വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദീപാവലിവെളിച്ചം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 09:06 PM | 0 min read

 
കൽപ്പറ്റ
ഉരുൾ ദുരന്തത്തെ മറികടന്ന്‌ ജില്ലയിലെ വിനോദസഞ്ചാര മേഖല അതിജീവനച്ചിറകിൽ കുതിക്കുന്നു. ദീപാവലി അവധിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ നിറഞ്ഞു. ദീപാവലിക്ക്‌ തൊട്ടുപിന്നാലെ കന്നഡ രാജ്യോത്സവ അവധികൂടി എത്തിയതോടെ കർണാടകം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽനിന്ന്‌ പതിനായിരങ്ങളെത്തി. കേരളപ്പിറവി ആഘോഷവും തിരക്ക്‌ വർധിപ്പിച്ചു. വിദേശികളടക്കമുള്ളവരും സജീവമായി. 
 ദുരന്തഭൂമിയോട്‌ ചേർന്നുള്ള സൂചിപ്പാറ വെള്ളച്ചാട്ടവും തൊള്ളായിരംകണ്ടിയുമെല്ലാം പഴയപ്രതാപകാലത്തേക്കുള്ള ചുവടുവയ്‌പിലാണ്‌. കുറുവാദ്വീപ്‌ ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നതും ആശ്വാസമായി. പ്രതിമാസം ശരാശരി 60 ലക്ഷം രൂപയുണ്ടായിരുന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) വരുമാനം ആഗസ്‌തിൽ ആറുലക്ഷമായിരുന്നു. സെപ്‌തംബറിൽ 28 ലക്ഷവും ഒക്‌ടോബറിൽ 34.5 ലക്ഷമായി ഉയർന്നു.  പൂക്കോട്‌, കർലാട്‌ തടാകങ്ങൾ, മാനന്തവാടി പഴശ്ശി പാർക്ക്‌, പുൽപ്പള്ളി പഴശ്ശി മ്യൂസിയം, ബത്തേരി ടൗൺ സ്‌ക്വയർ, അമ്പലവയൽ ഹെറിറ്റേജ്‌ മ്യൂസിയം, കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി എന്നിവിടങ്ങളിലെ കണക്കാണിത്‌. 
പൂജ അവധി മുന്നിൽക്കണ്ട്‌ നടത്തിയ ‘വയനാട്‌ ഉത്സവ്‌’ ക്യാമ്പയിനും വിജയംകണ്ടു. ഒക്‌ടോബറിൽ പ്രതിദിനം ലക്ഷം രൂപയുടെ താഴെയായിരുന്നു ഡിടിപിസി കേന്ദ്രങ്ങളിലാകെയുള്ള വരുമാനം. ഈമാസം തുടങ്ങുമ്പോൾ പ്രതിദിന വരുമാനം 3.15 ലക്ഷത്തിലേക്ക്‌ ഉയർന്നു.
 
ബാണാസുരയിൽ പത്തിരട്ടി തിളക്കം
ദീപാവലിക്ക്‌ ശേഷമുണ്ടായ അവധി ദിവസങ്ങളിലെ സഞ്ചാരികളുടെ എണ്ണത്തിൽ പത്തിരട്ടിയോളം വർധനയാണ്‌ ബാണാസുരയിലുണ്ടായത്‌. ശരാശരി നാലായിരത്തിലധികം പേരെത്തിയിരുന്നിടത്ത്‌ ഉരുൾദുരന്തത്തിനുശേഷം നാനൂറിൽ താഴെയായി. ഓണം, പൂജ അവധികൾക്ക്‌ സന്ദർശകർ വർധിച്ചു.  ദീപാവലി ദിനത്തിലും തുടർന്നും നാലായിരത്തോളം പേർ ബാണാസുരയിൽ എത്തി. നാലുലക്ഷം രൂപയിലേക്ക്‌ വരുമാനം ഉയർത്താനായി.


deshabhimani section

Related News

View More
0 comments
Sort by

Home