പരിചരണം മെച്ചമായാൽ ഇഞ്ചി നന്നായി വിളയും

വീണാറാണി ആർ
Published on Oct 03, 2025, 03:28 AM | 1 min read
ആയുര്‍വേദ ഔഷധക്കൂട്ടിലും ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് രുചിയും മണവും നല്‍കുന്നതിലും പ്രധാനിയാണ് ഇഞ്ചി. ഇഞ്ചിത്തൈലം, ഇഞ്ചി സത്ത്, ഇഞ്ചി ഒഴിയോറെസിന്‍, ചുക്ക് എന്നിവയാണ് ഇഞ്ചിയിൽ നിന്നുള്ള പ്രധാന ഉല്‍പ്പന്നങ്ങള്‍. വരദ, സുപ്രഭ, സുരുചി, സുരവി, ഹിമഗിരി, മഹിമ, രജത, ആതിര, കാര്‍ത്തിക, അശ്വതി എന്നിവ അത്യുല്‍പ്പാദന ശേഷിയുള്ള ഇനങ്ങളാണ്. ഇന്ത്യയില്‍ ഇഞ്ചി ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ചില നാടന്‍ ഇനങ്ങളാണ് മാരന്‍, കുറുപ്പംപാടി, ഏറനാട്, ഹിമാചല്‍, നാദിയ തുടങ്ങിയവ. കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച കീടരോഗ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ മാത്രമേ നടാന്‍ തെരഞ്ഞെടുക്കാവൂ.
വെള്ളം കെട്ടിനില്‍ക്കാത്ത പശിമരാശിയേറിയ മണ്ണാണ് ഇഞ്ചി കൃഷിക്ക് അനുയോജ്യം. നടുന്നതു മുതല്‍ മുളയ്ക്കുന്നതു വരെ മിതമായ മഴയും വളരുന്ന സമയത്ത് ക്രമമായ നല്ല മഴയും വിളവെടുപ്പിന് തൊട്ടുമുമ്പായി സാമാന്യം വരണ്ട കാലാവസ്ഥയും ഇഞ്ചിക്ക് നിര്‍ബന്ധം. ഇഞ്ചി കൃഷിക്ക് തണല്‍ മുഖ്യമല്ലെങ്കിലും ചെറിയ തണല്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ തെങ്ങിന്‍ തോട്ടത്തിന് അനുയോജ്യമായ ഇടവിളയാണ് ഇഞ്ചി. ഓരോ സ്ഥലത്തെയും ഇനത്തിന്റെയും മണ്ണിന്റെയും അടിസ്ഥാനത്തില്‍ വിത്തിഞ്ചിയുടെ വലിപ്പവും തൂക്കവും വ്യത്യാസപ്പെടും.
കൂടുതല്‍ വിളവ് ലഭിക്കുന്നതിനായി വിത്തിഞ്ചി മുകുളങ്ങളോടുകൂടിയതാണ് നല്ലത്. ട്രൈക്കോഡര്‍മ ലായനിയില്‍ ഇഞ്ചി വിത്ത് മുക്കിയെടുക്കുന്നത് മുളയ്ക്ക് ചീയല്‍ വരുന്നത് തടയുകയും ഇഞ്ചിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും വിളവ് വര്‍ധിപ്പിക്കുകയും ചെയ്യും. നല്ല രീതിയില്‍ ഉഴുത് കിളച്ച് സെന്റൊന്നിന് മുക്കാല്‍ കിലോഗ്രാം വീതം ഡോളമൈറ്റും കുമ്മായവും ചേര്‍ത്തിളക്കാം. സാധാരണ രീതിയില്‍ ഒരടി ഉയരത്തിലുള്ള വാരങ്ങള്‍ തയ്യാറാക്കി 25 സെന്‍റീമീറ്റര്‍ അകലത്തിലായി ചെറിയ കുഴികളെടുത്ത് ചാണകപ്പൊടി വിതറി മുകുളങ്ങള്‍ മുകളിലേക്ക് വരത്തക്കവണ്ണം ഇഞ്ചി നടാം. സുഗന്ധവിള ഗവേഷണ കേന്ദ്രം നടത്തിയ പരീക്ഷണത്തില്‍ ഉണങ്ങിയ തെങ്ങോല ഇഞ്ചി നട്ട വാരങ്ങളില്‍ പുതയിടുന്നത് ഉല്‍പ്പാദനം കൂട്ടുമെന്ന് തെളിയിച്ചിട്ടുണ്ട്. സാധാരണ രീതിയില്‍ സെന്റൊന്നിന് 100 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും 7 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റും നടുന്ന സമയത്തും ഒന്നരമാസത്തിന് ശേഷം 4 കിലോഗ്രാം ചാരവും 20 കിലോഗ്രാം മണ്ണിര കമ്പോസ്റ്റും ചേര്‍ക്കണം.









0 comments