കുറുവ ഇന്ന്‌ തുറക്കും
പാൽവെളിച്ചത്ത് ആശങ്ക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 09:47 PM | 0 min read

കൽപ്പറ്റ
ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ്‌ ചൊവ്വാഴ്‌ച തുറക്കും. എട്ടുമാസമായി അടച്ചിട്ടിരുന്ന കുറുവ തുറക്കാൻ ഹൈക്കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ്‌ സഞ്ചാരികൾക്ക്‌ പ്രവേശനം നൽകുന്നത്‌.
പുൽപ്പള്ളി പാക്കം ചെറിയമലയിൽനിന്നും പാൽവെളിച്ചം ഭാഗത്തുനിന്നും 200 പേരെ വീതം അനുവദിക്കുമെന്നാണ്‌ വനംവകുപ്പ്‌ അറിയിച്ചിട്ടുള്ളത്‌. എന്നാൽ പാൽവെളിച്ചം കവാടം വഴിയുള്ള പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്‌. ഇതുവഴി പ്രവേശനത്തിനുള്ള ക്രമീകരണങ്ങൾ വനം ഉദ്യോഗസ്ഥർ മുൻകൈയെടുത്ത്‌ നടത്തിയിട്ടില്ല. ഡിടിപിസിയുടെ ചങ്ങാട സർവീസിലൂടെയാണ്‌ നേരത്തെ സഞ്ചാരികളെ കുറുവയിലേക്ക്‌ എത്തിച്ചിരുന്നത്‌. ചങ്ങാടത്തിൽ പുഴ കടത്തിമാത്രമേ  ആളുകളെ ദ്വീപിലേക്ക്‌ എത്തിക്കാനാകൂ. ഈ സംവിധാനം തുടരുമോ, അതോ വനംവകുപ്പ്‌ ചങ്ങാട സർവീസ്‌ എറ്റെടുക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
 പ്രവേശനം പുൽപ്പള്ളി പാക്കം ചെറിയമലയിൽനിന്ന്‌ മാത്രമാക്കാനായിരുന്നു വനം ഉദ്യോഗസ്ഥരുടെ ആദ്യതീരുമാനം. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ്‌ പാൽവെളിച്ചം വഴിയും പ്രവേശനത്തിന്‌ ധാരണയായത്‌.  പ്രവേശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌ത്‌ പ്രശ്‌നങ്ങൾ പരിഹരിക്കാനും വനം ഉദ്യോഗസ്ഥർ തയ്യാറായില്ല.  ഫലത്തിൽ ചൊവ്വാഴ്‌ച പാൽവെളിച്ചം വഴി സഞ്ചാരികൾക്ക്‌ കുറുവയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടാകില്ല. പ്രവേശനം പാക്കം ചെറിയമലയിൽ മാത്രമായി ചുരുങ്ങും. 
അടച്ചിട്ടിരുന്ന കുറുവ  തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയപ്പോൾ പ്രവേശനം പുൽപ്പള്ളി പാക്കം ചെറിയമലയിൽനിന്ന്‌ മാത്രമായി വനം വകുപ്പ്‌ ചുരുക്കി. കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന പാൽവെളിച്ചം ഭാഗം ഒഴിവാക്കി. ഇതിനെതിരെ സർവകക്ഷി നേതൃത്വത്തിൽ ആക്‌ഷൻ  കമ്മിറ്റി രൂപീകരിച്ച്‌ സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ ഓഫീസ്‌ മാർച്ച്‌ നടത്തി.  മന്ത്രി ഒ ആർ കേളു വനംമന്ത്രി എ കെ ശശീന്ദ്രനുമായി  ചർച്ച നടത്തി.  തുടർന്നാണ്‌ പാൽവെളിച്ചം വഴിയും സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനമായത്‌. പ്രവേശനത്തിന്‌ ഡിടിപിസിയുമായി വനംവകുപ്പ്‌ ധാരണയിലെത്തണം.  ഇതിനുള്ള ഫലപ്രദമായ ഇടപെടലുകൾ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല.
 
ചെമ്പ്രയും മീൻമുട്ടിയും 21ന്‌
സൂചിപ്പാറ 1ന്‌
കൽപ്പറ്റ
ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ചെമ്പ്ര പീക്കും ബാണാസുര മല–-മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ 21ന്‌ തുറക്കും. കാറ്റുകുന്ന്‌–-ആനച്ചോല ട്രക്കിങ്ങും 21ന്‌ ആരംഭിക്കും. സൂചിപ്പാറയിൽ നവംബർ ഒന്നുമുതൽ സഞ്ചാരികൾക്ക്‌ പ്രവേശനം നൽകും. ചെമ്പ്രയിൽ ദിവസം 75 പേർക്കാണ്‌ പ്രവേശനം. മീൻമുട്ടിയിലും സൂചിപ്പാറയിലും 500 പേർക്കുവീതമാണ്‌ അനുമതി. കാറ്റുകുന്ന്‌–-ആനച്ചോല ട്രക്കിങ്ങിന്‌ ദിവസം 25 പേർക്കാണ്‌ അനുവാദം. 
 


deshabhimani section

Related News

View More
0 comments
Sort by

Home