മുള്ളൻകൊല്ലിയിലെ ക്വാറി പ്രശ്‌നം വിദഗ്‌ധസംഘത്തിന്‌ സ്ഥലപരിശോധന നടത്താനായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 07:50 PM | 0 min read

 

മുള്ളൻകൊല്ലി
പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനം സംബന്ധിച്ച്‌ പഠിക്കാനെത്തിയ വിദഗ്ധസംഘം സ്ഥലപരിശോധന നടത്താനാകാതെ മടങ്ങി. തിങ്കൾ രാവിലെ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയ സംഘത്തിനാണ്‌  ജനപ്രതിനിധികളുടെ എതിർപ്പിനെ തുടർന്ന്‌ സ്ഥലം  സന്ദർശിക്കാൻ കഴിയാതെവന്നത്‌. ക്വാറി അസോസിയേഷൻ നൽകിയ പരാതി പരിശോധിക്കാനാണ്‌  എത്തിയതെന്ന്‌ ആരോപിച്ചായിരുന്നു  പ്രതിഷേധം. പൊതുജനങ്ങൾ നൽകിയ പരാതികൾ ആദ്യം പരിശോധിക്കണമെന്ന ആവശ്യം ഉയർത്തി. പ്രതിഷേധം കനത്തതോടെ സംഘം മടങ്ങി. 
ജില്ലാ ദുരന്തനിവരാണ അതോറിറ്റിയാണ്‌ വിദഗ്‌ധസംഘത്തെ  നിയമിച്ചത്‌.  ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ഭൂജല വകുപ്പ് സീനിയർ ഹൈഡ്രോളജിസ്റ്റ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ,  പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് കെട്ടിടം, എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാർ, ഹസാർഡ് അനലിസ്റ്റ്, പാടിച്ചിറ വില്ലേജ് ഓഫീസർ, മുള്ളൻകൊല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ്‌ സമിതി അംഗങ്ങൾ. 
സംയുക്ത സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കാനാണ്‌ നിർദേശം.  പഞ്ചായത്തിൽ മൂന്ന്‌ ക്വാറികളാണ്‌ പ്രവർത്തിച്ചിരുന്നത്‌. ഇവ നിലവിൽ അടച്ചിട്ടിരിക്കയാണ്‌. രണ്ട്‌ പുതിയ ക്വാറികൾക്ക്‌ പഞ്ചായത്ത്‌ ലൈസൻസും അനുവദിച്ചിട്ടുണ്ട്‌. ലൈസൻസ്‌ അനുവദിച്ചതിൽ യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ അഴിമതി ആരോപണമുൾപ്പെടെ ഉയർന്നു.  കോൺഗ്രസ് നേതാക്കൾ  ഗ്രൂപ്പുതിരിഞ്ഞ്  ആരോപണം ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവയ്‌ക്കാൻ അനുമതി ചോദിച്ച്‌ ഡിസിസി പ്രസിഡന്റിന്‌ നൽകിയ കത്തും പുറത്തായി.  ക്വാറി മാഫിയും പഞ്ചായത്ത് ഭരണസമിതിയും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവുമുണ്ട്‌. 
വിദഗ്ധസമിതി പരിശോധനക്ക്‌ വരുമെന്ന്  വിവരം കിട്ടിയിട്ടും ജനങ്ങളുടെ പരാതികൾ പരിഗണിക്കണമെന്ന ആവശ്യം കലക്ടറെ അറിയിക്കാനോ, വിദഗ്‌ധസംഘത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനോ  പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്ന്‌ നാട്ടുകാർ കുറ്റപ്പെടുത്തി.
 


deshabhimani section

Related News

View More
0 comments
Sort by

Home