മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഫിസാറ്റ് രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ഫിസാറ്റ് രജത ജൂബിലി ബ്ലോക്ക്
അങ്കമാലി
ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എഫ്ബിഒഎ) നേതൃത്വം നൽകുന്ന അങ്കമാലി ഫെഡറൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഫിസാറ്റ്) രജതജൂബിലി തിളക്കത്തിൽ. രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ജൂബിലി മന്ദിരത്തിന്റെ സമർപ്പണവും വെള്ളി രാവിലെ 10ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.
2002ൽ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായിരുന്ന പി വി മാത്യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാലയം നൂതന ആശയങ്ങളുടെയും അക്കാദമിക് മികവിന്റെയും കേന്ദ്രമാണ്. കലാകായികരംഗങ്ങളിലും വിദ്യാർഥികൾ മികവുപുലർത്തുന്നു.
നാലായിരത്തോളം വിദ്യാർഥികളും നാനൂറിലധികം ജീവനക്കാരുമുണ്ട്. പി ആർ ഷിമിത്ത് ചെയർമാനായ ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ എഡ്യുക്കേഷണൽ സൊസൈറ്റിയാണ് (എഫ്ബിഒഎഇഎസ്) നേതൃത്വം നൽകുന്നത്. ക്യമ്പസിൽനിന്നു ലഭിക്കുന്ന തൊഴിൽ അവസരങ്ങൾക്കുപുറമെ വിദ്യാർഥികൾക്ക് സംരംഭകത്വ പാതയും തുറന്നുനൽകുന്നു. ബിടെക്, ഇന്റഗ്രേറ്റഡ് എംസിഎ, എംടെക്, എംസിഎ, എംബിഎ കോഴ്‌സുകളും ഗവേഷണസൗകര്യവുമുണ്ട്.സ്വയംഭരണ പദവിയുള്ള കലാലയം ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയാകാനുള്ള ഒരുക്കത്തിലാണ്. നൂതനമായ ആശയങ്ങളെ പുതിയ ഉൽപ്പന്നമാക്കി മാറ്റുന്നതിന് ഐഡിയ ലാബും ഫാബ് ലാബ് സംവിധാനവും ഫിസാറ്റിൽ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ മികച്ച സംരംഭകത്വ വികസന കേന്ദ്രങ്ങൾക്കുള്ള അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും പേറ്റന്റുകളും ഫാബ് ലാബിനു നേടാനായി.









0 comments