അകലങ്ങളിലെ അത്ഭുതമായി സിവാർഹ

Siwarha
avatar
രാംലാൽ ഉണ്ണിക്കൃഷ്ണൻ

Published on Sep 07, 2025, 04:47 PM | 2 min read

ഭൂമിയിൽനിന്ന് ഏകദേശം 700 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ചുവന്ന അതിഭീമൻ നക്ഷത്രമാണ് തിരുവാതിര (Betelgeuse). ഈ നക്ഷത്രത്തിന്റെ പ്രായം ഏതാണ്ട് 10 ദശലക്ഷം വർഷമാണ്‌. സൂര്യന്റെ 700 മടങ്ങ് വലിപ്പവും 15 മടങ്ങ് പിണ്ഡവുമുണ്ട്‌. സൂര്യനെക്കാൾ 7,500 മുതൽ 14,000 മടങ്ങ് വരെ തിളക്കവും. ഉപരിതല താപനില 3300 ഡിഗ്രി സെൽക്ഷ്യസാണ്‌. ഒരു ലക്ഷം വർഷങ്ങൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും തിരുവാതിര ഒരു സൂപ്പർനോവയായി പൊട്ടിത്തെറിക്കും എന്ന് ഗവേഷകർ പറയുന്നു.


തിരുവാതിരയെ വലംവയ്ക്കുന്ന മറ്റൊരു നക്ഷത്രമാണിപ്പോൾ വാനനിരീക്ഷകരുടെ ചർച്ചകളിൽ നിറയുന്നത്‌. ഏറെക്കാലമായി പിടിതരാതെ മറഞ്ഞുനിന്ന ഈ ഇരട്ട നക്ഷത്രത്തിന്റെ കണ്ടെത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് നാസയുടെ എയിംസ് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞർ. നാസ സീനിയർ ഗവേഷകൻ സ്റ്റീവ് ഹോവെലിന്റെ നേതൃത്വത്തിൽ അടുത്തിടെ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ ഇ‍ൗ പഠനം പ്രസിദ്ധീകരിച്ചു. തിരുവാതിരയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഈ ബൈനറി കമ്പാനിയൻ അഥവാ ദ്വന്ദ്വ നക്ഷത്രത്തിന്‌ സിവാർഹ(Siwarha) എന്ന്‌ പേരും നൽകി. അറബിയിൽ വള എന്നാണ്‌ അർഥം. ഈ രണ്ടു നക്ഷത്രങ്ങളും ഒരു പൊതുവായ പിണ്ഡകേന്ദ്രത്തെ വലംവയ്‌ക്കുന്നതുകൊണ്ടാണ് ഇവയെ ദ്വന്ദ്വ- അഥവാ ബൈനറി- നക്ഷത്രങ്ങൾ എന്ന് വിളിക്കുന്നത്. ഒരു സൂപ്പർജയന്റ് നക്ഷത്രത്തെ ചുറ്റുന്ന ഒരു ദ്വന്ദ്വ നക്ഷത്രം നേരിട്ട് നിരീക്ഷിക്കപ്പെടുന്നത്‌ ആദ്യമാണെന്ന്‌ അവർ പറയുന്നു.


ജെമിനി നോർത്ത്‌ ടെലിസ്‌കോപ്പ്‌


ഹവായിയിലുള്ള ജെമിനി നോർത്ത് ടെലിസ്കോപ്പിലെ 8.1 മീറ്റർ വ്യാസമുള്ള ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് ദൂരദർശിനി ഉപയോഗിച്ചാണ്‌ സ്റ്റീവ് ഹോവെലി പഠനം നടത്തിയത്‌. സമുദ്രനിരപ്പിൽനിന്നും 4214 മീറ്റർ ഉയരത്തിലുള്ള മൗനാകിയ അഗ്നിപർവത മേഖലയിലാണ്‌ ഈ ടെലിസ്കോപ്പുള്ളത്‌. ടെലിസ്കോപ്പിലെ അലോപെക് സ്പെക്കിൾ ഇമേജർ എന്ന ഉപകരണമാണ് ഉപയോഗിച്ചത്. വിദൂരതയിലുള്ള വളരെ ചെറുതും തിളക്കം കുറഞ്ഞതുമായ വസ്തുക്കളെപോലും കണ്ടെത്താൻ ഇതിന്‌ കഴിയും. ഹൈഡ്രജൻ സംയോജനം ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത ഒരു പ്രീ-മെയിൻ സീക്വൻസ് നക്ഷത്രമാണ് സൂര്യന്റെ ഏകദേശം 1.5 മുതൽ 2 ഇരട്ടിവരെ ഭാരമുണ്ടായേക്കാവുന്ന തിരുവാതിരയുടെ സഹചാരി.


പുതിയ പഠനങ്ങളിലേക്ക്‌


തിരുവാതിര നക്ഷത്രത്തിന്റെ രൂപീകരണത്തെപ്പറ്റി കൂടുതൽ വ്യക്തത നൽകുന്നതിനൊപ്പം ദ്വന്ദ്വ നക്ഷത്രത്തിന്റെ കണ്ടെത്തൽ ഈ നക്ഷത്രജോഡിയുടെ ഭാവിയേയും അന്ത്യത്തേയും പറ്റിയും പുതിയ പഠനങ്ങൾക്ക്‌ വഴിതുറക്കുകയാണ്‌. തിരുവാതിരയും പുതുതായി കണ്ടെത്തപ്പെട്ട സഹചാരിയും ഏകദേശം ഒരേ സമയത്താണ് രൂപപ്പെട്ടതെന്നാണ്‌ നിഗമനം. പിണ്ഡത്തിലെ കുറവ് മൂലമാണ് തിരുവാതിരയെ അപേക്ഷിച്ച് സിവാർഹ ഇപ്പോഴും ശൈശവദശയിൽ നിലകൊള്ളുന്നത്. എന്നാൽ, തിരുവാതിരയേക്കാൾ താരതമ്യേന കുറഞ്ഞ ആയുസ്സേ കൂട്ടാളിക്ക് ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും വിലയിരുത്തലുണ്ട്‌. വലിപ്പമേറിയ തിരുവാതിരയുടെ ശക്‌തമായ ആകർഷണംമൂലം സിവാർഹയുടെ ഭ്രമണപഥം കാലക്രമേണ കുറഞ്ഞു വരുമെന്നും ഏകദേശം 10,000 വർഷങ്ങൾക്കുള്ളിൽ അത് തിരുവാതിരയിലേക്ക്‌ പതിച്ച് ഇല്ലാതാകും എന്നും പഠനം പറയുന്നു. സൂപ്പർജയന്റ് നക്ഷത്രങ്ങളുടെ സങ്കീർണതകൾ ഉൾപ്പെടെ അവയുടെ പല അജ്ഞാത സവിശേഷതകളെപ്പറ്റിയും കൂടുതൽ മനസ്സിലാക്കാൻ ഈ കണ്ടുപിടിത്തം വഴിതുറക്കും എന്ന പ്രതീക്ഷയിലാണ് ഹോവെലും കൂട്ടരും. ഈ നക്ഷത്രങ്ങൾ തമ്മിൽ വീണ്ടും ഏറ്റവും അകലത്തിൽ വരുന്ന 2027 നവംബറിൽ കൂടുതൽ സൂക്ഷ്‌മ നിരീക്ഷണങ്ങൾക്കായി കാത്തിരിക്കുകയാണ്‌ ഗവേഷക ലോകം.


(സ്വീഡനിലെ ചാൽമേഴ്സ് സാങ്കേതിക സർവകലാശാലയിലും ഓൺസാല സ്പേസ് ഒബ്സർവേറ്ററിയിലും അവസാന വർഷ 
ജ്യോതിശാസ്ത്ര ഗവേഷകനാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home