print edition ലൈക്കൻ പ്ലാനസ്

ഡോ. അനുരാധ കാക്കനാട്ട്ബാബു
Published on Oct 24, 2026, 01:33 AM | 2 min read
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും അവഗണിക്കുന്ന എന്നാൽ ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ലൈക്കൻ പ്ലാനസ് (Lichen Planus). ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലെ വ്യതിയാനങ്ങൾമൂലം ചർമത്തിലും ശ്ലേഷ്മപാളികളിലും നീർവീക്കമുണ്ടാക്കുന്ന അവസ്ഥയാണിത്. പകർച്ചവ്യാധിയല്ലെങ്കിലും രോഗികളിൽ കടുത്ത ശാരീരിക അസ്വസ്ഥതകളും മാനസികപ്രയാസങ്ങളും ഉണ്ടാക്കാറുണ്ട്. ചില കോസ്മെറ്റിക് ഉൽപ്പന്നങ്ങളും ഹെയർഡൈകളും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
ശരീരത്തിൽ സംഭവിക്കുന്നത്
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലുള്ള ടി– ലിംഫോസൈറ്റുകൾ തെറ്റായ രീതിയിൽ ചർമത്തിന്റെ ഏറ്റവും അടിയിലുള്ള പാളിയായ ബേസിൽലെയറിനെ ലക്ഷ്യമിട്ട് ആക്രമിക്കുന്നതാണ് ഇൗ രോഗാവസ്ഥയ്ക്ക് കാരണം. ഇത് ചർമകോശങ്ങളിൽ കടുത്ത വീക്കത്തിനും കേടുപാടുകൾക്കും കാരണമാകുന്നു. ചർമം, വായയുടെ ഉൾവശത്തെ ശ്ലേഷ്മപാളി, ജനനേന്ദ്രിയ ഭാഗങ്ങൾ, നഖങ്ങൾ, ചിലപ്പോൾ ശിരോചർമത്തിലെ മുടി എന്നിവയെയും ബാധിക്കാം.
രോഗവ്യാപനം
ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ ഏകദേശം 0.5 മുതൽ ഒരു ശതമാനംവരെ ആളുകളെ ലൈക്കൻ പ്ലാനസ് ബാധിക്കുന്നുണ്ട്. പ്രധാനമായും മധ്യവയസ്കരെയാണ് കൂടുതലായി ബാധിക്കുന്നത്. പുരുഷന്മാരിലും കാണുന്നുണ്ടെങ്കിലും താരതമ്യേന സ്ത്രീകൾക്കാണ് ഇൗ രോഗം വരാൻ അൽപ്പംകൂടി സാധ്യതയുള്ളത്. ജനിതക കാരണങ്ങളുമുണ്ട്.
ഇനങ്ങൾ
ലൈക്കൻ പ്ലാനസിൽ പല വകഭേദങ്ങളുണ്ട്. ഓരോന്നിന്റെയും ലക്ഷണങ്ങൾ
1. ക്ലാസിക്കൽ ലൈക്കൻ പ്ലാനസ്: ചർമത്തിൽ അതിശക്തമായ ചൊറിച്ചിലുണ്ടാക്കുന്ന, നേരിയ പർപ്പിൾ നിറത്തിലുള്ള തടിപ്പുകൾ കാണപ്പെടുന്നു. പ്രധാനമായും കൈകാലുകളിലാണ് കാണുന്നത്. പെട്ടെന്ന് ശരീരം മുഴുവൻ വ്യാപിക്കാനും സാധ്യതയുണ്ട്.
2. ഓറൽ ലൈക്കൻ പ്ലാനസ്: വായയുടെ ഉൾവശം, മോണ, നാവ് എന്നിവിടങ്ങളിൽ വെളുത്ത പ്ലേറ്റുകളോ വ്രണങ്ങളോ ഉണ്ടാകുന്നു. എരിവുള്ള ഭക്ഷണം കഴിക്കാൻ കഴിയാത്തവിധം കടുത്ത പുകച്ചിൽ പ്രധാന ലക്ഷണമാണ്.
3. ലൈക്കൻ പ്ലാനസ് പിഗ്മെന്റോസസ്: ചില കോസ്മെറ്റിക്സ്, ഹെയർഡൈകൾ തുടങ്ങിയവ ചർമത്തിൽ ഉപയോഗിക്കുന്നതു വഴി ചർമത്തിൽ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. ഇത് വ്യാപകമാണ്.
4. നഖങ്ങളെ ബാധിക്കുന്ന അവസ്ഥ: കൈകാലുകളിലെ നഖങ്ങളുടെ ഘടനമാറി വരണ്ടതാകുക, പൊട്ടുക, വരകൾ വീഴുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
5. ആക്ടിനിക് ലൈക്കൻ പ്ലാനസ്: സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ഭാഗങ്ങളിൽമാത്രം കാണുന്ന ലൈക്കൻ പ്ലാനസിന്റെ മറ്റൊരു വകഭേദമാണ് ഇവ.
6. ബുള്ളസ് ലൈക്കൻ പ്ലാനസ്: ചിലപ്പോൾ ഇത് കുമിളകൾ ഉണ്ടാക്കുന്ന രോഗമായും കാണാറുണ്ട്.
കാരണങ്ങൾ
• അണുബാധകൾ: ഹെപ്പറ്റൈറ്റിസ് സി, കോവിഡിന് ശേഷമുള്ള അവസ്ഥകൾ, വൈറൽ പനികൾ എന്നിവ ലൈക്കൻ പ്ലാനസിന് കാരണമാകാം.
• മാനസികസമ്മർദം: സമ്മർദംമാത്രമായി രോഗം ഉണ്ടാക്കില്ലെങ്കിലും ഉള്ള രോഗാവസ്ഥയുടെ ചൊറിച്ചിലും ബുദ്ധിമുട്ടുകളും വർധിപ്പിക്കാൻ ഇത് കാരണമാകും.
• മരുന്നുകൾ: രക്തസമ്മർദത്തിനുള്ള ചില മരുന്നുകൾ, മലേറിയ പ്രതിരോധ മരുന്നുകൾ, ആന്റി -ഇൻഫ്ലമേറ്ററി മരുന്നുകൾ എന്നിവ "ലൈക്കനോയിഡ് ഡ്രഗ് എറപ്ഷൻ' ഉണ്ടാക്കാം.
ചികിത്സ
ലൈക്കൻ പ്ലാനസ് എന്നത് പൂർണ രോഗശമനം സാധ്യമാകണമെന്നില്ല. എന്നാൽ ചികിത്സയിലൂടെ നിയന്ത്രണത്തിൽ കൊണ്ടുവരാം.
രോഗം വർധിപ്പിക്കുന്ന മരുന്നുകളോ കോസ്മെറ്റിക്സോ പൂർണമായി ഒഴിവാക്കണം.
തീവ്രതയനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളും ലേപനങ്ങളും ചൊറിച്ചിൽ മാറാൻ ആന്റിഹിസ്റ്റാമിനുകളും നൽകുന്നു.
ശീലങ്ങളും ഭക്ഷണക്രമവും
• ഭക്ഷണം: എരിവുള്ള ഭക്ഷണങ്ങൾ, പുകയില, മദ്യം എന്നിവ ഓറൽ ലൈക്കൻ പ്ലാനസ് ഉള്ളവരിൽ വായയിലെ പുകച്ചിലും അസ്വസ്ഥതകളും വർധിപ്പിക്കും. അതിനാൽ ഇവ പൂർണമായും ഒഴിവാക്കുക.
• ചർമസംരക്ഷണം: കുളിച്ചതിനുശേഷം മൃദുവായ മോയ്സ്ചറൈസർ ഉപയോഗിക്കുക. ചർമം ഉരസി കഴുകുകയോ ചൊറിയുകയോ ചെയ്യരുത്. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക.
വായ ശുചിത്വത്തോടെ സൂക്ഷിക്കുക. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ അവഗണിക്കാതെ ചർമരോഗവിദഗ്ധനെ കണ്ട് ചികിത്സതേടുക എന്നത് അതിപ്രധാനമാണ്.
(കൊച്ചി ആസ്റ്റർമെഡ്സിറ്റി ഡെർമറ്റോളജി ആൻഡ് വെനീറോളജി സീനിയർ കൺസൾട്ടന്റ് ആണ് ലേഖിക)






0 comments