സമുദ്ര മാലിന്യങ്ങളിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ
ശ്രദ്ധേയമായി സിഫ്റ്റിന്റെ പ്രദർശനം

ഉപേക്ഷിക്കപ്പെട്ട ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ബോട്ടുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമിച്ച ചെടിച്ചട്ടികൾ, പൂപ്പാത്രങ്ങൾ, നടപ്പാതകളിൽ ഉപയോഗിക്കുന്ന ടൈലുകൾ എന്നിവ
കൊച്ചി
സമുദ്ര മാലിന്യങ്ങളും മത്സ്യബന്ധന പ്രവർത്തനങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങളും പുനരുപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന്റെ സാധ്യതകൾ പരിചയപ്പെടുത്തി കൊച്ചി ഐസിഎആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) ‘ഫ്രം വേസ്റ്റ് ടു വെർത്ത്’ പ്രദര്‍ശനം സംഘടിപ്പിച്ചു.
ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, പഴയ ബോട്ടുകളുടെ അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് നിർമിച്ച വിവിധ ഉൽപ്പന്നങ്ങൾ പ്രദർശത്തിനുണ്ടായി. സമുദ്ര മാലിന്യങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് പെല്ലറ്റുകളും സിമന്റുമായി ചേർത്തുണ്ടാക്കുന്ന സംയുക്ത വസ്തുക്കളുമായിരുന്നു പ്രധാന ആകർഷണം.
ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് നിർമിച്ച കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, പൂച്ചട്ടികൾ, ചെടിച്ചട്ടികൾ, നടപ്പാതകളിൽ ഉപയോഗിക്കുന്ന ടൈലുകൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആർപി) ബോട്ടുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമിച്ച പൂച്ചട്ടികളും മറ്റു അലങ്കാര, ഉപയോഗപ്രദമായ വസ്തുക്കളും ശ്രദ്ധനേടി. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും കയറുകളും ഉപയോഗിച്ച് നിർമിച്ച ജെല്ലിഫിഷ് മാതൃകയും മത്സ്യബന്ധന ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരുക്കിയ ബോട്ട് മാതൃകയും സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചു.









0 comments