കണ്ണീരോർമകൾ ബാക്കി; സമാഗമം പോളിങ്‌ ബൂത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 10:07 PM | 0 min read

മേപ്പാടി
ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദന മാറിയിട്ടില്ല. കുടുംബമൊന്നാകെ നഷ്ടപ്പെട്ട ചൂരൽമല ഹൈസ്കൂൾ റോഡിൽ താമസിച്ചിരുന്ന എടത്തൊടി മൻസൂർ മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 168 നമ്പർ ബൂത്തിൽ ഒറ്റയ്‌ക്കാണ് വോട്ടുചെയ്യാനെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബൂത്തിലേക്കുള്ള യാത്രയിൽ ഭാര്യ നസീറയും മകൻ മുനവിറും മൻസൂറും കൂടെയുണ്ടായിരുന്നു.  ഉരുൾപൊട്ടലിൽ ചെവിക്കും കൈക്കുമേറ്റ പരിക്ക് പൂർണമായും മാറിയിട്ടില്ല. 
ഒരു മാസത്തോളമാണ് മുണ്ടക്കൈ സ്വദേശി പുന്നാരത്ത് സീനത്ത് ആശുപത്രിയിൽ കിടന്നത്. രണ്ട് മക്കൾ നഷ്ടപ്പെട്ടു. വിഷമം കൂടെയുണ്ടെങ്കിലും വോട്ട് ചെയ്യാനെത്തി. കൽപ്പറ്റ ഗ്രാമത്ത് വയലിലാണ് താമസം. ദുരന്തഭൂമിയിലെ നൊമ്പരമായ  നൗഫലും വോട്ട് രേഖപ്പെടുത്തി. മാതാപിതാക്കളും ഭാര്യയും മൂന്നുമക്കളുമടക്കം വീട്ടിലെ 11 പേരെയാണ് നൗഫലിന് നഷ്ടമായത്. വീടിന്റെ തറ മാത്രമാണ്‌ ബാക്കി. 
മുണ്ടക്കൈ വാർഡിൽ താമസിച്ചിരുന്ന ദുരന്തത്തെ അതിജീവിച്ചവരിൽ മിക്കവരും വോട്ട് ചെയ്യാൻ എത്തിയിരുന്നു. വിവിധ പഞ്ചായത്തുകളിൽ പരസ്പരം കാണാതെയും സംസാരിക്കാതെയും താമസിക്കുന്ന ഇവർക്ക് ഒത്തുകൂടലിന്റെ ദിവസവും കൂടിയായിരുന്നു തെരഞ്ഞെടുപ്പ്. കുടുംബത്തെയും കൂട്ടുകാരെയും നഷ്ടപ്പെട്ട ദുഃഖങ്ങളെല്ലാം ഉള്ളിലൊതുക്കിയാണ് വോട്ടർമാർ  മേപ്പാടിയിൽ എത്തിയത്.
  വരിയിൽ നിൽക്കുമ്പോൾ ഏറെനാളത്തെ വിശേഷങ്ങൾ പങ്കുവച്ചു. പലരും കെട്ടിപ്പിടിച്ചു കരഞ്ഞു. വീടുകളിലേക്ക് ക്ഷണിച്ചു. അധികം വൈകാതെ സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ്പിൽ ഒരുമിച്ച് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ അവർ മടങ്ങിയത്‌.


deshabhimani section

Related News

View More
0 comments
Sort by

Home