അത്താണി അപകടം
അപകടമേഖലയിൽ സംയുക്ത പരിശോധന

മൂന്നുപേരുടെ ജീവനപഹരിച്ച അത്താണി അപകടസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുന്നു
കൊച്ചി
നെടുമ്പാശേരി–അത്താണി–വിമാനത്താവള റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കാൻ ബഹുമുഖ പദ്ധതി തയ്യാറാക്കുന്നു. മോട്ടോർ വാഹനവകുപ്പ്, പൊലീസ്, സിയാൽ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംയുക്തസംഘം അപകടമേഖലയിൽ വിശദമായ പരിശോധന നടത്തി.
അത്താണി സിഗ്നൽമുതൽ വിമാനത്താവളംവരെയുള്ള റോഡിലെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് എറണാകുളം എൻഫോഴ്സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കുന്നത്.
റോഡിലെ വളവുകൾ, യു-ടേണുകൾ എന്നിവിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനൊപ്പം ബ്ലിങ്കർ ലൈറ്റുകൾ, റമ്പിൾ സ്ട്രിപ്പുകൾ, എഐ നിരീക്ഷണ കാമറകൾ, റോഡ് മാർക്കിങ്ങുകൾ, ദിശാസൂചികകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള ശുപാർശകളും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കെആർഎസ്എ, ഡിആർഎസ്എ, സർക്കാർ എന്നിവയ്ക്ക് സമർപ്പിക്കും. അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഭാവിയിൽ സമാനമായ ദുരന്തങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് അത്താണിയിലെ അപകടം വ്യക്തമാക്കുന്നതെന്ന് ആർടിഒ ചൂണ്ടിക്കാട്ടി. കർശനമായ നിയമപാലനവും കാര്യക്ഷമമായ റോഡ് സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്വമുള്ള ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments