ഫ്യൂച്ചർ കേരള മിഷൻ പഠനറിപ്പോർട്ട്
നഗരജലാശയങ്ങളിൽ വൻതോതിൽ ഇ കോളി ബാക്ടീരിയ


സ്വന്തം ലേഖകൻ
Published on Jul 03, 2026, 03:02 AM | 1 min read
കൊച്ചി
നഗരത്തിലെ ജലാശയങ്ങളിൽ വൻതോതിൽ ഇ -കോളി ഉൾപ്പെടെ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യമുള്ളതായി പഠനറിപ്പോർട്ട്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷനാണ് പഠനം നടത്തിയത്. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യം ഉൾപ്പെടെ ജലാശയങ്ങളിലേക്ക് എത്തുന്നതാണ് കാരണം. കാക്കനാട് ഫെറി ടെർമിനൽ, ആറാട്ടുകടവ് വാക്ക്‌വേ, ചമ്പക്കര കനാൽ വ്യൂപോയിന്റ്, തുതിയൂർ വെട്ടുവേലി ഫെറി, വൈറ്റില വാട്ടർ മെട്രോ, പോക്കാലി പാർക്ക് ബണ്ട് റോഡ് എന്നീ കേന്ദ്രങ്ങളിൽനിന്നുള്ള വെള്ളമാണ് പഠനവിധേയമാക്കിയത്.
മേയ്, ജൂൺ മാസങ്ങളിൽ ശേഖരിച്ച് പരിശോധനക്കയച്ച എല്ലാ സാമ്പിളുകളും മൈക്രോബയോളജിക്കൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൂർണ പരാജയമാണെന്ന് റിപ്പോർട്ട് പറയുന്നു. ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം വലിയ തോതിലുണ്ട്. തുതിയൂർ വെട്ടുവേലി ഫെറിയിൽനിന്ന് ശേഖരിച്ച സാമ്പിളിൽ രക്തത്തിൽ അണുബാധയ്ക്ക് കാരണമാകുന്ന സ്ട്രെപ്റ്റോകോക്കി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി.
ചിലവന്നൂർ ബണ്ട് റോഡിന് സമീപമുള്ള പോക്കാലി പാർക്കിൽ വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഖരമാലിന്യങ്ങളുടെ അളവ് അപകടകരമായ നിലയിലാണ്. വെള്ളം ഗാർഹിക ആവശ്യങ്ങൾക്കോ വിനോദങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണെന്നാണ് പഠനം.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഔട്ട്‌ഡോർ ബാത്തിങ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം. എൻഎബിഎൽ അംഗീകാരമുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയതെന്ന് ജെയിൻ സർവകലാശാലയിലെ സെന്റർ ഓഫ് റിസർച്ച് ഇൻ മറൈൻ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിജിത്ത് മുരളീധരൻ പറഞ്ഞു. പരിശോധന തുടരുമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർപേഴ്സൺ പ്രൊഫ. വേണു രാജാമണി പറഞ്ഞു.











0 comments