ad
Deshabhimani

മെസി രാജന്‍ മൈതാനത്തെ 
പടക്കുതിര

മെസി രാജന്‍
വെബ് ഡെസ്ക്

Published on Jul 03, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ മികച്ചപ്രകടനത്തിൽ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ‘മെസ്സി രാജനും’ പൊരിഞ്ഞ ആവേശത്തിലാണ്. അര്‍ജന്റീനതന്നെ ഇക്കുറിയും കപ്പുനേടുമെന്ന് ഉറപ്പിച്ചുപറയുന്ന രാജന് ഫുട്‌ബോൾ എന്നെന്നും ലഹരിയാണ്‌. 64ാം വയസിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ടൂർണമെന്റുകളിൽ പങ്കെടുക്കാറുമുണ്ട്‌ രാജൻ. മടുക്കാത്തകാട്ടുകുളങ്ങര കുതിരക്കാളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന എ വി രാജന്‌ ‘മെസ്സി രാജൻ’ എന്ന പേരുവന്നതിലുമുണ്ട്‌ ഒരു കഥ. ഫുട്ബോള്‍ ഇതിഹാസം മെസ്സിയോടുള്ള ഒടുങ്ങാത്ത ആരാധനയാണ് രാജനെ മെസ്സി രാജനാക്കിയത്‌. മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിൽ അറ്റന്‍ഡറാണ്‌ രാജന്‍. കഴിഞ്ഞതവണ അര്‍ജന്റീന കപ്പുനേടിയപ്പോള്‍ ആശുപത്രിയിലെ എല്ലാവർക്കും മധുരം വിതരണംചെയ്‌തിരുന്നു. ഇത്തവണ കപ്പ്‌ കിട്ടിയാൽ പായസവിതരണം നടത്തുമെന്നാണ്‌ രാജന്റെ പ്രഖ്യാപനം. അത്രയ്‌ക്കും വലുതാണ്‌ രാജന്‌ ഫുട്‌ബോൾ ആവേശം. നാലാംക്ലാസുവരെ മാവുങ്കാല്‍ രാംനഗര്‍ സ്‌കൂളിലും അഞ്ചാംതരംതൊട്ട് പത്താംതരംവരെ കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളിലും പഠനം നടത്തിയ രാജന് കുട്ടിക്കാലംമുതലേ ഫുട്ബോള്‍ കന്പമുണ്ടായിരുന്നു. അന്നേ ഒരര്‍ജന്റീനക്കാരനാണ്‌. അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെയും കടുത്ത ആരാധകനാണ്‌. സ്‌കൂള്‍കാലംമുതൽ മൈതാനത്ത്‌ പന്തുതട്ടി താരവുമായി. പിന്നീട് നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോള്‍ കളിക്കാരനായി. ജില്ലയില്‍ വിവിധ ക്ലബുകള്‍ സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ടൂര്‍ണമെന്റുകളിലടക്കം പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയുംചെയ്തു. 50–ലധികം സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന്‌ രാജന്‍ പറഞ്ഞു. മൈതാനത്തെ ചടുലമാക്കിയ താരംകൂടിയാണ്‌. മികച്ച കളിക്കാരനുള്ള ട്രോഫികള്‍ ലഭിച്ചിട്ടുണ്ട്‌. കാട്ടുകുളങ്ങരയിലെ പ്രഭാത് ക്ലബിനുവേണ്ടിയാണ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നത്. 10 വര്‍ഷംമുമ്പ് രാവണീശ്വരം പൊടിപ്പള്ളത്തുനടന്ന ടൂര്‍ണമെന്റില്‍ രാജന്‍ നയിച്ച ടീമാണ്‌ വിജയിച്ചത്. ഇപ്പോഴും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാറുണ്ട്. 10ാം ക്ലാസ് പഠനത്തിനുശേഷം തയ്യല്‍ജോലി ചെയ്തു. പിന്നീട് ഗള്‍ഫില്‍പോയി പല ജോലിയുംനോക്കി. 10വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയാണ്‌ സഞ്ജീവനി ഹോസ്പിറ്റലില്‍ ജോലിക്കുകയറിയത്‌. ഭാര്യ മീനയും മക്കളായ അജയനും അപര്‍ണയുമടങ്ങുന്നതാണ് രാജന്റെ കുടുംബം. അപര്‍ണ കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസസ്ഥാപനത്തില്‍ താല്‍ക്കാലിക അധ്യാപികയാണ്. കോളേജ് വിദ്യാര്‍ഥിയാണ്‌ അജയൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home