Deshabhimani

print edition കടമ്പയിൽ പുതുവേഗം

HARDILS

സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ അനാമിക അജേഷ്‌ റെക്കോഡോടെ സ്വർണം നേടുന്നു /ഫോട്ടോ: ബിനുരാജ്

avatar
പി അഭിഷേക്‌

Published on Oct 30, 2026, 12:57 AM | 1 min read

കോഴിക്കോട്: കടമ്പകൾ പലതായിരുന്നു അനാമികയ്‌ക്ക്‌. ആദ്യം കൊല്ലത്ത്‌ നടന്ന സംസ്ഥാന ജൂനിയർ മീറ്റ്‌. പിന്നെ ജില്ലാ കായികമേള. ഇ‍ൗ മാസമാദ്യം ഗോവയിൽ ലോക സ്‌കൂൾ ചാന്പ്യൻഷിപ്‌ ട്രയൽസ്‌. തുടർന്ന്‌ ചെന്നൈയിൽ ദേശീയ ജൂനിയർ മീറ്റ്‌. അവിടെ മെഡൽ നേടി നേരെ കോഴിക്കോട്‌ എൻഐടി സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കിലേക്ക്‌. സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എട്ടാണ്ടിന്റെ പഴക്കമുള്ള റെക്കോഡ്‌ തകർത്ത്‌ സ്വർണപ്പതക്കം.


അനാമികയുടെ മനസിപ്പോൾ ബ്രസീലിലാണ്‌. ഡിസംബറിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ലോക സ്‌കൂൾ ചാന്പ്യൻഷിപ്പാണ്‌ അടുത്ത വേദി.

സീനിയർ പെൺകുട്ടികളുടെ കടന്പയോട്ടത്തിൽ 13.69 സെക്കന്‍ഡിൽ കുതിച്ചാണ്‌ ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ അനാമിക അജേഷ്‌ റെക്കോഡിട്ടത്‌. 2018ല്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ അപര്‍ണ റോയ് കുറിച്ച 13.85 സെക്കൻഡ്‌ സമയം തിരുത്തി. കഴിഞ്ഞവര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു.


തൊട്ടതെല്ലാം പൊന്നാക്കുകയാണ്‌ അനാമിക. ബ്രസീലിലേക്കുള്ള ഇന്ത്യൻ സംഘത്തിലെ നാല്‌ മലയാളികളിലൊരാളാണ്‌. ദേശീയ ജൂനിയർ മീറ്റിൽ ഹർഡിൽസിൽ പൊന്നണിഞ്ഞു. ഹെപ്‌റ്റാത്‌ലണിൽ വെള്ളിയും. സംസ്ഥാന ജൂനിയർ മീറ്റിൽ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയപ്പോൾ ഹെപ്‌റ്റയിൽ റെക്കോഡോടെ പൊന്ന്‌. സംസ്ഥാന സ്‌കൂൾ കായികമേളയിൽ രണ്ടാമത്തെ മെഡലാണ്‌. കഴിഞ്ഞ ദിവസം 400 മീറ്ററിൽ വെള്ളി നേടിയിരുന്നു. റിലേയിൽ സ്വർണം നേടിയ ആലപ്പുഴ ടീമിലും അംഗമായിരുന്നു.


സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കെ ആര്‍ സാംജിയാണ് പരിശീലകന്‍. സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗകര്യമില്ലാത്തതിനാല്‍ കലവൂർ എൻ ഗോപിനാഥ്‌ മെമ്മോറിയൽ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കിലാണ് പരിശീലനം. ആലപ്പുഴ ചേര്‍ത്തല കഞ്ഞിക്കുഴിയാണ്‌ സ്വദേശം. വി എസ് അജേഷിന്റെയും സോണിയുടെയും മകളാണ്. അമലാണ് സഹോദരന്‍. പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിന്റെ എന്‍ എസ് വിഷ്ണുശ്രീ വെള്ളിയും (14.69) കണ്ണൂര്‍ തലശേരി സായിയുടെ അന്ന റോസ് രാജു വെങ്കലവും നേടി (14.88).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home