അഭിഭാഷകന്റെ നിയമനത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന, രാജിയിൽ ഒതുക്കി തീർക്കാനാകില്ല: പി രാജീവ്

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുൻ നിയമ മന്ത്രി പി രാജീവ്. അതുകൊണ്ടുതന്നെ ഈ വിഷയം ഒരു രാജിയിൽ ഒതുക്കി തീർക്കാനാകില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ആസൂത്രിതമായ നീക്കമാണ്. രാജി കൊണ്ട് അവസാനിക്കുന്ന പ്രശ്നമായി മാത്രം കാണരുത്. രാജി എന്നു പറയുന്നതും കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. ചാർജ് എടുത്തിട്ടില്ല എന്നാണെങ്കിൽ ഓർഡർ റദ്ദാക്കിയാൽ മതിയായിരുന്നു. എന്നാൽ ചാർജെടുത്തതുകൊണ്ടാണ് രാജി വയ്ക്കേണ്ടി വന്നത്. ചാർജെടുത്തുകഴിഞ്ഞാൽ എല്ലാ ഫയലുകളും വക്കീലിന്റെ ഓഫീസിൽ എത്തിയിട്ടുണ്ടാകും. അപ്പോൾ വക്കീലിന്റെ ആവശ്യം കഴിഞ്ഞതിനു ശേഷമുള്ള രാജിയാണോ ഇതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. എല്ലാ ഫയലുകളും പരിശോധിക്കാനുള്ള സന്ദർഭം ഉപയോഗിച്ചതിനു ശേഷമുള്ള രാജിയാണോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.
ഈ അഭിഭാഷകൻ പരസ്യമായി മാധ്യമങ്ങളുടെ മുന്നിൽ കേസിൽ കൊള്ളയെ ന്യായീകരിച്ചു കൊണ്ടുള്ള കമ്പനിയുടെ വാദങ്ങൾ നിരത്തിയിട്ടുള്ള വ്യക്തി കൂടെയാണ്. കോടതിക്കുള്ളിൽ വാദിക്കുക മാത്രമല്ല, മാധ്യമങ്ങളുടെ മുമ്പിൽ വരെ വിശദീകരിച്ച ഒരു അഭിഭാഷകനെയാണ് ഇപ്പോൾ സർക്കാർ ദേവസ്വത്തിന്റെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത്. ദേവസ്വത്തിന് കഴിഞ്ഞ സർക്കാരുകളുടെ കാലത്തൊന്നും പ്രത്യേകമായി പ്ലീഡറുണ്ടായിരുന്നില്ല.
ആർക്കാണ് ഇതിൽ പ്രത്യേക ഉത്തരവാദിത്തമുള്ളത്. സ്പെഷ്യൽ പ്ലീഡറെ നിയമിക്കുമ്പോൾ അഡ്വക്കേറ്റ് ജനറൽ പേര് നിർദേശിക്കണം. ഈ അഭിഭാഷകന്റെ പേര് അഡ്വക്കേറ്റ് ജനറൽ നിർദേശിച്ചിട്ടുണ്ടോ? നിർദേശിച്ച പേര് നിയമ വകുപ്പിനു മുന്നിൽ എത്തിയിട്ടുണ്ടോ? എന്നൊക്കെ അന്വേഷിക്കണം. ഇങ്ങനെ എത്തുന്ന പേര് നിയമസെക്രട്ടറി പരിശോധിച്ച് ഫയൽ നിയമമന്ത്രിക്ക് സമർപ്പിക്കണം. അതിനു ശേഷം നിയമന ശുപാർശയോടുകൂടി മന്ത്രിസഭയുടെ അംഗീകാരത്തിനായി നൽകാൻ മുഖ്യമന്ത്രിക്ക് നൽകണം. ഈ പ്രക്രിയ നടന്നിട്ടുണ്ടോ എന്നും ഈ നടപടിക്രമങ്ങളില്ലാതെ ആരുടെയെങ്കിലും താൽപര്യത്തിന് പ്രത്യേകമായി നിയമിച്ചതാണോയെന്നും അന്വേഷിക്കേണ്ടതുണ്ട്.
ഒരു രാജി കൊണ്ട് അവസാനിക്കുന്ന വിഷയമല്ല. വളരെ ഗൗരവമായ പ്രശ്നങ്ങളുണ്ട്. കേസ് സംബന്ധിച്ച എല്ലാ രേഖകളും എസ്ഐടി റിപ്പോർട്ട് ഉൾപ്പെടെ വക്കീൽ വഴി കമ്പനിക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. എന്തൊക്കെ രേഖകൾ വക്കീലിന് ലഭിച്ചു എന്നത് പരിശോധിക്കേണ്ടതാണ്. സർക്കാർ അധികാരത്തിലെത്തി അധിക ദിവസം ആയിട്ടില്ല. അപ്പോഴേക്കും ഒരാൾ ബന്ധു നിയമനത്തിന്റെ പേരിൽ രാജിവച്ചു. പിഎസ്‍സി നിയമനങ്ങളിലെടുത്ത തീരുമാനം റദ്ദാക്കേണ്ടി വന്നു. തെറ്റായ പാതയിലൂടെയാണ് സർക്കാർ പോകുന്നതെന്നാണ് കാണുന്നത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ടടക്കം വളരെ ഗൗരവമുള്ള കാര്യങ്ങൾ ഉയർന്നുവരുന്നുണ്ട്. കേസ് അട്ടിമറിക്കാൻ അങ്ങേയറ്റം ആസൂത്രിതമായ കാര്യങ്ങൾ നടന്നതായാണ് സംശയമുയരുന്നത്. ഇവയെല്ലാം കൃത്യമായി പരിശോധിക്കണമെന്നും പി രാജീവ് പറഞ്ഞു.









0 comments