Deshabhimani

print edition കുഞ്ഞുങ്ങൾ നന്നായി ചിരിക്കട്ടെ

new born
avatar
ഡോ. പാർവതി ടി അജയ്‌

Published on Nov 06, 2026, 12:00 AM | 2 min read

കുഞ്ഞുങ്ങളിൽ ആദ്യത്തെ പല്ല് മുളയ്ക്കും മുമ്പുതന്നെ വായ് ശുചിത്വം ആരംഭിക്കണം. വൃത്തിയുള്ള മൃദുവായ നനഞ്ഞ തുണി ഉപയോഗിച്ച് കുഞ്ഞിന്റെ മോണ തുടച്ചുവൃത്തിയാക്കാം. ജനിച്ച് ആദ്യ ആഴ്ചമുതൽ ഇത് ദൈനംദിന പരിചരണമാക്കാം. പല്ല് മുളച്ചാല്‍ അനുയോജ്യമായ ടൂത്ത് ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണം. പാലൂട്ടിയശേഷം വായ സാവധാനം വൃത്തിയാക്കണം. ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ശുചിത്വം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മുന്‍കൂട്ടിയുള്ള ദന്തപരിശോധന എന്നിവ കുട്ടികളിലെ ദന്തപ്രശ്നങ്ങൾ തടയുന്നതിൽ നിർണായകം. ആദ്യ പല്ല് മുളയ്ക്കുമ്പോൾ ദന്തപരിശോധന നടത്താം. ആറുമാസത്തിലൊരിക്കൽ പരിശോധന നടത്തുന്നതും ഗുണകരം.


ശുചിത്വം പ്രധാനം


കുട്ടികളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ദന്തക്ഷയം (പല്ലുകേട്). ശരിയായി പല്ലുതേക്കാത്തതും വായ് ശുചിത്വം പാലിക്കാത്തതും പല്ലുകളിൽ പ്ലാക്ക് അടിയാന്‍ കാരണമാകുന്നു. ഇത് പല്ലുകേടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. ദിവസത്തിൽ രണ്ടുതവണ പല്ലുതേക്കണം. രാത്രി ഉറങ്ങുംമുമ്പുള്ള ബ്രഷിങ് ഒഴിവാക്കരുത്. ചെറിയ കുട്ടികൾ സ്വയം നന്നായി പല്ലുതേക്കാൻ പ്രാപ്തരാകുംവരെ മാതാപിതാക്കൾ സഹായിക്കണം. ശരിയായ ബ്രഷിങ്, അനുയോജ്യമായ ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റിന്റെ ഉപയോഗം, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവ പ്രധാനം.


മധുരത്തിന്റെ പങ്ക്‌


കുഞ്ഞിന്റെ പല്ലുകൾ പഞ്ചസാര അടങ്ങിയ ദ്രാവകങ്ങളുമായി ആവർത്തിച്ച് സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന ദന്തക്ഷയമാണ് ഏര്‍ലി ചൈല്‍ഡ്ഹുഡ് കാരീസ് (നഴ്സിങ് ബോട്ടിൽ കാരീസ്). പാൽ, മധുരം ചേർത്ത പാനീയം തുടങ്ങിയവ പല്ലുകളുമായി ദീർഘനേരമോ ആവർത്തിച്ചോ സമ്പർക്കത്തിൽ വരുന്നത് ദന്തക്ഷയസാധ്യത വർധിപ്പിക്കും. വായ് ശുചിത്വം പാലിക്കാത്തപ്പോൾ ഈ അപകടസാധ്യത കൂടുതലാണ്. വായിൽ ഫീഡിങ് ബോട്ടിൽ വച്ചുകൊണ്ട് ഉറങ്ങുന്നത് ഒഴിവാക്കണം. പഴം, പച്ചക്കറി, മുഴുധാന്യം, കാത്സ്യം എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കുട്ടികൾക്ക് നൽകണം. പഞ്ചസാരയുടെ ആകെ അളവ് കുറയ്ക്കുന്നതുപോലെ പ്രധാനമാണ് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ തവണ കുറയ്ക്കുന്നതും. പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് തിരിച്ചറിയണം.


6 മുതൽ 12 വരെ പ്രത്യേക ശ്രദ്ധ


ആറുമുതൽ 12 വയസ്സുവരെയുള്ള കാലം കുട്ടികളുടെ ദന്തവളർച്ചയിൽ വളരെ പ്രധാനം. പാൽപ്പല്ലുകളും സ്ഥിരദന്തങ്ങളും ഒരേസമയം വായിൽ കാണപ്പെടുന്നതിനാൽ ഈ ഘട്ടത്തെ മിശ്രദന്താവസ്ഥയെന്ന് വിളിക്കുന്നു. ഈ പ്രായത്തിൽ പാൽപ്പല്ലുകൾ ക്രമേണ കൊഴിഞ്ഞ് സ്ഥിരദന്തങ്ങൾ മുളച്ചുവരുന്നതിനൊപ്പം, ആറ് വയസ്സിൽത്തന്നെ പാൽപ്പല്ലുകൾക്ക് പിന്നിലായി ആദ്യത്തെ സ്ഥിരം മോളാർ പല്ലുകൾ മുളച്ചുവരാറുണ്ട്. ഇവ പാൽപ്പല്ലുകളല്ല, കൊഴിഞ്ഞുപോകുമെന്ന തെറ്റിദ്ധാരണയിൽ അവയുടെ സംരക്ഷണം അവഗണിക്കരുത്. ഈ പല്ലുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട പ്രധാനപ്പെട്ട പല്ലുകളാണ്. ഇവയിൽ ദന്തക്ഷയം ഉണ്ടായാൽ കുട്ടിയുടെ ഭാവിയിലെ ദന്താരോഗ്യത്തെ അത് സാരമായി ബാധിച്ചേക്കാം.സ്ഥിരം മോളാർ പല്ലുകളുടെ ചവയ്ക്കുന്ന പ്രതലത്തിലുള്ള ആഴമുള്ള കുഴികളും ചാലുകളും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവയാണ്. ഇത്തരം ഭാഗങ്ങളിൽ ദന്തക്ഷയം തടയാൻ ദന്തഡോക്ടറുടെ നിർദേശപ്രകാരം പിറ്റ്സ് ആൻഡ് ഫിഷർ സീലന്റുകൾ പ്രയോഗിക്കുന്നത് ഫലപ്രദമായ പ്രതിരോധമാർഗമാണ്.


ദോഷകരമായ ശീലങ്ങൾ


ഒഴിവാക്കാം വിരൽ കുടിക്കുക, ദീർഘകാല പാസിഫയർ ഉപയോഗം, നാവ് മുന്നോട്ടുതള്ളുന്ന ശീലം, നഖം കടിക്കൽ തുടങ്ങിയവ കുട്ടികളുടെ ദന്തവളർച്ചയെ ബാധിച്ചേക്കാം. ഇത്തരം ശീലങ്ങൾ എത്രകാലം തുടരുന്നു, എത്രത്തോളം ആവർത്തിക്കുന്നു, എത്ര ശക്തിയോടെയാണ് ചെയ്യുന്നത് എന്നിവയെ ആശ്രയിച്ച് പല്ലുകളുടെ വിന്യാസത്തിലും താടിയെല്ലുകളുടെ വളർച്ചയിലും മാറ്റങ്ങൾ ഉണ്ടാകാം.

പരിക്കേൽക്കാം


വീട്ടിലോ സ്കൂളിലോ വച്ച് എപ്പോള്‍ വേണമെങ്കിലും കുട്ടികളുടെ പല്ലുകൾക്ക് പരിക്കേൽക്കാം. വീഴ്ചയോ വായിൽ ശക്തമായി അടിയേൽക്കുന്നതോ പല്ല് പൊട്ടുന്നതിനും സ്ഥാനചലനത്തിനും പല്ല് പൂർണമായി ഇളകിപ്പോകുന്നതിനും കാരണമാകാം. ദന്തപരിക്കുണ്ടായാൽ എത്രയും വേഗം പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം മാതാപിതാക്കളും സ്കൂൾ അധികൃതരും മനസ്സിലാക്കണം. സ്ഥിരദന്തം പൂർണമായി പുറത്തുപോയാൽ ഉടൻ അടിയന്തര ചികിത്സ തേടണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home