എന്ന സിനിമയിലെ ചെറിയവേഷമാണ് അഭിനയ ജീവിതത്തിലെ പ്രധാന നാഴികക്കല്ല്. മാർവൽ കോമിക്‌സ് കഥാപാത്രമായ സ്‌പൈഡർ-മാൻ സീരിസിൽ 2019ൽ പുറത്തിറങ്ങിയ "സ്‌പൈഡർമാൻ: ഫാർ ഫ്രം ഹോം' സിനിമയിലെ വേഷം ശ്രദ്ധേയമായി. സ്ക്രീനിൽ അധികനേരമില്ലെങ്കിലും മിന്നിമറയുന്ന ആ മുഖം നാടിനാകെ ആവേശമാണ്. ഇറ്റലിയിലെ പ്രമുഖ സംവിധായകാരായ ജൂലിയോ മൻഫ്രഡോണിയ, ഫ്രാൻസിസ്കോ അപ്പോലിനി എന്നിവർചേർന്ന് ഒരുക്കിയ "അപാർട്‌മെന്റ് സോൾഡ് ഒൗട്ട്' സീരീസിൽ നായികയുടെ അച്ഛനായി വേഷമിട്ടു. എന്നാൽ, തനിക്ക് ലഭിച്ച ഡയലോഗിൽ രണ്ടെണ്ണം ഹിന്ദിയിൽ പറയേണ്ടതായിരുന്നു. പഠിച്ചുപറയാൻ ശ്രമിച്ചപ്പോൾ ശരിയാകുന്നില്ലെന്ന് കണ്ടതോടെ മാതൃഭാഷയിൽ അവതരിപ്പിക്കട്ടെയെന്ന് സംവിധായകരോട് ചോദിച്ചു. ഒടുവിൽ അവരുടെ സമ്മതംകൂടി ലഭിച്ചതോടെ വിദേശസിനിമയിൽ മലയാളത്തിൽ സംസാരിച്ച് അഭിനയിക്കുകയെന്ന അപൂർവ ഭാഗ്യം ജോൺ കെന്നഡിക്ക് ലഭിക്കുകയായിരുന്നു. കാർലോ ആക്യൂട്ടീസ് എന്ന വിശുദ്ധന്റെ ജീവിതചരിത്രം പറയുന്ന "ല വിറ്റ ഡി കാർലോ' എന്ന ഇറ്റാലിയൻ സിനിമയാണ് ജോണിന്റേതായി പുറത്തിറങ്ങാനുള്ളത്. സെപ്തംബറിൽ റീലിസിനെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയവേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്ന് ജോൺ കെന്നഡി പറഞ്ഞു.










0 comments