മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രത്യേക വാർഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 08:57 PM | 0 min read

 
മാനന്തവാടി
ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥികൾക്കായി വയനാട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രത്യേക വാർഡ്‌ തുറന്നു. ഛർദിയും പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ നിരവധി കുട്ടികൾ ചികിത്സതേടിയതോടെയാണ്‌ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. 
 ദ്വാരക എയുപി  സ്കൂളിൽനിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവരാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെല്ലാം. പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മാനന്തവാടിയിലെ സ്വകാര്യ ആശുപത്രികളിലും  വിദ്യാർഥികൾ ചികിത്സതേടി. വെള്ളിയാഴ്‌ച ചോറും സാമ്പാറും മുട്ടയും വാഴക്കാ തോരനുമായിരുന്നു ഉച്ചഭക്ഷണം. കുടിവെള്ളത്തിൽ നിന്നാണോ പ്രശ്‌നമുണ്ടായതെന്നും സംശയമുണ്ട്‌. ശനി രാവിലെ പത്തരയോടെ സ്കൂളിലെത്തിയ വിദ്യാർഥികൾക്കാണ്‌ ഛർദിയും പനിയും ആരംഭിക്കുന്നത്‌.
ഭക്ഷ്യവിഷബാധയെന്ന വാർത്ത പരന്നതോടെ മുൻകരുതലെന്ന നിലയിലും നിരവധി രക്ഷിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു. 
കൂടുതൽപേർ ചികിത്സക്കെത്തിയതോടെ ആവശ്യമായ പരിചരണം ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടായി. മന്ത്രി ഒ ആർ കേളു ആശുപത്രിയിലെത്തി ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ നിർദേശം നൽകി.  ഡിഎംഒ ഡോ. പി ദിനീഷിന്റെ നേതൃത്വത്തിൽ കൂടുതൽ ഡോക്ടർമാരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും എത്തിച്ചാണ്‌ പരിചരണം ഉറപ്പാക്കിയത്‌. അത്യാഹിത വിഭാഗത്തിൽനിന്ന്‌ കുട്ടികളെ വാർഡിലേക്ക്‌ മാറ്റാനുൾപ്പെടെ സന്നദ്ധപ്രവർത്തകരുടെ സഹായമുണ്ടായി. ആശുപത്രി പരിസരത്ത്‌ തിരക്ക്‌ വർധിച്ചതോടെ പൊലീസെത്തി ഗതാഗതവും തിരക്കും നിയന്ത്രിച്ചു. നൂറിലേറെ വിദ്യാർഥികൾ ചികിത്സതേടിയിട്ടുണ്ട്‌.


deshabhimani section

Related News

0 comments
Sort by

Home