പൂജ ക്രിക്കറ്റ്
ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ചെന്നൈ ചാന്പ്യന്മാർ

ഓൾ ഇന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ചെന്നൈ ടീം
തൃപ്പൂണിത്തുറ
എഴുപത്താറാമത് ഓൾ ഇന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ചെന്നൈ ചാന്പ്യന്മാരായി. അവസാന പന്തിൽ അടിച്ച സിക്സറിലൂടെ ഒരു വിക്കറ്റിന് ജോളി റോവേഴ്സ് കോയമ്പത്തൂരിനെയാണ് ചെന്നൈ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജോളി റോവേഴ്സ് സെഞ്ചുറി നേടിയ എസ് ലക്ഷ്യയുടെയും അർധസെഞ്ചുറികളുമായി തിളങ്ങിയ ജെ സുരേഷ് കുമാറിന്റെയും എസ്ജെ അരുൺ കുമാറിന്റെയും മികവിലാണ് നിശ്ചിത 45 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെന്ന കൂറ്റൻ സ്കോർ എടുത്തത്. 308 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ജിഎസ്ടി എക്സൈസിന് അവസാന ഓവറുകളിൽ മത്സരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ സെഞ്ചുറി നേടിയ എസ് ഗണേഷാണ് രക്ഷകനായത്. അവസാന രണ്ട് പന്തിൽ ജയിക്കാൻ 12 റൺസ് വേണമെന്ന ഘട്ടത്തിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി ഗണേഷ് ജിഎസ്ടിയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. പുറത്താകാതെ 115 റൺസ് നേടിയ ഗണേഷിന്റെയും 35 പന്തിൽ 73 റൺസ് അടിച്ചുകൂട്ടിയ ആർ വിവേകിന്റെയും പ്രകടനമാണ് 45–ാംഓവറിലെ അവസാന പന്തിൽ ജിഎസ്ടി ടീമിന് വിജയം സമ്മാനിച്ചത്. ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ്, വി അച്യുതൻകുട്ടിക്കൊപ്പം മണിമുഴക്കിയാണ് ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തത്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി സെക്രട്ടറി സാബി ജോൺ, വിജയ് ഫ്രാൻസിസ്, വിനോദ് കുമാർ മേനോൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments