കേരളം എഴുപതാം വയസിലേക്ക്
സ്മരണകളിൽ മലയാളി മെമ്മോറിയൽ

തിരുനക്കരയിലെ പബ്ലിക് ലൈബ്രറി കെട്ടിടം
കോട്ടയം ‘1891 ഇടവമാസം 22ന് വൈകിട്ട് 4.30ന് കോട്ടയത്തെ വായനശാലയിൽ ഒരു ജനസംഘം ഒത്തുകൂടി. കോട്ടയത്തും അടുത്ത പ്രദേശങ്ങളിലുമുള്ള നസ്രാണികളും നായൻമാരും നന്പൂതിരിമാരും മറ്റെല്ലാ മതവിഭാഗക്കാരും ഹാജരുണ്ടായിരുന്നു. വായനശാലയുടെ അകത്ത് തിങ്ങിനിറഞ്ഞ് ആളുകൾ ഉണ്ടായിരുന്നു’. മലയാളി എന്ന സ്വത്വബോധത്തിനും പൗരാവകാശ ചിന്തയ്ക്കും തിരിനാന്പിട്ട മലയാളി മെമ്മോറിയലിനെക്കുറിച്ചാണ് ഇൗ പത്രവാർത്ത. തിരുനക്കരയിലെ പബ്ലിക് ലൈബ്രറിയിലായിരുന്നു മലയാളി മെമ്മോറിയലിന്റെ കരട് തയ്യാറാക്കാൻ ജാതിമതഭേദമന്യേ ജനങ്ങൾ ഒത്തുചേർന്നത്. കേരളം എഴുപതാം വയസിലേക്ക് കടക്കുന്പോൾ സാമൂഹിക നീതിക്കായുള്ള ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്ന മലയാളി മെമ്മോറിയലും അതിന് വേദിയായ കോട്ടയം പബ്ലിക് ലൈബ്രറിയും ഒരിക്കൽക്കൂടി സ്മരണകളിൽ നിറയുന്നു. പരദേശി ബ്രാഹ്മണർക്ക് കൂടുതലായി ഉദ്യോഗങ്ങൾ നൽകുന്നതിനും സ്വദേശികളെ അവഗണിക്കുന്നതിനും എതിരായിട്ടായിരുന്നു മെമ്മോറിയൽ. കെ പി ശങ്കരമേനോന്റെ നേതൃത്വത്തിൽ 10,028 പേർ ഒപ്പിട്ട മെമ്മോറിയൽ 1891 ജനുവരി ഒന്നിന് തിരുവിതാംകൂർ രാജാവ് മൂലം തിരുനാളിനാണ് നൽകിയത്. ആറംഗങ്ങളെ രാജാവ് ചർച്ചയ്ക്ക് വിളിച്ചു. ജി പരമേശ്വരൻപിള്ള, കെ പി പത്മനാഭമേനോൻ, എം കെ പത്മനാഭപിള്ള, സിറിയക് നിധീരി, കാവാലം നീലകണ്ഠപിള്ള, ശിവൻപിള്ള എന്നിവരെയാണ് ചർച്ചയ്ക്കായി തെരഞ്ഞെടുത്തത്. രാജാവിന് നൽകേണ്ട വിശദീകണം തയ്യാറാക്കിയതും ആറംഗ സംഘത്തെ തിരുവനന്തപുരത്തെ കൊട്ടാരത്തിലേക്ക് യാത്രയാക്കിയതും പബ്ലിക് ലൈബ്രറിയിൽനിന്നായിരുന്നു. 1891 ജൂലൈ മൂന്നിനാണ് വിശദീകരണ മെമ്മോറിയൽ രാജാവിന് കൈമാറിയത്. സാമൂഹിക നീതിക്കായുള്ള തിരുവിതാംകൂറിൽ ആദ്യത്തെ സംഘടിത പ്രക്ഷോഭമായാണ് മലയാളി മെമ്മോറിയലിനെ കണക്കാക്കുന്നത്. പിന്നീട് കോട്ടയം പബ്ലിക് ലൈബ്രറിയായി പടർന്ന് പന്തലിച്ച തിരുനക്കരയിലെ വായനശാലയായിരുന്നു ഇൗ ജനകീയ മുന്നേറ്റത്തിന് വേദിയായി ചരിത്രത്തിൽ ഇടംപിടിച്ചത്. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി ചിതറിക്കിടന്നിരുന്ന മനുഷ്യരെ മലയാളി എന്ന ഒറ്റപ്പേരിലേക്കും ഐക്യകേരളമെന്ന ആശയത്തിലേക്കും കോർത്തിണക്കിയ പ്രക്ഷോഭത്തിന്റെ കേന്ദ്രസ്ഥാനമാകാൻ കോട്ടയത്തിന് കഴിഞ്ഞു. സ്വന്തം നാട്ടിൽ സ്വന്തം ജനതയ്ക്ക് അധികാരം വേണമെന്ന പിൽക്കാല രാഷ്ട്രീയ സമരങ്ങളുടെ തുടക്കംകൂടിയായിരുന്നു ഇത്.









0 comments