സിസിആർസിയിൽ ഓപ്പറേഷൻ തിയറ്റർ പ്രവർത്തിച്ചു തുടങ്ങി

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ
കളമശേരി
മുൻ എൽഡിഎഫ് സർക്കാർ 450 കോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ (സിസിആർസി)യിൽ ഓപ്പറേഷൻ തിയറ്റർ പ്രവർത്തിച്ചു തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ 6.3 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സിസിആർസി കെട്ടിടസമുച്ചയം നാടിന് സമർപ്പിച്ചത്. മികച്ച സംവിധാനങ്ങളൊരുക്കിയിട്ടും അതിന്റെ ഗുണം ജനങ്ങളിലെത്തിക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കാനോ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിക്കാനോ കഴിഞ്ഞിട്ടില്ല.
റോബോട്ടിക് സർജറി സൗകര്യത്തോടെ 12 ഓപ്പറേഷൻ തിയേറ്ററുകളാണ് ആശുപത്രിയിലുള്ളത്. അതിലൊന്നാണ് പ്രവർത്തനം തുടങ്ങിയത്. ഉടനെതന്നെ നാല് തിയേറ്ററുകൾകൂടി പ്രവർത്തിപ്പിക്കുമെന്ന് ഡയറക്ടർ ഡോ.പി ജി ബാലഗോപാൽ പറഞ്ഞു. ഐസിയു ഉൾപ്പെടെ 451 കിടക്കകളുള്ള ആശുപത്രിയൽ 16 ലിഫ്റ്റുകൾ, 550 കാറുകൾക്ക് പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. മറ്റ് കാൻസർ സെന്ററുകളിൽനിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററുമുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി പൂർണമായും സോളാർ സംവിധാനത്തിലാണ്.
എന്നാൽ ഇത്തരം മികച്ച സൗകര്യങ്ങൾ രോഗികളിലെത്തിക്കാൻ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. നേരത്തെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴുണ്ടായിരുന്ന 31 ജീവനക്കാരാണ് നിലവിലുള്ളത്. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 173 തസ്തിക എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചിരുന്നു. ഇതിൽ ഒരു നിയമനം പോലും ഇതുവരെ നടന്നിട്ടില്ല. കിടപ്പുരോഗികൾക്ക് ഹൃദ്‌രോഗംപോലുള്ള അടിയന്തരഘട്ടങ്ങളിൽ തൊട്ടടുത്ത മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാൻ സ്വന്തമായി ആംബുലൻസ് സൗകര്യമില്ല എന്നതും പോരായ്മയാണ്. കോടികൾ മുടക്കി നിർമിച്ച ആശുപത്രി സൗകര്യങ്ങൾ മധ്യകേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്പെടാൻ അടിയന്തരമായി തസ്തികകൾ സൃഷ്ടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments