print edition പേപ്പർ കപ്പിൽ ചൂട് ചായയോ


ഡോ. അബേഷ് രഘുവരൻ
Published on Oct 30, 2026, 12:00 AM | 2 min read
പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച്, പ്ലാസ്‌റ്റിക് ഗ്ലാസ് മാറ്റി ഒരു പേപ്പർ ഗ്ലാസിൽ നാം 100 മില്ലിലിറ്റർ ചായ കുടിക്കുന്നതായി സങ്കൽപ്പിക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇതു മൂലമുണ്ടാകില്ലെന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ ഇതിനുപിന്നിലെ രസകരവും അതേസമയം ഭീതിപ്പെടുത്തുന്നതുമായ ഒരുപഠനം അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.
ഐഐടി ഖരഗ്പുർ നടത്തിയ പഠനത്തിൽ ഒരു പേപ്പർ ഗ്ലാസിൽ 100 മില്ലിലിറ്റർ ചായകുടിക്കുമ്പോൾ പ്ലാസ്റ്റിക്കിന്റെ 25,000 ചെറിയ കണികകളാണത്രേ നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നത്. ഇത്തരത്തിൽ മൂന്നുചായ ഒരുദിവസം കുടിക്കുന്ന ആളാണെങ്കിൽ ഉറപ്പിച്ചോളൂ, ഒരുദിവസം പേപ്പർ ഗ്ലാസിലുള്ള ചായകുടിയിലൂടെമാത്രം ശരീരത്തിൽ എത്തിച്ചേരുന്നത് 75,000 പ്ലാസ്റ്റിക് കണികകൾ. ഒരുവർഷമാകുമ്പോൾ അത് 2.7 കോടി കണികകൾ. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന അന്പരപ്പിക്കുന്ന കണക്കാണിത്.
എങ്ങനെ
പേപ്പർ ഗ്ലാസ് ആണെങ്കിലും ചോർച്ചയുണ്ടാകാതിരിക്കാൻ അതിനുള്ളിൽ നേരിയ പ്ലാസ്‌റ്റിക് ആവരണമുണ്ടാകും. അതാണ് വില്ലൻ. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ക്രോമിയം, കാഡ്മിയം എന്നീ ഹെവിമെറ്റലുകൾപോലും അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് കണികകൾ നമ്മുടെ ശരീരത്തിൽ എത്തിക്കുന്ന ഭീകരൻ. ഗുണനിവാരം കുറഞ്ഞ പേപ്പർ ഗ്ലാസുകൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.
നാം ഉപയോഗിക്കാറുള്ള പേപ്പർ ഗ്ലാസുകളുടെ ഉള്ളിൽ പോളിഎഥിലീന്റെയും കോ-പോളിമേഴ്സിന്റെയും ഒരു നേർത്ത ഹൈഡ്രോഫോബിക് ഫിലിം ഉണ്ട്. ഇത് ചൂടുള്ള ചായയോ വെള്ളമോ ആയി ചേരുമ്പോൾ നൈട്രൈറ്റ്, ക്ലോറൈഡ്, ഫ്ളൂറൈഡ്, മൈക്രോപ്ലാസ്റ്റിക് കണികകൾ എന്നിവ ശരീരത്തിലേക്ക് എത്തും. ഈ കണികകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന താലേറ്റ് കണികകളും (Phthalates) മറ്റു ചില രാസവസ്തുക്കളും നമ്മുടെ അന്തഃസ്രാവി വ്യവസ്ഥയെ സാരമായി ബാധിക്കുന്നുവെന്നും പഠനത്തിലുണ്ട്. ഇതുമൂലം ഹോർമോൺ ഉൽപ്പാദനം തടസ്സപ്പെടുകയും അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെയാകെ തകിടംമറിക്കുകയും ചെയ്യും. മുമ്പ് സൂചിപ്പിച്ച രാസവസ്തുക്കൾ അല്ലാതെ ശരീരത്തെ ബാധിക്കുന്ന മറ്റു ചില വസ്തുക്കളായ ഡൈ ഈതൈൽ താലേറ്റ്, ഡി-2- ഈതൈൽ ഹെക്സൈൽ- അഡിപ്പെറ്റ്, ബ്യൂറ്റയിലേറ്റഡ് ഹൈഡ്രോക്സിടൊളുവിൻ, ബെൻസോട്രയാസോൾ, സ്റ്റൈറീൻ, വിനൈൽ ക്ലോറൈഡ് എന്നിവയും പഠനത്തിൽ കണ്ടെത്തി. ഇവയെല്ലാം ശരീരത്തെ സാരമായി ബാധിക്കുന്ന രാസവസ്തുക്കളാണ്.
മറ്റ് പഠനങ്ങൾ
വീടുകളിൽ സൂര്യപ്രകാശമേറ്റ് നന്നായി ചൂടാകുന്ന പ്ലാസ്റ്റിക്/പിവിസി ടാങ്കിലെ വെള്ളത്തിലും അന്തഃസ്രാവി വ്യവസ്ഥയെ ബാധിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയതായി ജേണൽ ഓഫ് എന്റമോളജി ആൻഡ് സുവോളജി സ്റ്റഡീസിൽ അടുത്തിടെ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിലെ ഗവേഷകയായ എലൈൻബിയറർ നടത്തിയ പഠനത്തിൽ മറവിരോഗങ്ങളായ അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗമുള്ളവരുടെ തലച്ചോറിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പേപ്പർ ഗ്ലാസുകൾക്ക് ആദ്യമായി രൂപം നൽകിയത് 1907 ൽ അമേരിക്കക്കാരനായ ലോറൻസ് ലുല്ലൻ എന്നയാളാണ്. പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ഉപയോഗിക്കുന്നതിനായിരുന്നു ആദ്യമിത്. എന്നാൽ ചൂടുചായയും മറ്റും ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാനാണ് 1960 കളിൽ അതിന്റെ ഉള്ളിൽ പോളിഎഥിലിൻ ഉപയോഗിച്ച് ഒരുപാളി നിർമിച്ചത്.
(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)









0 comments