വ്യോമഗതാഗതവും താപ നിലയും

AHMEDABAD PLANE CRASH
avatar
ഡോ. ഗോപകുമാർ ചോലയിൽ

Published on Jun 15, 2025, 11:29 AM | 2 min read


രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ്‌ വിമാനദുരന്തത്തിന്‌ ഒരു കാരണം ഉയർന്ന അന്തരീക്ഷ താപനില ആയേക്കാമെന്ന്‌ ചില വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അപകട കാരണം കൂടുതൽ അന്വേഷണങ്ങളിലേ വ്യക്തമാകൂ. വർധിച്ച തോതിലുള്ള താപനില വ്യോമഗതാഗതത്തെ ബാധിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത്‌ രൂക്ഷമാകാൻ സാധ്യതയുള്ളതായും വിവിധ പഠനങ്ങൾ പറയുന്നു. അഹമ്മദാബാദ്‌ വിമാനത്താവളത്തിൽ ജൂൺ 12ന്‌ രേഖപ്പെടത്തിയ കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസ്‌ ആണ്. തലേദിവസം 43 ഡിഗ്രി സെൽഷ്യസ്‌ ആയിരുന്നു ചൂട്‌. കാലവർഷം ഇതുവരെയും ഇവിടെ എത്തിയിട്ടില്ല. അന്തരീക്ഷ താപനില വ്യോമ ഗതാഗതത്തെ ബാധിക്കുന്നത്‌ എങ്ങനെയെന്ന്‌ പരിശോധിക്കുകയാണ്‌ ഇവിടെ.

അന്തരീക്ഷ സമ്മർദം

അന്തരീക്ഷ താപനില കണക്കാക്കി വിമാനം ഉയരാൻ എത്ര വേഗം കൈവരിക്കണമെന്ന്‌ വൈമാനികർക്ക്‌ നിർണയിക്കാനാകും. അതിൽ തെറ്റുവന്നാൽ ഉയർന്നു പൊങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഉയർന്ന ചൂടുള്ള ദിവസങ്ങളിൽ വായു നേർത്തതാകും (സാന്ദ്രത കുറയും). അതായത് അത്തരം അവസ്ഥയിൽ വിമാനങ്ങൾക്ക്‌ കുറഞ്ഞ ‘ലിഫ്റ്റ്’ മാത്രമേ ലഭിക്കൂ. വിമാനത്തിന്റെ ഭാരം, വിമാനത്താവളത്തിലെ താപനില എന്നിവയെല്ലാം വിമാനത്തിന്റെ ഉയർന്നു പൊങ്ങാനുള്ള ശേഷിയെ ബാധിക്കുന്നു. ആഗോളതാപനം ഇന്നത്തെ നിലയിൽ തുടർന്നാൽ 2060-കളോടെ ദൈർഘ്യം കുറവുള്ള റൺവേകളുള്ള വിമാനത്താവളങ്ങൾ പലതും ഓരോ വിമാനത്തിലും യാത്രക്കാരുടെ പരമാവധി എണ്ണത്തിൽ 10 പേരുടെയെങ്കിലും കുറവു വരുത്തേണ്ടി വരുമെന്ന്‌ പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. നിലത്തുനിന്ന് പറന്നുപൊങ്ങുന്ന വ്യോമയാനങ്ങൾക്ക് ഉയരാൻ ആവശ്യമായ ആയം (momentum) ലഭിക്കുന്നത്‌ വായുവിൽനിന്നാണ്‌. സാന്ദ്രതയേറിയ വായുവിന് കൂടുതൽ ശക്തമായ ആയം നൽകാനാകും. ചൂടേറുന്ന അവസ്ഥയിൽ വായുവിന്റെ സാന്ദ്രതയിൽ കുറവുണ്ടാകുന്നു. സാന്ദ്രത കുറയുംതോറും നിലത്തുനിന്ന് ഉയർന്നുപൊങ്ങുന്ന വിമാനങ്ങൾക്ക്‌ വായുവിൽനിന്ന് അവശ്യം ലഭിക്കേണ്ട ആയത്തിലും കുറവുവരുന്നു. ഈ അവസ്ഥയിൽ ഭാരമേറിയ വിമാനങ്ങൾക്ക്‌ ഉയർന്നു പൊങ്ങുന്നതിൽ സ്വാഭാവികമായും വൈഷമ്യം നേരിടേണ്ടി വരുന്നു. ഇതിനുള്ള ഇപ്പോഴത്തെ ലളിതവും ഫലപ്രദവുമായ പരിഹാരമാർഗം വിമാനങ്ങളുടെ ഭാരത്തിൽ കുറവു വരുത്തുകയെന്നുള്ളതാണ്. ഏറ്റവും ചൂടേറിയ സമയത്ത് പറക്കാൻ പൂർണ സജ്ജമായ വ്യോമയാനങ്ങളിൽ പലതിനും അവയുടെ ഇന്ധനത്തിലോ യാത്രക്കാരുടെ എണ്ണത്തിലോ ലഗേജിലോ

കുറവു വരുത്തി ഭാരംകുറയ്‌ക്കേണ്ട അവസ്ഥ വന്നേക്കാം. ഇതൊന്നുമല്ലെങ്കിൽ പറന്നുയരുന്നതിന് ചൂട് കുറയുന്നതുവരെ കാത്തിരിക്കേണ്ടിവരും. വിമാന മാതൃക, റൺവേയുടെ നീളം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച്‌ ഇതിന്‌ വ്യത്യാസം വരാം.

പരിഹാരം പരിമിതമോ

അന്തരീക്ഷതാപം വർധിക്കുന്ന അവസ്ഥയിൽ വിമാനത്തിന്റെ മാതൃകയ്‌ക്കനുസരിച്ച് അതിന്‌ പരമാവധി വഹിക്കാവുന്ന ഭാരം ക്രമപ്പെടുത്തിയാൽ മാത്രമേ സുരക്ഷിതമായ ഉയർന്നുപറക്കൽ സാധ്യമാകുകയുള്ളൂ. ഇത്തരത്തിൽ ഭാരം ക്രമപ്പെടുത്തുന്ന പ്രക്രിയ അത്ര എളുപ്പമല്ലെന്നു മാത്രമല്ല, സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. കഠിനമായ ചൂടുമൂലം (48 ഡിഗ്രി സെന്റിഗ്രേഡിനടുത്ത്) അമേരിക്കൻ എയർലൈൻസിന്റെ 40 സർവീസുകളോളം റദ്ദാക്കേണ്ടി വന്ന അവസ്ഥയുണ്ടായിട്ടുണ്ട്‌. 2100ഓടെ വിമാനത്താവള റൺവേകളിലെ ദൈനംദിന താപനില ഇന്നത്തേതിനേക്കാളും നാല്‌ മുതൽ എട്ട് ഡിഗ്രിസെൽഷ്യസ്‌ വരെ വർധിച്ചേക്കാം. ശക്തമായ താപതരംഗങ്ങളായിരിക്കും പരിണതഫലം.

താരതമ്യേന നീളംകുറഞ്ഞ റൺവേയോടുകൂടിയ വിമാനത്താവളങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമായി അനുഭവപ്പെടും. കാരണം, റൺവേയിൽക്കൂടെയുള്ള സഞ്ചാരത്തിൽ വേഗം ആർജിക്കുമ്പോഴാണ്‌ വിമാനങ്ങൾക്ക് പറന്നുപൊങ്ങാനുള്ള ആയം ലഭിക്കുക. കൂടുതൽ ഭാരം വഹിക്കേണ്ടിവരുന്ന വിമാനങ്ങൾക്ക് കൂടുതൽ നീളമുള്ള റൺവേ വേണ്ടിവരും. ചൂടേറിയ പ്രദേശങ്ങളിലെ നീളംകുറഞ്ഞ റൺവേകളോടുകൂടിയ വിമാനത്താവളങ്ങളിൽ പറന്നുയരാനുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും. പുതിയ എൻജിൻ, പുതിയ രൂപകൽപ്പന എന്നിവ അവലംബിക്കുക വഴിയോ വിശാലമായ റൺവേകൾ ഉണ്ടാക്കുക വഴിയോ ഈ പ്രശ്നങ്ങളെ ലഘൂകരിക്കാനായേക്കാം. ഈ വിഷയത്തിൽ പഠനങ്ങളും ഗവേഷണങ്ങളും തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home