നിപാ പ്രതിരോധം; സർക്കാർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം: സിപിഐ എം

തിരുവനന്തപുരം: അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി സംസ്ഥാനത്ത് രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുന്ന സര്‍ക്കാര്‍, അനാസ്ഥ വെടിഞ്ഞ് ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിലും പാര്‍ടിയുടെ പൂർണ പിന്തുണ സർക്കാരിന് ഉണ്ടാകുമെന്ന് സിപിഐ എം അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടുപോകണമെന്ന് എല്ലാവരോടും പാർടി ആഹ്വാനം ചെയ്തു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ പോലും മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്ഥിതിയാണ്. നിപാ സ്ഥിരീകരിച്ച വിവരം അറിയിക്കുന്നതിലും രോഗിയുടെ ആരോഗ്യസ്ഥിതി വിവരിക്കുന്നതിലുമെല്ലാം മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഏകോപനമില്ലായ്‌മ ജനങ്ങൾക്ക് മുൻപിൽ വെളിവായിരുന്നു. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പോലും മന്ത്രി അറിഞ്ഞിരുന്നില്ല എന്നത് ഗൗരവകരമായ വീഴ്‌ചയാണ്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന നിപ രോഗിക്ക് ആവശ്യമായ മരുന്നു പോലും ഇനിയും എത്തിയിട്ടില്ല എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.
നിപാ ബാധ അറിയുന്ന സമയത്ത് കോഴിക്കോട് ഉണ്ടായിരുന്ന മന്ത്രി, അവിടെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയതും സർക്കാർ പുലർത്തുന്ന നിസംഗ സമീപനത്തിന്റെ തെളിവാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ അശാസ്‌ത്രീയമായ അബദ്ധധാരണകൾ വിളിച്ചുപറഞ്ഞ് ഇത്തരം രോഗങ്ങളെ ലഘൂകരിച്ചവരാണ്, ഇപ്പോൾ ഈ പ്രതിസന്ധിക്ക് മുൻപിൽ പകച്ചുനിൽക്കുന്നത്. വിഷയത്തെ ഗൗരവകരമായി കാണുന്നുണ്ടെങ്കിൽ ആരോഗ്യമന്ത്രി ഉടൻ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
റൂട്ട് മാപ്പ് പരിശോധിച്ച് വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കിയും കണ്ടെയ്‌ൻമെന്റ് സോൺ നിശ്ചയിച്ചും നിരീക്ഷണം ഉറപ്പാക്കുന്ന പ്രാഥമിക നടപടി പോലും ഇനിയും ചെയ്‌തിട്ടില്ല. രോഗബാധിതന്റെ പ്രദേശത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാനോ കൃത്യമായി വിവരങ്ങൾ കൈമാറാനോ സർക്കാർ തയ്യാറാകുന്നില്ല. ജനപ്രതിനിധികളെ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാക്കുന്നതിലും സർക്കാർ വിമുഖത കാട്ടുകയാണ്. ഇതേ സമയത്താണ് ഈ പ്രതിസന്ധി മുന്നിൽ നിന്ന് നേരിടേണ്ട ആരോഗ്യവകുപ്പ് ഡയറക്ടറെ തെറ്റായ കാരണം പറഞ്ഞ്, പകപോക്കലിന്റെ ഭാഗമായി സ്ഥലം മാറ്റാൻ സർക്കാർ തയ്യാറായത്.
അതീവ ഗുരുതരവും ഉയർന്ന മരണനിരക്കുമുള്ള നിപ രോഗത്തെ സുശക്തമായി പ്രതിരോധിച്ച് മുൻപ് കേരളം ലോകശ്രദ്ധ നേടിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിലൂടെയും, സുശക്തമായ ജനകീയ പ്രതിരോധത്തിലൂടെയും, കേരളത്തിലെ പൊതുജനാരോഗ്യമേഖലയുടെ കരുത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. സിസ്‌റ്റർ ലിനിയെപ്പോലെയുള്ള ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻപോലും തൃണവൽക്കരിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ മഹാമാതൃക സൃഷ്ടിച്ചത്. യുഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോൾ നടത്തിയത് പോലെ ഇത്തരം വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാൻ സിപിഐ എം ആഗ്രഹിക്കുന്നില്ല. പക്ഷേ സർക്കാർ സമ്പൂർണ നിഷ്‌ക്രീയത്വം തുടർന്ന് പൊതുജനാരോഗ്യം അപകടത്തിലാക്കുന്നുവെന്ന ഘട്ടത്തിലാണ് ഇക്കാര്യങ്ങൾ പറയാൻ നിർബന്ധിതമായതെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് ഷിഗല്ല, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങി വിവിധ രോഗങ്ങൾ പടർന്നുപിടിക്കുകയാണ്. കൃത്യമായി രോഗബാധിതരുടെ എണ്ണം പോലും സർക്കാരിന്റെ കൈവശമില്ല. പനി മരണങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. മഴക്കാല പൂർവ ശുചീകരണം പാടേ പാളിയതിനാൽ സംസ്ഥാനമെങ്ങും പകർച്ചവ്യാധി ഭീഷണിയിലാണ്. വിവിധ വകുപ്പുകൾ പരസ്‌പരം പഴിചാരി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ശാസ്‌ത്രീയവും വിപുലവുമായി ഇടപെടലിലൂടെ ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments