print edition ഹ്യൂമൻ പാപ്പിലോമ വൈറസ്

ഡോ. കീർത്തി പ്രഭ
Published on Apr 24, 2026, 10:58 AM | 2 min read
ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി ) ഭീഷണി ഉയർത്തുന്ന ഒരു വൈറസാണ്. ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു വൈറസ് എങ്ങനെയാണ് ക്യാൻസറായി മാറുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി അറിയേണ്ടത് ആരോഗ്യപരമായ ഒരു സമൂഹത്തിന് അനിവാര്യമാണ്.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ജീവിതത്തിന് ഭീഷണിയായ രോഗങ്ങളിൽ ഒന്നാണ് ഗർഭാശയഗള ക്യാൻസർ. ഓരോ വർഷവും നിരവധി സ്ത്രീകളെ ഈ രോഗം കീഴടക്കുന്നു. ഇത് സ്ത്രീകളിൽ കാണുന്ന ഏറ്റവും സാധാരണമായ അർബുദങ്ങളിൽ നാലാമത്തേതാണ്.
ശരിയായ സമയത്ത് പ്രതിരോധിച്ചാൽ ഈ ക്യാൻസറിനെ പൂർണമായും ഒഴിവാക്കാനാകും. അതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ.
ലൈംഗികബന്ധത്തിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ പടരുന്ന സാധാരണമായ വൈറസാണ് എച്ച്പിവി . 90 ശതമാനം ഗർഭാശയഗള ക്യാൻസറുകളും ഈ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഇതിനെതിരെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് പ്രതിരോധ വാക്സിൻ നൽകാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭൂരിഭാഗം ആളുകളിലും ഈ വൈറസ് കാര്യമായ രോഗങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ചില പ്രത്യേകതരം എച്ച്പിവി വൈറസുകൾ സ്ത്രീകളിൽ ഗർഭാശയഗള ക്യാൻസറിനും, പുരുഷന്മാരിലും സ്ത്രീകളിലും മറ്റ് ചില ക്യാൻസറുകൾക്കും കാരണമാകാം.
ഇരുനൂറിലധികം
ഇരുനൂറിലധികം ഹ്യൂമൻ പാപ്പിലോമ വൈറസുകളുണ്ട്. ഇതിൽ 40-ൽഅധികം തരം ലൈംഗിക സമ്പർക്കത്തിലൂടെ പടരുകയും മലദ്വാരത്തെയും ജനനേന്ദ്രിയത്തെയും ബാധിക്കുകയും ചെയ്യാം. പല പൊതുജനാരോഗ്യ സംഘടനകളും എച്ച്പിവി ബാധ കണ്ടെത്താനായി നേരിട്ടുള്ള പരിശോധനകൾ നടത്തുന്നുണ്ട്. ഇത്തരം സ്ക്രീനിങ്ങുകൾ രോഗം തുടക്കത്തിൽത്തന്നെ തിരിച്ചറിയാനും, മികച്ച ചികിത്സ നൽകാനും സഹായിക്കുന്നു.
പകർച്ച, ലക്ഷണങ്ങൾ
വാക്സിനേഷൻ എടുക്കാത്ത മുതിർന്നവരിൽ 80 ശതമാനംപേർക്കും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ എച്ച്പിവി പിടിപെടാം. മിക്കതും അദൃശ്യമായതിനാൽ പങ്കാളികൾ അനിവാര്യമായും അത് പങ്കിടും. ലൈംഗിക ബന്ധത്തിനിടയിൽ ചർമത്തിൽനിന്ന് ചർമത്തിലേക്ക് വൈറസ് പടരാം. ഒന്നിലധികം ലൈംഗിക പങ്കാളികൾ, പുകവലി, എയ്‌ഡ്‌സ് ബാധിതർ, ഡയാലിസിസ് രോഗികൾ, അവയവം മാറ്റിവച്ച രോഗികൾ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറയുന്ന അസുഖങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ അപകട ഘടകങ്ങൾ.
മിക്ക ആളുകളിലും, എച്ച്പിവി നിരുപദ്രവകരമാണ്, രോഗലക്ഷണങ്ങളുണ്ടാക്കുന്നില്ല. ചിലരിൽ, എച്ച്പിവി ജനനേന്ദ്രിയ അരിമ്പാറകൾക്കോ അസാധാരണ കോശ വളർച്ചയ്‌ക്കോ കാരണമാകും. ശരീരത്തിൽ വർഷങ്ങളോളം, ചിലപ്പോൾ പതിറ്റാണ്ടുകളോളം, രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാതെയോ പരിശോധനകളിലൂടെ കണ്ടെത്താതെയോ വൈറസ് നിദ്രയിൽ തുടരാൻ സാധ്യതയുണ്ട്.
സാധാരണയായി ഈ വൈറസ് പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് അണുബാധ രൂപേണ വരികയും പിന്നീട് ക്യാൻസർ ആയി മാറുകയും ആണ് ചെയ്യുന്നത്. പുരുഷന്മാരിൽ, ലിംഗത്തിലും വൃഷണസഞ്ചിയിലും ഇവ പ്രത്യക്ഷപ്പെടാം. ഗർഭിണിയിൽനിന്ന് കുഞ്ഞിലേക്കും രോഗം പകരാൻ സാധ്യതയുണ്ട്.










0 comments