ad
Deshabhimani

 മൂവാറ്റുപുഴ നഗരസഭ സെക്രട്ടറിയെ ചെയർപേഴ്‌സൺ അവഹേളിച്ചു

muvattupuzha

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നഗരസഭ സെക്രട്ടറി 
എച്ച് സിമിയെ എൽഡിഎഫ് കൗൺസിലർമാർ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 03:17 AM | 2 min read

മൂവാറ്റുപുഴ


യുഡിഎഫ്‌ നേതൃത്വത്തിലുള്ള മൂവാറ്റുപുഴ നഗരസഭയിൽ സെക്രട്ടറി എച്ച് സിമിയെ ജീവനക്കാരുടെ യോഗത്തിനിടെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പരസ്യമായി അവഹേളിച്ച് അപമാനിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ സെക്രട്ടറിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴം പകൽ ഒന്നരയോടെ നഗരസഭ മിനി കോൺഫറൻസ് ഹാളിലാണ് സംഭവം.


ജീവനക്കാരുടെ യോഗമെന്ന് പറഞ്ഞ്‌ സെക്രട്ടറിയെ വിളിച്ചുവരുത്തുകയായിരുന്നു. വൈസ് ചെയർമാൻ പി എം അബ്ദുൽസലാം സ്വാഗതം പറഞ്ഞപ്പോൾ സെക്രട്ടറിയുടെ യാത്രയയപ്പ് യോഗമാണെന്ന് അറിയിച്ചു. നഗരസഭയിൽ താൽക്കാലിക ജീവനക്കാരിയെ മാറ്റിയതും പിഎസ്‌സി വഴി പുതിയ ലൈബ്രേറിയന് നിയമനം ലഭിച്ചപ്പോൾ നിലവിലുള്ള ലൈബ്രേറിയനെ മാറ്റിയതും സെക്രട്ടറിയാണെന്ന് ചെയർപേഴ്സൺ ആരോപിച്ചു. എന്നാൽ ഇക്കാര്യങ്ങളൊന്നും സെക്രട്ടറി നടത്തിയിട്ടില്ലായിരുന്നു. സ്ഥിരംസമിതി ചെയർപേഴ്സൺ സി എം ഷുക്കൂറും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തനിക്കെതിരെ സംസാരിച്ചതായി സെക്രട്ടറി പറഞ്ഞു. കളമശേരി നഗരസഭയിലേക്ക് സ്ഥലം മാറുന്നതിന് സെക്രട്ടറിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി ചാർജ് എടുക്കാത്തതിനാലാണ് സിമി മാറാത്തത്.


നിയമാനുസൃതമല്ലാത്ത ഫയലുകളിൽ ഒപ്പിടാത്തതിലുളള വിരോധമാണ് ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി എം ഷുക്കൂർ, ജിനു ആന്റണി എന്നിവർ തനിക്കെതിരെ നീക്കം നടത്തുന്നതെന്ന് സെക്രട്ടറി പറഞ്ഞു. ജീവനക്കാരുമായി നല്ല രീതിയിൽ ഇടപെടുന്ന സെക്രട്ടറിയെ പരസ്യമായി അവഹേളിക്കുകയായിരുന്നു. സംഭവത്തിൽ ജീവനക്കാരിലും പ്രതിഷേധമുയർന്നിട്ടുണ്ട്‌.


ഓഫീസ് മുറിയിൽ സെക്രട്ടറിയെ കാണാൻ ജീവനക്കാർ എത്തിയെങ്കിലും ചെയർപേഴ്സൺ അവരെ ഭീഷണിപ്പെടുത്തി പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഇതിൽ മാനസിക ബുദ്ധിമുട്ടും ശാരീരികാസ്വാസ്ഥ്യവുമുണ്ടായതോടെ സെക്രട്ടറിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പിന്നീട്‌ വിദഗ്‌ധ പരിശോധനയ്‌ക്കായി എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. ചെയർപേഴ്സന്റെ ആക്ഷേപത്തിനും അപമാനിച്ചതിനുമെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് എച്ച് സിമി പറഞ്ഞു. 


എൽഡിഎഫ് കൗൺസിലർമാരും നേതാക്കളും ആശുപത്രിയിലെത്തി സെക്രട്ടറിയെ സന്ദർശിച്ചു.

തനിക്കും കുടുംബത്തിനും 
എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി 
ചെയർപേഴ്സൺ: സെക്രട്ടറി


മൂവാറ്റുപുഴ

തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി നഗരസഭ ചെയർപേഴ്സൺ ആയിരിക്കുമെന്ന് സെക്രട്ടറി എച്ച് സിമി പറഞ്ഞു. നിയമപരമല്ലാത്ത കാര്യങ്ങളിൽ കൂട്ടുനിൽക്കാത്തതും അനധികൃതമായ  ഫയലുകളിൽ ഒപ്പിട്ട് നൽകാത്തതുമാണ് തനിക്കെതിരെ നാളുകളായി  ഭീഷണിപ്പെടുത്തലും അവഹേളിക്കലും തുടരുന്നതിന് കാരണം.


രണ്ട് സ്ഥിരംസമിതി അധ്യക്ഷൻമാർ ഉൾപ്പെടെ ചിലർ ഇതിനുപിന്നിലുണ്ട്. മാന്യമായി ജോലി ചെയ്യാൻ അനുവദിക്കാതെ ചെയർപേഴ്സൺ മാനസികസമ്മർദത്തിലാക്കുകയായിരുന്നുവെന്നും സെക്രട്ടറി എച്ച് സിമി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home