print edition സബാഷ് സ്പാനിഷ്

Photo Credit:FIFA
ലൊസ് ആഞ്ചലസ്: ഒടുവിൽ സ്‌പാനിഷ് നിരയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ലോകകപ്പ് ഫുട്‌ബോളിൽ ഓസ്‌ട്രിയയെ മൂന്ന് ഗോളിന് തോൽപ്പിച്ച് സ്‌പെയ്‌ൻ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. അപരാജിതരായാണ് മുന്നേറ്റം.
നാല് കളിയിൽ -ഒറ്റ ഗോളും വഴങ്ങിയില്ല. ഇരട്ടഗോളുമായി മിക്കേൽ ഒയർസബാൽ ഒരിക്കൽക്കൂടി സ്‌പാനിഷ് നിരയിലെ തിളങ്ങുന്ന കണ്ണിയായി. ലോകകപ്പിൽ നാല് ഗോളായി ഇരുപത്തൊന്പതുകാരന്. സ്‌പെയ്‌നിന് വേണ്ടി അവസാന 16 കളിയിൽ 17 ഗോൾ. ഓസ്‌ട്രിയക്കെതിരെ പ്രതിരോധക്കാരൻ പെഡ്രോ പോറോയുടെ വകയായിരുന്നു മറ്റൊരു ഗോൾ.
2010ൽ ലോക ജേതാക്കളായശേഷം നോക്കൗട്ടിൽ ഒരു കളിയും ജയിക്കാൻ സ്‌പെയ്‌നിന് കഴിഞ്ഞിരുന്നില്ല. 2014ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ 2018ലും 2022ലും പ്രീ ക്വാർട്ടറിൽ മടങ്ങി. 1994നുശേഷം ആദ്യമായി നോക്കൗട്ടിൽ ഒരു ഗോളിൽ കൂടുതൽ നേടുകയും ചെയ്‌തു.
ഓസ്‌ട്രിയക്കെതിരെ പൂർണ നിയന്ത്രണമായിരുന്നു. ഒയർസബാൽ ഓരോ നിമിഷവും ഭീഷണി ഉയർത്തി. അലെക്‌സ് ബയേനയും മാർക് കുകുറെല്ലയും അതിവേഗ നീക്കങ്ങളുമായി സ്‌പെയ്‌നിന് ഉൗർജം പകർന്നു.
ആദ്യഘട്ടത്തിൽ സൂപ്പർ താരം ലമീൻ യമാലിന്റേത് ഉൾപ്പെടെ നാല് ഷോട്ടുകൾ തടഞ്ഞ ഓസ്‌ട്രിയൻ ഗോൾകീപ്പർ അലെക്‌സാണ്ടർ ഷ്‌ളാഗറാണ് സ്‌പാനിഷ് ഗോളടി തടഞ്ഞത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് കുകുറെല്ലയുടെ ക്രോസിൽ ഒയർസബാൽ ഗോൾമുഖത്ത്‌നിന്ന് അടിതൊടുത്തു. ഷ്‌ളാഗർക്ക് അനങ്ങാൻ പോലുമായില്ല.
ഇടവേളയ്‌ക്കുശേഷവും സ്‌പെയ്‌ൻ ആക്രമണം നിർത്തിയില്ല. ഡാനി ഓൽമോയിൽനിന്നായിരുന്നു രണ്ടാമത്തെ ഗോളിന്റെ തുടക്കം. ഓൽമോ കുകുറെല്ലയിലേക്ക്. സ്‌പാനിഷ് പ്രതിരോധക്കാരൻ ഇടതുമൂലയിൽ ബയേനയെ കണ്ടു. പിന്നാലെ ഗോൾമുഖത്ത് ക്രോസ്. പോറോയ്‌ക്ക് തലവയ്‌ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
ഗോൾ നേടാനായില്ലെങ്കിലും പതിനെട്ടുകാരൻ യമാലും കളിയിൽ തിളങ്ങി. ഗോളെന്നുറച്ച ഷോട്ട് ഓസ്‌ട്രിയൻ പ്രതിരോധക്കാരൻ ഡേവിഡ് അലാബ വരയ്‌ക്ക് മുന്നിൽ കാൽവച്ച് തടഞ്ഞു. ബയേനയുടെ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചതിന് പിന്നാലെയായിരുന്നു യമാലിന്റെ നീക്കം.
കളിയുടെ അവസാന ഘട്ടത്തിൽ ഒയർസബാൽ പട്ടിക പൂർത്തിയാക്കി. കുകുറെല്ലയാണ് അവസരമൊരുക്കിയത്. 23 ഷോട്ടുകളാണ് സ്‌പെയ്‌ൻ ആകെ തൊടുത്തത്. ഇതിൽ 10 എണ്ണം ലക്ഷ്യത്തിലേക്ക്.










0 comments