കുസാറ്റ് പഠനം
വയറിലെ സൂക്ഷ്മജീവികളും പാർക്കിൻസൺസ് രോഗവും തമ്മിൽ ബന്ധം

ഡോ. പി എസ് ബേബി ചക്രപാണി, ഡോ. പി എ അനീസ, ഡോ. ഡോ. ശ്യാംകൃഷ്ണൻ
കളമശേരി
പാർക്കിൻസൺസ് രോഗത്തിൽ മനുഷ്യന്റെ കുടലിൽ ജീവിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകൾക്ക് പ്രധാന പങ്കുണ്ടെന്ന് കേരളത്തിലെ രോഗികളിൽ നടത്തിയ പഠനം. 'എൻജെപി പാർക്കിൻസൺസ് ഡിസീസി'എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊച്ചി സർവകലാശാല, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയിലെ ഗവേഷകർ സംയുക്തമായാണ് പഠനം നടത്തിയത്. ഐസിഎംആർ ധനസഹായത്തോടെ നടത്തിയ പഠനത്തിൽ കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടർ ഡോ. പി എസ് ബേബി ചക്രപാണി, ഡോ. പി എ അനീസ, ശ്രീചിത്രയിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. ശ്യാംകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ശരീര ചലനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന 'ഡോപാമിൻ' എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങൾ നശിക്കുമ്പോഴാണ് പാർക്കിൻസൺസ് രോഗം ഉണ്ടാകുന്നത്. പാർക്കിൻസൺസ് രോഗികളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും കണ്ടുവരാറുണ്ടെന്ന് മുൻ പഠനങ്ങളിലുണ്ട്. ശ്രീചിത്രയിലെ 'കോംപ്രിഹെൻസീവ് കെയർ സെന്റർ ഫോർ മൂവ്മെന്റ് ഡിസോർഡേഴ്സിൽ' ചികിത്സ തേടിയിരുന്ന 65 പാർക്കിൻസൺസ് രോഗികളെയും ആരോഗ്യവാന്മാരായ 65 ആളുകളെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ബാക്ടീരിയകളുടെ അളവിലുള്ള വ്യത്യാസങ്ങൾ പാർക്കിൻസൺസ് രോഗത്തിന്റെ തീവ്രതയുമായും രോഗത്തിന്റെ മറ്റ് ക്ലിനിക്കൽ സവിശേഷതകളുമായും ബന്ധം പുലർത്തുന്നുണ്ട്.
ആഹാരരീതി, ജീവിതശൈലി, താമസിക്കുന്ന പ്രദേശം എന്നിവയെല്ലാം വയറിനകത്തെ സൂക്ഷ്മജീവികളുടെ ഘടനയെ സ്വാധീനിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളിൽ വെവ്വേറെ ബാക്ടീരിയകൾ കണ്ടെത്തിയതിന് കാരണവും ഇതാണ്. കേരളത്തിൽ പാർക്കിൻസൺസ് രോഗാവസ്ഥയെ ആസ്പദമാക്കി സമഗ്രപഠനം ആദ്യമായാണ് നടത്തുന്നത്. കേരളത്തിലെ രോഗികളിൽ കണ്ടുവരുന്ന ബാക്ടീരിയ പാറ്റേണുകൾ തിരിച്ചറിയുന്നത് വഴി, ഭാവിയിൽ ഈ രോഗ നിർണയത്തിനായുള്ള ലളിതമായ പരിശോധനകൾ വികസിപ്പിക്കാനും കുടലിന്റെ ആരോഗ്യം വീണ്ടെടുക്കുന്ന ചികിത്സാരീതികൾ കണ്ടെത്താനും സാധിച്ചേക്കും.









0 comments