7-ന് ഹെഡ് പോസ്റ്റ്ഓഫീസ് മാർച്ച്
മോട്ടോർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്


സ്വന്തം ലേഖകൻ
Published on Jul 03, 2026, 01:30 AM | 1 min read
കൊല്ലം
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവും കാരണം തകർന്നടിഞ്ഞ മോട്ടോർ വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ ഏഴി-ന് കൊല്ലം ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സർക്കാർ അധിക നികുതി കുറച്ചാൽ മൂന്ന് രൂപവരെ ഡീസലിന് വില കുറയ്ക്കാൻ കഴിയുമെന്ന് കോൺഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡീസലിന് ലിറ്ററിന് 80രൂപ വിലയുള്ളപ്പോഴാണ് ഓട്ടോ -ടാക്സി ചാർജ് വർധിപ്പിച്ചത്. 104 രൂപയായിട്ടും ഓട്ടോ- ടാക്സി ചാർജ് പുതുക്കി നിശ്ചയിച്ചിട്ടില്ല. ഇത് ഉടൻ പുതുക്കി നിശ്ചയിക്കണം. ചരക്ക് കടത്ത് വാടക വർധിപ്പിച്ച് ഏകീകരിച്ച് നടപ്പാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ അന്തിമ റിപ്പോർട്ട് ഉടൻ നടപ്പാക്കണം. ഫെയർ വേജസ് പുതുക്കി നിശ്ചയിച്ച് ഫെയർ വേജസ് കമ്മിറ്റി നൽകിയ റിപ്പോർട്ട് നടപ്പാക്കണം. മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതി തകർക്കാനുള്ള ചില തൽപ്പര കക്ഷികളുടെ നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റി ശിക്ഷിക്കുന്ന മാനേജ്‌മെന്റ് നടപടി അവസാനിപ്പിക്കണം, ടിപ്പർ ലോറികൾക്കുള്ള സ്‌കൂൾ സമയനിയന്ത്രണം ഒരു മണിക്കൂറായി ഏകീകരിക്കണം, ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർക്കെതിരെയുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം തുടങ്ങി മോട്ടോർ തൊഴിലാളികളും വ്യവസായവും നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. സമരത്തിന് ജില്ലയിലെ എല്ലാ തൊഴിലാളികളും അണിനിരക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ സേതുമാധവൻ, എം എസ് മുരളി, കെ അനിൽകുമാർ, ഇ ദിലീപ് എന്നിവർ പങ്കെടുത്തു.










0 comments