പാരിയത്ത്‌കാവ് ഭൂമി പ്രശ്‌നം: സർക്കാർ സഹായിക്കുന്നത് ഭൂവുടമയെന്ന് അവകാശപ്പെടുന്നവരെ- സമരസമിതി

പെരുമ്പാവൂർ: പാരിയത്തുകാവിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ മന്ത്രിയും എംഎൽഎയും ഉന്നതിയിലെകുടുംബാംഗങ്ങളും പങ്കെടുത്ത് വെള്ളിയാഴ്ച നടക്കാനിരുന്ന ചർച്ച മാറ്റിവച്ചത് ഭൂവുടമയെന്ന് അവകാശപ്പെടുന്നവരെ സഹായിക്കാനെന്ന് സമരസമിതി ഭാരവാഹികൾ. ഉന്നതിയിലെ കുടുംബങ്ങളെ തല്ലിയോടിക്കാമെന്നാണ് മന്ത്രി റോജി എം ജോണും വി പി സീന്ദ്രൻ എംഎൽഎയും ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നതെന്ന് സംശയമുണ്ടെന്നും സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിയുടെയും കലക്ടറുടെയും ഇടപെടലിനെ തുടർന്നാണ് ഉന്നതിയിലുള്ളവരും സമര സമിതിയും ഒത്തു തീർപ്പിന് തയ്യാറായത്. പാരിയത്ത്കാവ് ഭൂമിയിൽ പ്രത്യേകം മേഖലതിരിച്ച് കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് താക്കോൽ കൈമാറിയ ശേഷം ഇപ്പോൾ താമസിക്കുന്ന വീടുകളിൽ നിന്ന് മാറിയാൽ മതിയെന്നാണ് സമരസമിതി നിലപാട്. വെള്ളിയാഴ്ച രാത്രി എട്ടിന് ഉന്നതിയിലെ കുടുംബാംഗങ്ങളും സമരസമിതി ഭാരവാഹികളും കലക്ടറേറ്റിൽ എത്തിയെങ്കിലും കാരണം പറയാതെ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു. ഭൂഉടമയെന്ന് അവകാശപ്പെടുന്ന ശങ്കരൻ നായരുടെ കുടുംബാംഗങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നവരായി മന്ത്രിയും എം എൽ എ യും ഉദ്യോഗസ്ഥരും മാറിയിട്ടുണ്ടൊ എന്ന് സംശയിക്കുന്നു.
19 ഏക്കർ ഭൂമി അളന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി പുറമ്പോക്ക് തിരിക്കണമെന്ന നിലപാടാണ് മുൻ സർക്കാർ സ്വീകരിച്ചത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പുറമ്പോക്ക് കണ്ടെത്താൻ കലക്ടർ നിർദ്ദേശവും നൽകിയിരുന്നു. പട്ടികജാതിക്ഷേമ മന്ത്രി കെ തുളസി പാരിയത്ത്കാവ് സന്ദർശിച്ചപ്പോൾ ഉത്തരവ് വേഗം നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥ- ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി ആ നിലപാടിൽ നിന്ന് പിന്നോട്ടുപോയിരിക്കുന്നു. തങ്ങളുടെ അവകാശം നേടുംവരെ പ്രക്ഷോഭം തുടരുമെന്ന് മെന്നും സമര സമിതി ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ സി എം അബ്ദുൾ കരീം, കൺവീനർ കെ എം സിറാജ്, പി വി സണ്ണി എ കെ മുരളീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










0 comments