ജെയിംസ് വെബ് കണ്ടെത്തിയ മിന്നാമിനുങ്ങ്

നവനീത് എം പി
Published on Oct 03, 2025, 02:52 AM | 3 min read
ഏകദേശം 30 വർഷങ്ങൾക്കു മുന്പാണ് ഭൂമിയിൽനിന്ന് 50 പ്രകാശവർഷം അകലെയുള്ള 51 പെഗസി എന്ന നക്ഷത്രത്തെ, വെറും നാല് ദിവസംകൊണ്ട് വലംവയ്ക്കുന്ന ഒരു വാതക ഭീമൻ ഗ്രഹത്തെ ശാസ്ത്രലോകം കണ്ടെത്തുന്നത്. സൗരയൂഥത്തിന് പുറത്തെ ജീവൻ തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് അത് നൽകിയ പ്രചോദനം വളരെ വലുതായിരുന്നു. ഇന്നുവരെ ഏകദേശം ആറായിരത്തോളം എക്സോപ്ലാനറ്റുകളെ (ബഹിർഗ്രഹങ്ങൾ) ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിക്കഴിഞ്ഞു.
നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഏതൊരു ഗ്രഹത്തെയും എക്സോപ്ലാനറ്റ് എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. ഇവയിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളോട് സാദൃശ്യം കാണിക്കുന്നുള്ളൂ.
ഹാബിറ്റബിൾ സോൺ
നക്ഷത്രത്തിന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ഉപരിതലത്തിൽ ജലം ദ്രാവകരൂപത്തിൽ നിലനിൽക്കാൻ സാധ്യതയുള്ള വാസയോഗ്യമായ മേഖല ഗോൾഡിലോക്സ് സോൺ അല്ലെങ്കിൽ ഹാബിറ്റബിൾ സോൺ എന്നാണ് അറിയപ്പെടുന്നത്.
ഇത്തരം ഹാബിറ്റബിൾ സോണുകളെ കേന്ദ്രീകരിച്ചാണ് ഭൗമേതര ജീവന് വേണ്ടിയുള്ള വാനനിരീക്ഷകരുടെ നിലവിലെ അന്വേഷണങ്ങൾ മുന്നോട്ട് പോകുന്നത്. ഭൂമിയിൽ നിന്നും ഏകദേശം നാല് പ്രകാശവർഷം മാത്രം അകലെ സ്ഥിതിചെയ്യുന്ന ആൽഫ സെഞ്ചുറി എന്ന നക്ഷത്രസമൂഹത്തിലെ മൂന്ന് നക്ഷത്രങ്ങളിൽ സൂര്യനോട് വളരേ സാദൃശ്യമുള്ള ഒന്നാണ് ആൽഫ സെഞ്ചുറി എ. സൂര്യന്റെ 1.1 മടങ്ങ് ദ്രവ്യമാനവും, ഒന്നര മടങ്ങ് പ്രകാശ തീവ്രതയും കാണിക്കുന്ന ഈ നക്ഷത്രത്തിന്റെ ഹാബിറ്റബിൾ സോണിൽ കണ്ടെത്തി എന്ന് സംശയിക്കപ്പെടുന്ന ഒരു ഗ്രഹമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.
അകലങ്ങളിലെ അനേകം ബഹിർഗ്രഹങ്ങളെ പണ്ടേ തന്നെ കണ്ടെത്തിയിട്ടും, തൊട്ട് അയൽപക്കത്തുള്ള ഒരാളെ കണ്ടെത്താൻ എന്തുകൊണ്ടായിരിക്കും ശാസ്ത്രലോകം ഇത്ര വൈകിയത്? അവിടെയാണ് ആൽഫ സെഞ്ചുറി എന്ന നക്ഷത്രവ്യവസ്ഥയും, എക്സോപ്ലാനറ്റുകളെ കണ്ടെത്താൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും പ്രസക്തമാകുന്നത്.
ആൽഫ സെഞ്ചുറി നക്ഷത്ര വ്യവസ്ഥ
ഭൂമിയിൽ നിന്നും നോക്കുമ്പോൾ രാത്രി ആകാശത്തിലെ തിളക്കമുള്ള ഒറ്റ നക്ഷത്രമായി തോന്നുമെങ്കിലും ആൽഫ സെഞ്ചുറി എ ക്ക് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്. തൊട്ടടുത്തുള്ള ആൽഫ സെഞ്ചുറി ബി എന്നറിയപ്പെടുന്ന ഈ ഇരട്ട സഹോദരനും, എ യും ഏകദേശം 80 വർഷങ്ങൾ കൊണ്ടാണ് ഒരു പൊതുവായ പിണ്ഡകേന്ദ്രത്തെ വലംവയ്ക്കുന്നത്. ദ്വന്ദ്വ നക്ഷത്രങ്ങൾ (Binary star) എന്നാണ് ഇത്തരം നക്ഷത്രങ്ങളെ വിളിക്കുന്നത്.
ഏകദേശം 5.5 ലക്ഷം വർഷങ്ങൾ എടുത്ത് ഈ ബൈനറികളെ പരിക്രമണം ചെയ്യുന്ന പ്രോക്സിമ സെഞ്ചുറി എന്ന ചുവപ്പ് കുള്ളൻ (Red Dwarf) നക്ഷത്രവും ചേർന്നതാണ് ആൽഫ സെഞ്ചുറി എന്ന നക്ഷത്ര വ്യവസ്ഥ. ഇരട്ട നക്ഷത്രത്തെ അപേക്ഷിച്ച് ഭൂമിയോട് കുറച്ചുകൂടി അടുത്താണെങ്കിലും തിളക്കം വളരെ കുറവായതിനാൽ പ്രോക്സിമയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല.
സങ്കീർണമായ നിരീക്ഷണം
എക്സോപ്ലാനറ്റുകളെ കണ്ടെത്താൻ ശാസ്ത്രജ്ഞർ പ്രധാനമായും അഞ്ച് മാർഗങ്ങളാണ് അവലംബിക്കുന്നത്. റേഡിയൽ വെലോസിറ്റി, ട്രാൻസിറ്റ്, ഡയറക്ട് ഇമേജിങ്, ഗ്രാവിറ്റേഷണൽ മൈക്രോ ലെൻസിങ്, ആസ്ട്രോമെട്രി എന്നിവയാണ് പ്രധാന രീതികൾ. ഇവയിൽ മാതൃനക്ഷത്രത്തെ(Host star) മറച്ചുകൊണ്ട്, അതിനെ വലംവയ്ക്കുന്ന ഗ്രഹങ്ങളുടെ ചിത്രം നേരിട്ട് എടുക്കുന്ന പ്രക്രിയയാണ് ഡയറക്ട് ഇമേജിങ്.
കൊറോണഗ്രാഫ് എന്ന് പറയുന്ന മാസ്ക് ഉപയോഗിച്ച് മാതൃനക്ഷത്രത്തെ മറച്ചാൽ പോലും, നക്ഷത്രത്തിൽ നിന്നുള്ള ശേഷിക്കുന്ന പ്രകാശം(Residual Light) ഗ്രഹങ്ങളേക്കാൾ ശോഭയുള്ളതായിരിക്കും. ഈ പ്രകാശം ടെലിസ്കോപ്പിലെ ഒപ്റ്റിക്കൽ ഘടകങ്ങളുടെ അപൂർണതകൾ കാരണം ചിതറിത്തെറിക്കുകയും, ചിത്രങ്ങളിൽ ആയിരക്കണക്കിന് ചെറുപൊട്ടുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സ്പെക്കിൾ പാറ്റേൺ എന്നാണിവയെ വിളിക്കുന്നത്.
സ്പെക്കിൾ പാറ്റേണുകൾ കുറക്കാനും, നേരിട്ടുള്ള ചിത്രീകരണത്തിലൂടെ എക്സോപ്ലാനറ്റുകളെ കണ്ടെത്താനും വിവിധങ്ങളായ കംപ്യൂട്ടർ അൽഗോരിതങ്ങളാണ് ഗവേഷകർ ഉപയോഗിക്കുന്നത്. ഡയറക്റ്റ് ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നാസ എക്സോപ്ലാനറ്റ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചാൾസ് ബീച്മാൻ, അനികേത് സാംഘി എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ആൽഫ സെഞ്ചുറി എ യുടെ വാസയോഗ്യമായ മേഖലയിൽ ഒരു ഭീമൻ ഗ്രഹത്തിന്റെ ശക്തമായ തെളിവു കണ്ടെത്തിയിരിക്കുന്നത്.
ജെയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിലെ മിരി എന്ന കാമറ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഇത് സാധ്യമാക്കിയത്. സ്ഥിരീകരിക്കപ്പെടാത്ത ഈ ഗ്രഹത്തിന് വ്യാഴത്തോളം വലുപ്പവും, ശനിയുടേതിന് സമാനമായ പിണ്ഡവും ഉണ്ടെന്നാണ് അനുമാനം. അടുത്തിടെ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.
അയലത്ത് ജീവനുണ്ടോ
ഭൗമേതര ജീവൻ തേടിയുള്ള അന്വേഷണങ്ങൾക്ക് പ്രതീക്ഷകൾ നൽകുന്നതാണ് ഈ പഠനമെങ്കിലും, കഴിഞ്ഞ വർഷം ജെയിംസ് വെബ്ബ് നടത്തിയ നിരീക്ഷണങ്ങളിൽ കണ്ടെത്തിയ ഗ്രഹത്തിന്റെ സാന്നിധ്യം പിന്നീടുള്ള നിരീക്ഷണങ്ങളിൽ സ്ഥിരീകരിക്കാൻ സാധിക്കാത്തത് സംശയങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ ഗവേഷകരുടെ നിഗമന പ്രകാരം, ഗ്രഹത്തിന്റെ പരിക്രമണ കാലയളവ് 1.5–-2.5 വർഷം വരെയാണെങ്കിൽ, അതിനെ പിന്നീട് നിരീക്ഷിക്കാൻ സാധിക്കാഞ്ഞത് അപ്രതീക്ഷിതമല്ല.
വലിയ ചരിവുള്ള ഭ്രമണപഥമായതിനാലും, നിരീക്ഷണ സമയത്ത് അത് നക്ഷത്രത്തോട് വളരെയധികം അടുത്തായിരിക്കാം എന്നതിനാലുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അവരുടെ നിഗമനം. പഠനങ്ങൾ സൂചിപ്പിക്കുന്നത് താപനില വളരെ കുറഞ്ഞ ഒരു വാതക ഭീമൻ ഗ്രഹമായിരിക്കും ഇതെന്നാണ്.
ഇവിടെ ജീവന്റെ സാധ്യത വിരളമാകും എന്നാണ് പ്രാഥമിക നിഗമനം. ഈ ബഹിർഗ്രഹത്തിനുചുറ്റും വാസയോഗ്യമായ ഉപഗ്രഹം അഥവാ എക്സോമൂൺ ഉണ്ടായിരിക്കാനുള്ള സാധ്യതയും ശാസ്ത്ര സമൂഹം തള്ളിക്കളയുന്നില്ല. പഠനങ്ങൾ തുടരുകയാണ്. ( ബംഗളുരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിലെ ഗവേഷകനാണ് ലേഖകൻ)









0 comments