ഗ്രാമീണ പോസ്‌റ്റോഫീസുകൾക്ക് പൂട്ടുവീഴുന്നു

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വടകര പുത്തൂർ ബ്രാഞ്ച് പോസ്റ്റ് ഓഫീസ്

സ്വന്തം ലേഖകൻ
Published on Oct 30, 2026, 02:24 AM | 1 min read
വടകര
നഗരസഭാ പരിധിയിലെ ഗ്രാമീണ തപാൽ ഓഫീസുകൾ പൂട്ടാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. പോസ്റ്റൽ ഡയറക്ടറേറ്റിന്റെ നിർദേശത്തെ തുടർന്ന് നിരവധി ബ്രാഞ്ച് പോസ്‌റ്റോഫീസുകൾക്ക് പൂട്ടു വീഴും. നവംബർ 15നകം നടപടി പൂർത്തിയാക്കണമെന്നാണ് നിർദേശം.
വടകര നഗരസഭയിലെ മേപ്പയിൽ, പുത്തൂർ, നടക്കുതാഴ, സിദ്ധസമാജം, കൊയിലാണ്ടി നഗരസഭയിലെ മേലൂർ, കുറുവങ്ങാട്, നടേരി, പെരുവട്ടൂർ, കേന്ദ്ര ഭരണ പ്രദേശമായ മാഹി നഗരസഭയിലെ പള്ളൂർ, നാലുതറ, പന്തക്കൽ എന്നീ ബ്രാഞ്ച് പോസ്‌റ്റോഫീസുകളാണ് പൂട്ടൽ ഭീഷണി നേരിടുന്നത്. നഗരസഭാ പരിധിയിലെ ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ ഗ്രാമീണ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കുകയോ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുകയോ വേണമെന്നാണ് തപാൽ വകുപ്പിന്റെ നിർദേശം. എന്നാൽ ഇതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല. നഗരസഭാ പരിധിയിലുള്ളവ മാറ്റി സ്ഥാപിക്കുക എളുപ്പവുമല്ല. ഫലത്തിൽ കൂട്ടത്തോടെ ബ്രാഞ്ച് തപാൽ ഓഫീസുകൾ പൂട്ടും.
തപാൽ ഓഫീസുകൾ ഇല്ലാതാവുന്നതോടെ ഗ്രാമീണ മേഖലയിലുള്ളവർക്ക് സേവനങ്ങൾ അപ്രാപ്യമാകും. ഹെഡ് പോസ്‌റ്റ് ഓഫീസ്, സബ് പോസ്‌റ്റ് ഓഫീസ്, ബ്രാഞ്ച് പോസ്‌റ്റോഫീസ് എന്നിങ്ങനെയാണ് പോസ്‌റ്റോഫീസുകളുടെ പ്രവർത്തനം. ഏതാനും മാസംമുമ്പ് വടകര താഴെ അങ്ങാടിയിലെ സബ് പോസ്‌റ്റോഫീസ് അധികൃതർ പൂട്ടിയിരുന്നു. ലാഭകരമല്ലെന്ന് പറഞ്ഞ് ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ പൂട്ടി സ്വകാര്യ ഫ്രാഞ്ചൈസികൾക്ക് നടത്തിപ്പിന് കൊടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. ഇത് വൻ തോതിൽ തൊഴിൽ അവസരങ്ങളും സേവനങ്ങളും ഇല്ലാതാക്കുന്നതിനും ഇടയാക്കും. വടകരയിലെ ആർഎംഎസ് സംവിധാനവും റെയിൽവേ ഇല്ലാതാക്കിയിരുന്നു. വൈകിട്ട് തപാൽ ഉരുപ്പടി അയച്ചാൽ പിറ്റേ ദിവസം രാവിലെ തിരുവനന്തപുരം വരെ ലഭിക്കുമായിരുന്ന സേവനമാണ് ഇല്ലാതായത്. മറ്റ് സംസ്ഥാനങ്ങളിൽ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പുതിയവ അനുവദിക്കുമ്പോൾ കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയുമാണ്. പോസ്‌റ്റോഫീസുകൾ പൂട്ടുന്ന നടപടിയിൽ നിന്നും തപാൽ വകുപ്പ് പിൻമാറണമെന്ന് എൻഎഫ്പിഇ വടകര ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments