ad
Deshabhimani

മലയാളികളുടെ സ്വന്തം ഖത്തർ ടീം; ടീം ഒഫീഷ്യൽസിൽ 5 കേരളീയർ

Qatar fc.jpg
avatar
ഒ കെ പരുമല

Published on Jun 13, 2026, 03:13 PM | 2 min read

ഫുട്‌ബോൾ ലോകകപ്പിന്റെ പുതിയ പതിപ്പിന്‌ പന്തുരുമ്പോൾ മലയാളികളുടെ സ്വന്തം ടീമായി ഖത്തർ മാറുകയാണ്‌. അമേരിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ലോകകപ്പിനെത്തിയ ഖത്തർ ടീമിനൊപ്പം തഹ്സിൻ മുഹമ്മദ് ജംഷീദിനെകൂടാതെ അഞ്ച്‌ മലയാളികളുണ്ട്‌. മുഹമ്മദ് സഫീർ, അബ്‌ദുൾ മജീദ് ചൊവ്വാളിയിൽ, റാഫി മലയിൽ, എം കെ അഷ്‌റഫ്‌, മുഹമ്മദ്‌ സഹദ് ചെറുവോട്ടിൽ മീത്തൽ എന്നിവരാണ് ടീമിനൊപ്പമുള്ള മറ്റു മലയാളികൾ. ഖത്തർ ടീമിന്റെ ഒഫീഷ്യൽ സ്റ്റാഫുകളായാണ് ഇവർ ലോകകപ്പിന്റെ ഭാഗമാകുന്നത്‌.

​ഖത്തർ ഫുട്ബാൾ അസോസിയേഷൻ ജീവനക്കാരായ ഇവരിൽ പലരും പതിറ്റാണ്ടുകളായി ദേശീയ ടീമിനൊപ്പം കിറ്റ്മാനായി പ്രവർത്തിക്കുന്നവരാണ്. ടീമിന്റെ വിജയത്തിലും മുന്നേറ്റത്തിലും കളിക്കാരെപ്പോലെതന്നെ പ്രധാന പങ്കുവഹിക്കുന്നവരാണ് ഇവരും. കളിക്കാർ, കോച്ചിങ് സ്റ്റാഫുകൾ എന്നിവർക്കുള്ള സാധനസാമഗ്രികൾ കൃത്യമായി തയ്യാറാക്കുകയാണ് കിറ്റ്മാൻമാരുടെ ചുമതല. 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ച ലോകകപ്പിലും ഇവർ ​ദേശീയ ടീമിന്റെ ഭാഗമായിരുന്നു.

തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ മുഹമ്മദ് സഫീർ 20 വർഷമായി ഖത്തർ ടീമിനൊപ്പമുണ്ട്. ഖത്തർ ദേശീയ ടീം അംഗങ്ങൾ അണിയുന്ന ജഴ്സികളിൽ ഈ മലയാളിയുടെ കരവിരുതുണ്ട്. കിറ്റ് സ-്‌പോൺസറായ അഡിഡാസ് നൽകുന്ന ജഴ്സിയിൽ കളിക്കാരുടെ പേര്, കിറ്റ് നമ്പർ അടക്കമുള്ള മറ്റ് ഡിസൈൻ ചുമതല വഹിക്കുന്നത് സഫീറാണ്. കഴിഞ്ഞ ലോകകപ്പിലും ഏഷ്യ കപ്പിലുമെല്ലാം ഖത്തറിന്റെ കുപ്പായം ഒരുക്കിയതും സഫീറാണ്.

ഖത്തർ ഫുട്ബാൾ അസോസിയേഷനൊപ്പം 30 വർഷമായി പ്രവർത്തിക്കുന്ന അബ്‌ദുൾ മജീദ് ​കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്‌. 25 വർഷമായി ദേശീയ ടീമിനൊപ്പവുമുണ്ട്. ടീമിന്റെ കിറ്റ്മാനായി ജോലി ചെയ്യുന്ന അദ്ദേഹം മൂന്നാംതവണയാണ് ടീമിനൊപ്പം അമേരിക്കയിലേക്ക് പറക്കുന്നത്.

കുറ്റ്യാടി സ്വദേശി റാഫി 21 വർഷമായി ടീമിനോടൊപ്പം പ്രവർത്തിക്കുന്നു. ആദ്യമായാണ് അമേരിക്കയിലേക്ക് വിമാനംകയറുന്നത്. പാറക്കടവ് സ്വദേശി അഷ്റഫ് 17 വർഷമായി അസോസിയേഷനിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലുവർഷമായി മുഴുവൻ സമയവും ടീമിനൊപ്പമാണ്. ഇത് രണ്ടാം തവണയാണ് അമേരിക്കയിലേക്ക് ടീമിനുവേണ്ടി പോകുന്നത്. വടകര സ്വദേശി മുഹമ്മദ് സഹദ് 14 വർഷമായി ഖത്തർ ദേശീയ ടീമിനൊപ്പമാണ്. സഹദും മൂന്നാംതവണയാണ് അമേരിക്കയിലേക്കെത്തുന്നത്.

ലോകകപ്പിൽ ഖത്തർ ടീമിന്റെ ഓരോ മത്സരത്തിലും ഇവരുടെ പങ്കാളിത്തമുണ്ടാകും. ജഴ്സിയും ബൂട്ടും അടക്കമുള്ള കിറ്റ് ഒരുക്കുന്നതുമുതൽ പരിശീലനം, ഡ്രസിങ് റൂം സജ്ജീകരണം, ഗ്രൗണ്ട് പ്രവർത്തനങ്ങൾ, യാത്രകൾ ക്രമീകരിക്കൽ എന്നിവവരെ ഇവരുടെ പ്രയത്നത്തിലാണ്. ​ഖത്തർ ദേശീയ ടീമിനായി നിരവധി അന്താരാഷ-്‌ട്ര ടൂർണമെന്റുകളിൽ സേവനമനുഷ്‌ഠിച്ച പരിചയം അഞ്ചുപേർക്കുമുണ്ട്‌. ഫിഫ അറബ് കപ്പ്, കോൺകകാഫ് ഗോൾഡ് കപ്പ്, എഎഫ്സി ഏഷ്യ കപ്പ്, ​ഗൾഫ് കപ്പ് എന്നീ കായികമേളകളിൽ ഇവർ ടീമിനൊപ്പം പ്രവർത്തിച്ചു.


2019ൽ ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അതിഥിരാജ്യമായി ഖത്തർ പങ്കെടുത്തപ്പോഴും അബ്‌ദുൾ മജീദും മുഹമ്മദ് സഹദും ഖത്തർ സംഘത്തിനൊപ്പമുണ്ടായിരുന്നു. മൈതാനത്ത് മലയാളിയായ തഹ്സിനടക്കമുള്ള താരങ്ങൾ പൊരുതുമ്പോൾ പിന്തുണയും ഊർജവും പകരാൻ സൈഡ് ലൈനിൽ ഈ അഞ്ചുപേരുമുണ്ടാകും. ലോകകപ്പ് കഴിഞ്ഞ് തിരിച്ച് ഖത്തറിലെത്തിയാലും വരാനിരിക്കുന്ന ​ഗൾഫ് കപ്പ്, ഏഷ്യ കപ്പ് തുടങ്ങിയ ടൂർണമെന്റുകൾക്കായി ഇവർ ടീമിനൊപ്പമുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home