Deshabhimani

print edition ഗോതമ്പിന്റെ രുചി മാറുമോ

gothamb
avatar
ഡോ. ഗോപകുമാർ ചോലയിൽ

Published on Oct 23, 2026, 12:00 AM | 3 min read

നാം കഴിക്കുന്ന ചപ്പാത്തിയുടെ ഗുണനിലവാരത്തെ അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് സ്വാധീനിക്കുമോ. കേൾക്കുമ്പോൾ വിചിത്രമെന്ന്‌ തോന്നാം. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പുതിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡ് കൂടുമ്പോൾ ഭൂമിയുടെ താപനിലമാത്രമല്ല ഉയരുന്നത്. ഭക്ഷ്യവിളകളുടെ വളർച്ചയിലും അവയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളിലും മാറ്റങ്ങൾ സംഭവിച്ചേക്കാം. ജർമനിയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പുതിയൊരു പഠനം വലിയ മുന്നറിയിപ്പാണ്‌. ഗോതമ്പിലെ പ്രോട്ടീനുകളുടെ ഘടനയിൽ കാർബൺ ഡൈഓക്സൈഡിന്റെ വർധന വരുത്തുന്ന മാറ്റങ്ങളും അവയുടെ ഭക്ഷ്യഗുണവുമായുള്ള ബന്ധവുമാണ് ഇ‍ൗ ഗവേഷകർ പരിശോധിച്ചത്. കാലാവസ്ഥാ വ്യതിയാനം വിളവിനെ മാത്രമല്ല, നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങളെയും ബാധിക്കുന്നുവെന്ന്‌ തെളിഞ്ഞു.


​പത്തിനങ്ങളിൽ പരീക്ഷണം


അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ ആഗോള ശരാശരി സാന്ദ്രത 1980-ൽ ഏകദേശം 340 പിപിഎം (Parts Per Million–ദശലക്ഷത്തിൽ ഒരു ഭാഗം) ആയിരുന്നത് 2024-ൽ ഏകദേശം 425 പിപിഎം ആയി ഉയർന്നു. ഈ വർധന ഭാവിയിൽ ഭക്ഷ്യവിളകളെ എങ്ങനെ ബാധിക്കുമെന്നായിരുന്നു അന്വേഷണം. ജർമനിയിലെ ലെയ്ബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് സിസ്റ്റംസ് ബയോളജി, മ്യൂണിക് സാങ്കേതിക സർവകലാശാല എന്നിവയിലെ ഗവേഷകർ ഉൾപ്പെട്ട സംഘമാണ്‌ പഠനം നടത്തിയത്. പത്തിനം ശീതകാല ഗോതമ്പുകളെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു. പാടത്ത് നടത്തിയ പരീക്ഷണത്തിൽ ചില ഗോതമ്പിനങ്ങൾ 450 പിപിഎം കാർബൺ ഡൈഓക്സൈഡ് സാന്ദ്രതയിലും മറ്റുള്ളവ 546 പിപിഎം സാന്ദ്രതയിലും വളർത്തി. വിളവെടുപ്പിനുശേഷം ധാന്യങ്ങളിലെ വിവിധപ്രോട്ടീനുകളുടെ അളവും ഘടനയും അത്യാധുനിക വിശകലനരീതികൾ ഉപയോഗിച്ച് പരിശോധിച്ചു. ഗോതമ്പിലെ ആകെ പ്രോട്ടീന്റെ അളവിൽമാത്രം ഒതുങ്ങിയതായിരുന്നില്ല ഈ പഠനം. ഭക്ഷ്യഗുണനിലവാരവുമായി ബന്ധപ്പെട്ട വിവിധ പ്രോട്ടീനുകൾ ഏതെല്ലാമാണ്, അവയുടെ അളവിൽ എന്തുമാറ്റമുണ്ടാകുന്നു, ആ മാറ്റങ്ങൾ ഗോതമ്പിന്റെ ഉപയോഗ യോഗ്യതയെ എങ്ങനെ ബാധിക്കുന്നു എന്നീ കാര്യങ്ങളും ഗവേഷകർ പരിശോധിച്ചു.


​പ്രോട്ടീനുകളിലെ മാറ്റം


ഉയർന്ന കാർബൺ ഡൈഓക്സൈഡ് സാന്ദ്രതയിൽ വളർന്ന ഗോതമ്പിൽ എല്ലാ പ്രോട്ടീനുകളിലും ഒരേതരത്തിലുള്ള മാറ്റമല്ല സംഭവിച്ചത്. ചില പ്രോട്ടീനുകളുടെ അളവ്‌ വർധിച്ചപ്പോൾ മറ്റ്‌ ചിലവയുടെ അളവുകുറഞ്ഞു. ഈ മാറ്റങ്ങളുടെ തോത് ഗോതമ്പിനങ്ങൾക്കനുസരിച്ചും വ്യത്യാസപ്പെട്ടു. അമൈലേസ്/ട്രിപ്സിൻ ഇൻഹിബിറ്ററുകൾ (amylase/trypsin inhibitors) എന്നറിയപ്പെടുന്ന പ്രോട്ടീനുകളുടെ അളവ് പൊതുവേ വർധിച്ചു. അതേസമയം, ഗോതമ്പിന്റെ ധാന്യഘടനയിലും ഭക്ഷ്യഗുണത്തിലും പങ്കുവഹിക്കുന്ന പ്യൂറോഇൻഡോളിനുകൾ (puroindolins), ഗ്ലൂട്ടൻ പ്രോട്ടീനുകൾ (gluten proteins) എന്നിവയുടെ അളവ് കുറഞ്ഞു. സീലിയാക്രോഗവുമായി ബന്ധപ്പെട്ട ചില പെപ്റ്റൈഡുകളുടെ (peptides) അളവിലും കുറവുണ്ടായി.


ധാന്യത്തിലെ ആകെ പ്രോട്ടീന്റെ അളവിലും ഇനംതിരിച്ചുള്ള വ്യത്യാസങ്ങൾ പ്രകടമായിരുന്നു. 10 ഗോതമ്പിനങ്ങളിൽ ഒമ്പതിലും പ്രോട്ടീന്റെ അളവ് 1.9 മുതൽ 10.3 ശതമാനംവരെ കുറഞ്ഞപ്പോൾ, ഒരിനത്തിൽ അത് 2.7 ശതമാനം വർധിച്ചു. അതായത്, ഉയർന്ന കാർബൺ ഡൈഓക്സൈഡ് സാന്ദ്രതയോടുള്ള പ്രതികരണം എല്ലാ ഗോതമ്പിനങ്ങളിലും ഒരുപോലെയല്ല. ഈ വ്യത്യാസം പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അനുയോജ്യമായ വിളയിനങ്ങൾ വികസിപ്പിക്കുമ്പോൾ വിളവുമാത്രമല്ല, ധാന്യത്തിന്റെ പ്രോട്ടീൻഘടനയും ഗുണനിലവാരവും പരിഗണിക്കേണ്ടതുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.


​ഗോതമ്പ് മാവിന്റെ നിലവാരം


​ഗോതമ്പുമാവിന്റെ ഗുണനിലവാരം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഗ്ലൂട്ടൻ. ഗോതമ്പുമാവ്‌ വെള്ളവുമായി ചേർത്ത് കുഴയ്ക്കുമ്പോൾ രൂപപ്പെടുന്ന ഇലാസ്തികതയ്ക്കും മാവിന്റെ ഘടനയ്ക്കും ഗ്ലൂട്ടൻ പ്രോട്ടീനുകൾ പ്രധാന സംഭാവന നൽകുന്നു. അതിനാൽ, അവയുടെ അളവിലും ഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഗോതന്പ്‌ മാവിന്റെ ഉപയോഗയോഗ്യതയെ ബാധിച്ചേക്കാം. പുതിയ പഠനത്തിൽ ഉയർന്ന കാർബൺഡൈഓക്സൈഡ്സാന്ദ്രതയിൽ വളർന്ന ഗോതമ്പിലെ ഗ്ലൂട്ടൻപ്രോട്ടീനുകളുടെ അളവ്കുറഞ്ഞു. ഗവേഷകർ നടത്തിയ ബേക്കിങ് പരീക്ഷണങ്ങളിലും ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തി. ഗോതമ്പിന്റെ പ്രോട്ടീൻഘടനയും അതിൽനിന്ന് തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണവും തമ്മിലുള്ള ബന്ധമാണ് ഇ‍ൗ കണ്ടെത്തൽ വ്യക്തമാക്കുന്നത്.


​ആരോഗ്യത്തെ ബാധിക്കുമോ


ഗോതമ്പിലെ പ്രോട്ടീനുകൾ ഭക്ഷ്യ ഗുണനിലവാരവുമായി മാത്രമല്ല, മനുഷ്യന്റെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവയുടെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. സീലിയാക്‌ രോഗം (Celiac disease) ഗ്ലൂട്ടൻ എന്ന പ്രോട്ടീനിനോടുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതിരോധപ്രവർത്തനംമൂലം ചെറുകുടലിന് കേടുപാടുകൾ സംഭവിക്കുന്ന ഒരുരോഗമാണ്. ഇതുമൂലം ഭക്ഷണത്തിലെ പോഷകങ്ങൾ ആഗിരണംചെയ്യാനുള്ള കഴിവ് കുറയാം. ഗോതമ്പിലെ ഗ്ലൂട്ടനിൽനിന്ന് ദഹനപ്രക്രിയക്കിടെ രൂപപ്പെടുന്ന ചില പെപ്റ്റൈഡുകൾ ഈ രോഗമുള്ളവരിൽ പ്രതിരോധ പ്രതികരണത്തിന് കാരണമാകാം. ചില പെപ്റ്റൈഡുകളുടെ അളവ് കുറഞ്ഞതുകൊണ്ടുമാത്രം സ‍ീലിയാക്‌ രോഗമുള്ളവർക്ക് ഗോതമ്പ് സുരക്ഷിതമാകുന്നില്ല. അതുപോലെ, ചില പ്രോട്ടീനുകളുടെ അളവ് വർധിച്ചതുകൊണ്ടുമാത്രം ആരോഗ്യപ്രശ്നങ്ങൾ കൂടുമെന്നും പറയാനാകില്ല. ഈ മാറ്റങ്ങളുടെ യഥാർഥ ജൈവപരവും രോഗപ്രതിരോധപരവുമായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.


​സാധ്യതകൾ


​അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ വർധന ഭക്ഷ്യവിളകളുടെ പോഷകഗുണത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് ശാസ്ത്രലോകം വർഷങ്ങളായി ഉത്തരം തേടുകയാണ്. നേരത്തെയുള്ള പഠനങ്ങൾ ഉയർന്ന കാർബൺ ഡൈഓക്സൈഡ് സാന്ദ്രതയിൽ വളരുന്ന ചില പ്രധാന ഭക്ഷ്യവിളകളിൽ പ്രോട്ടീന്റെ അളവ് കുറയാമെന്നും അത് പോഷകസുരക്ഷയ്ക്ക് വെല്ലുവിളിയാകാമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയപഠനം ഇതിൽനിന്ന്‌ വ്യത്യസ്തമായ മറ്റൊരുവശമാണ് പരിശോധിച്ചത്‌. ധാന്യത്തിലെ ആകെ പ്രോട്ടീന്റെ അളവിനൊപ്പം, അതിലെ വിവിധ പ്രോട്ടീനുകളുടെ ഘടനയും അനുപാതവും ഭക്ഷ്യഗുണത്തെ എങ്ങനെ ബാധിക്കുന്നു എന്നതും പ്രധാനമാണ്. ഉയർന്ന കാർബൺ ഡൈഓക്സൈഡ് സാന്ദ്രതയിൽ ഗോതമ്പിനങ്ങൾ വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്ന കണ്ടെത്തൽ ഭാവിയിലെ വിളപരിഷ്കരണപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home