Deshabhimani

print edition ഇതാ ഒരു ഫംഗസ്‌;
പരിണാമത്തിലെ ഭീമൻ

seed.
avatar
പ്രൊഫ. എ ഗംഗാപ്രസാദ്

Published on Oct 30, 2026, 12:01 AM | 2 min read

ചെറിയ കൂണുകൾമുതൽ മരങ്ങളിൽ പൊതിഞ്ഞു വളരുന്ന വലിയ ഫംഗസുകൾവരെ ലോകത്തുണ്ട്. എന്നാൽ ഒരു ഫംഗസിന്റെ ഫ്രൂട്ടിങ്‌ ബോഡിക്ക് അരമീറ്ററോളം ഉയരവും രണ്ട് കിലോഗ്രാംവരെ ഭാരവും ഉണ്ടാകുമെന്ന് കേട്ടാൽ അത്ഭുതം തോന്നും. ചൈനയുടെ തെക്കു പടിഞ്ഞാറൻ പ്രദേശമായ യുനാൻ പ്രവിശ്യയിലെ വനങ്ങളിൽനിന്ന് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് അത്തരത്തിലുള്ള ഒരു ഭീമൻ ഫംഗസ്. ഇതിന്റെ ശാസ്ത്രീയനാമം ഡയാൻജുനസ്‌റെക്സ് (Dianjunusrex) എന്നാണ്. ചുരുക്കി ഡിറെക്സ് (Drex) എന്നും അറിയപ്പെടുന്നു.


50 സെന്റിമീറ്റർവരെ ഉയരത്തിൽ വളരാനും 2.2 കിലോഗ്രാംവരെ ഭാരം കൈവരിക്കാനും കഴിയുന്ന ഈ ഫംഗസ്, വലിപ്പംകൊണ്ടു മാത്രമല്ല ശ്രദ്ധേയമാകുന്നത്. ഇതിന്റെ കണ്ടെത്തൽ ഫംഗസുകളുടെ പരിണാമചരിത്രത്തെപ്പറ്റിയുള്ള പുതിയ അറിവുകളിലേക്ക് വഴിതുറക്കുന്നു.

ജൈവവൈവിധ്യം അസാധാരണം


യുനാൻ പ്രവിശ്യ ജൈവവൈവിധ്യതയ്‌ക്ക്‌ പേരുകേട്ടതാണ്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വൈവിധ്യമുള്ള ഈ പ്രദേശം പലതരം ജീവികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇവിടെ ഫംഗസുകളെക്കുറിച്ച് പഠനം നടത്തിയ ഗവേഷകരാണ് അസാധാരണ വലിപ്പമുള്ള ഈ കൂണിനെ കണ്ടെത്തിയത്. കുൻമിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബോട്ടണിയിലെ യു ഫൂചിയാങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഇതിന്റെ കണ്ടെത്തലിനു പിന്നിൽ. ചൈനയ്‌ക്ക് പുറത്തുള്ള ശാസ്ത്രജ്ഞരും ഗവേഷണത്തിൽ സഹകരിച്ചു. 2024 ആഗസ്തുമുതൽ 2025 ജൂലൈവരെയുള്ള കാലയളവിലാണ് ഇവയുടെ സാമ്പിളുകൾ ശേഖരിച്ചത്. ഒറ്റനോട്ടത്തിൽ അസാധാരണരൂപമുള്ള യഥാർഥ സ്ഥാനം കണ്ടെത്താൻ അതിന്റെ പുറംഘടനയും ഉള്ളിലെ കോശഘടനയും സൂക്ഷ്മമായി പരിശോധിച്ചതിനൊപ്പം പല മാർഗങ്ങൾ ഉപയോഗിച്ച് ജനിതക വിവരങ്ങളും വിശകലനം ചെയ്തു. ഈ പഠനങ്ങളിലൂടെയാണ് ഈ കൂണ് ശാസ്ത്രലോകത്തിന് മുന്പ്‌ പരിചയമില്ലാത്ത ഒരു പുതിയ ജനുസ്സിലും കുടുംബത്തിലും ഉൾപ്പെടുത്തേണ്ട ഒന്നാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. ഫ്രണ്ടിയേഴ്‌സ്‌ ഇൻ ഫംഗൽ ബയോളജി എന്ന ജേണലിൽ കഴിഞ്ഞ മാസം ഇ‍ൗ പഠനം പ്രസിദ്ധീകരിച്ചു.


പേരിന്‌ പിന്നിൽ


ഗവേഷകർ രേഖപ്പെടുത്തിയ സവിശേഷതകൾ: ഉയരം 20–50 സെന്റിമീറ്റർവരെ. ഇവയുടെ ഭാരം സാധാരണ സാമ്പിളുകൾക്ക് ഏകദേശം 250–600 ഗ്രാം, ഏറ്റവും വലിയ സാമ്പിളിന് 2.2 കിലോഗ്രാം. ഈ ഫംഗസിന്റെ വളർച്ചയുടെ മറ്റൊരു പ്രത്യേകത പ്രായം കൂടുന്നതിനനുസരിച്ച് രൂപത്തിൽ മാറ്റമുണ്ടാകുന്നു എന്നതാണ്. ഇളം പ്രായത്തിൽ മുകളറ്റം ഉരുണ്ടതും മുഴപോലെയും വളർച്ച പുരോഗമിക്കുമ്പോൾ വിരലുകൾപോലെ നീണ്ട ശാഖകൾ രൂപപ്പെടുന്നു. ജീവികളെ ശാസ്ത്രീയമായി വർഗീകരിക്കുന്നത് അവയുടെ രൂപം നോക്കി മാത്രമല്ല, ശരീരഘടന, കേന്ദ്രങ്ങളുടെ സവിശേഷതകൾ, പ്രത്യുൽപ്പാദന രീതി, ജനിതകബന്ധങ്ങൾ, പരിണാമ ചരിത്രം എന്നിവയെല്ലാം പഠിച്ചാണ് ആധുനിക വർഗീകരണം നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് ഈ ഭീമൻ ഫംഗസിന്റെ കണ്ടെത്തലിന് വലിയ പ്രാധാന്യമുള്ളത്. ഗവേഷകർ ഇതിനെ ഒരു പുതിയ സ്പീഷിസായിമാത്രം വിശേഷിപ്പിച്ചല്ല, മറിച്ച് Dianjunsഎന്ന പുതിയ ജനുസ്സും Dianjunaceal എന്ന പുതിയ കുടുംബവുമായി വർഗീകരിച്ചു. ആസ്കോ മൈകോട്ട എന്ന ഫൈലത്തിലെ ഒരംഗമാണ് ഈ ഭീമൻ ഫംഗസ്. ജനിതകപരിശോധനകളിൽ ഫംഗസ് ഇതിനകം അറിയപ്പെട്ടിരുന്ന ഫംഗസ് കുടുംബങ്ങളിൽനിന്ന് വ്യക്തമായി വേർതിരിഞ്ഞ ഒരു പരിണാമശാഖയിലാണെന്നും കണ്ടെത്തി. കൂടാതെ അതിന്റെ വലിപ്പം, രൂപം, പുറംപാളിയുടെ സ്വഭാവം, സൂക്ഷ്മ ഘടകങ്ങൾ എന്നിവയും വ്യത്യസ്തമായിരുന്നു. ഇത്തരം തെളിവുകൾ ഒരുമിച്ചു ചേർന്നപ്പോഴാണ് ഇതിന് പുതിയ ജനുസ്സും കുടുംബവും നിർദേശിക്കാനായത്. Dianjunus എന്ന ജനുസ്സിന്റെ പേര്‌ യുനാൻ പ്രദേശവുമായി ചരിത്രപരമായി ബന്ധപ്പെട്ടിരുന്ന പുരാതന ഡിയാൻ രാജ്യത്തിന്റെയും ചൈനീസ് ഭാഷയിലെ ഫംഗസിനെ സൂചിപ്പിക്കുന്ന ജുൻ (Jun )എന്ന പദങ്ങൾകൂടി ചേർന്നതാണ്. റെക്സ് എന്നാൽ ലാറ്റിൻ ഭാഷയിൽ രാജാവ് എന്നാണ് അർഥമാക്കുന്നത്. ഈ ഫംഗസിന്റെ അസാധാരണ വലിപ്പം എങ്ങനെ പരിണമിച്ചെന്ന് കൃത്യമായി മനസ്സിലാക്കാൻ കൂടുതൽ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ആവശ്യമാണ്.


ഒരു ജീവിവർഗം ശാസ്ത്രീയമായി തിരിച്ചറിയപ്പെടുന്നതിന് മുന്പുതന്നെ അതിന്റെ ആവാസവ്യവസ്ഥ നശിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ ജീവികളെ കണ്ടെത്തുന്നതിനൊപ്പം അവ നിലനിൽക്കുന്ന വനങ്ങളെ സംരക്ഷിക്കുകയും വേണം. ഭീമൻ ഫംഗസിന്റെ കണ്ടെത്തൽ ഈ സന്ദേശം വീണ്ടും ഓർമിപ്പിക്കുന്നു.


ഫംഗസ് അസാധാരണ വലിപ്പമുള്ള ഒരു ജീവി മാത്രമല്ല, പുതിയ ജനുസ്സിന്റെയും പുതിയ കുടുംബത്തിന്റെയും പ്രതിനിധിയെന്ന നിലയിൽ ഫംഗസുകളുടെ വർഗീകരണത്തിന് പുതിയ അറിവുകൾ കൂട്ടിച്ചേർത്തിരിക്കുന്നു. അതിന്റെ പരിണാമചരിത്രം ഏകദേശം 65 ദശലക്ഷം വർഷങ്ങളിലേക്ക് നീളാമെന്ന ജനിതക പഠനത്തിന്റെ നിഗമനം ഭൂമിയുടെ പുരാതന ചരിത്രമായി ഇന്നത്തെ വനങ്ങളെ ബന്ധിപ്പിക്കുന്നു.


(കേരള സർവകലാശാല ജെെവവെെവിധ്യ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home