കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല ദക്ഷിണമേഖല കലോത്സവം
"ജന്തർ മന്തറി'ന് കലോത്സവ വേദിയിലും വിലക്ക്

ചാത്തന്നൂർ
രാജ്യതലസ്ഥാനത്ത് ജന്തർ മന്തറിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുപിന്നാലെ കലോത്സവ വേദികളിലെ പേരുകൾക്കും വിലക്ക്. പാരിപ്പള്ളി കൊല്ലം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന കേരള ആരോഗ്യശാസ്ത്ര സർവകലാശാല ദക്ഷിണമേഖല കലോത്സവം ‘സദ്ദ ഹഖ്’ന്റെ ഒന്നാം വേദിയായ ‘ജന്തർ മന്തര്‍’, രണ്ടാം വേദിയായ ‘ആർട്ടിക്കിൾ 19 (എ)’ എന്നിവയുടെ പേരുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകർക്ക് സർവകലാശാലയിൽനിന്ന് നിർദേശം ലഭിച്ചു. ഇതേത്തുടർന്ന് വേദിയുടെ പേരുകൾ വ്യാഴം രാത്രിയോടെ സംഘാടകർ തുണികെട്ടി മറച്ചു. രാജ്യത്തെ വിവിധ ജനകീയ പ്രക്ഷോഭങ്ങൾക്ക് വേദിയായ ഡൽഹിയിലെ ജന്തർ മന്തറിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെച്ചൊല്ലി ചർച്ചകൾ ഉയരുന്നതിനിടെയാണ് കലോത്സവ വേദികളിലെ പേരുകൾ മാറ്റണമെന്ന നിർദേശം. സമരങ്ങളുടെ ഇടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം അവയുടെ പേരുകൾ കലയുടെ വേദികളിൽനിന്ന് ഒഴിവാക്കപ്പെടുകയാണോ എന്ന ചോദ്യവും ഇതോടെ ഉയരുന്നു. യുവതലമുറയുടെ സാമൂഹികബോധവും സർഗാത്മകമായ ആവിഷ്കാരങ്ങളും പ്രതിഫലിക്കുന്ന വേദിയിൽ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഓർമിപ്പിക്കുന്ന പേരുകൾ നീക്കണമെന്ന നിർദേശം പുതിയ വിവാദത്തിന് വഴിയൊരുക്കി. നിതിൻ രാജ്, ഗാസ, രോഹിത് വെമുല, അംബേദ്കർ, ഗൗരി ലങ്കേഷ്, ഭഗത്സിങ് തുടങ്ങിയ പേരുകളും മറ്റുവേദികൾക്ക് നൽകിയിട്ടുണ്ട്.









0 comments