ഓഫീസ് അറ്റൻഡർ കം കോച്ച്

അലൈൻ കൃഷ്ണ, കോച്ച് ജിബി പോൾ, അമേഘ് കൃഷ്ണ
കോഴിക്കോട്
തൃശൂർ മതിലകം സെന്റ് ജോസഫ് എച്ച്എസ്എസിലെ ഓഫീസ് അറ്റൻഡർ ജിബി പോൾ എൻഐടി മൈതാനത്ത് പ്രത്യേക ഡ്യൂട്ടിയിലാണ്. ഓഫീസുമായി ബന്ധപ്പെട്ട ഡ്യൂട്ടിയല്ല. തന്റെ പ്രിയ ശിഷ്യരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിച്ച് നേട്ടങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു ഡ്യൂട്ടി. അത് കൃത്യമായി നിർവഹിച്ചാണ് മടക്കം. അതേ സ്കൂളിൽ എട്ടാം ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന കൂട്ടുകാരായ അമേഘിനെയും അലൈനെയുമാണ് ജിബി പരിശീലിപ്പിച്ചത്. സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ കെ കെ അമേഘ് കൃഷ്ണ സ്വർണവും അലൈൻ കൃഷ്ണ വെങ്കലവും നേടി.
കഴിഞ്ഞ വർഷം ഇതേ വിഭാഗത്തിൽ സ്വർണം നേടിയ മുഹമ്മദ് നാഫിയെയും ജിബി ആയിരുന്നു പരിശീലിപ്പിച്ചത്. പഠിക്കുന്ന കാലത്ത് ജിബിയും അത്‌ലറ്റിക്സ് ഇനങ്ങളിൽ പങ്കെടുത്തിരുന്നു. 1500, 5000 മീറ്റർ ലോങ് റേസിൽ സംസ്ഥാന കായിക മേളയിൽ മാറ്റുരച്ചിട്ടുണ്ട്. മതിലകം കാരേക്കാട്ടിൽ ജിബി പോൾ 11 വർഷമായി മതിലകം സ്കൂളിൽ ജോലി ചെയ്യുന്നു. ജോലിക്ക് ശേഷം ലഭിക്കുന്ന സമയങ്ങളിലാണ് സ്കൂൾ ഗ്രൗണ്ടിൽ പരിശീലിപ്പിക്കുന്നതും.
പെരിഞ്ഞനം കാരയിൽ വീട്ടിൽ കാർത്തികേയൻ ആശ ദമ്പതികളുടെ മകനാണ് അമേഘ് കൃഷ്ണ. സഹോദരൻ ലെവിൻ കൃഷ്ണ. എടവിലങ്ങ് മണ്ടത്തറയിൽ നിഖിൽ കൃഷ്ണനാണ് അലൈൻ കൃഷ്ണന്റെ അച്ഛൻ. അമ്മ ബബിത. അൻവിക ജാനകി സഹോദരി.









0 comments