കാട്ടാനയിറങ്ങി;
പാറക്കംവയലിൽ കൃഷി നശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 08:52 PM | 0 min read

മേപ്പാടി
നെല്ലിമുണ്ട പാറക്കംവയലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇല്ലിക്കൽ സലീം, തൊട്ടിയിൽ ബഷീർ എന്നിവരുടെ കൃഷിയിടത്തിലാണ്‌ കാട്ടാനയിറങ്ങിയത്‌. ശനി രാത്രിയിൽ രണ്ട് കാട്ടാനകൾ പ്രദേശത്ത് എത്തി. സലീമിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ തെങ്ങ്, വാഴ, കവുങ്ങ്‌, കാപ്പി, ഏലം എന്നിവ നശിപ്പിച്ചു. ബഷീറിന്റെ കായ്ഫലമുള്ള മൂന്ന് തെങ്ങുകളാണ് കുത്തിമറിച്ചിട്ടത്. കാട്ടാന കുത്തിമറിച്ച്‌ ചവിട്ടിമെതിച്ചതിന്‌ പുറമെ തെങ്ങുകൾ കടപുഴകിവീണ്‌ നിരവധി കാപ്പിച്ചെടികളും നശിച്ചു. ഞായർ പുലർച്ചെ നാലരയോടെ മരങ്ങൾ മറിഞ്ഞുവീഴുന്ന ശബ്ദംകേട്ടാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്‌. കാട്ടാനയാണെന്ന് മനസ്സിലായതോടെ പുറത്തിറങ്ങിയില്ല. അഞ്ചോടെ കാട്ടാന പ്രദേശം വിട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഒരുമാസംമുമ്പ് മദ്രസയിലേക്ക് പോകുന്ന വിദ്യാർഥികൾ രാവിലെ ഏഴോടെ കാട്ടാനയെ കണ്ടിരുന്നു. മൂന്നുമാസം മുമ്പ് നെല്ലിമുണ്ട ജുമാ മസ്ജിദിന്റെ ഗേറ്റും തകർത്തിരുന്നു. നൂറോളം കുടുംബങ്ങളാണ്‌ പ്രദേശത്ത് തിങ്ങിപ്പാർക്കുന്ന പാർക്കുന്നത്‌. രാത്രിയിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാനും വീടിന് പുറത്തിറങ്ങാനും ഭയമായി തുടങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് അടിയന്തരമായി ഫെൻസിങ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


deshabhimani section

Related News

View More
0 comments
Sort by

Home