31 ന് വനിതകളുടെ സ്കൂട്ടര്‍ റാലി

തൃശൂർ
ജില്ലയിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനോടനുബന്ധിച്ച് 31 ന് വനിതകളുടെ സ്കൂട്ടർ റാലി സംഘടിപ്പിക്കുമെന്ന‌് സംഘാടക സമിതി അവലോകനയോഗത്തിൽ മന്ത്രി സി രവീന്ദ്രനാഥ‌് അറിയിച്ചു. ജില്ലാ അതിർത്തികളായ ചെറുതുരുത്തിയിൽനിന്നും പൊങ്ങത്തുനിന്നും തൃശൂർ റൗണ്ടുവരെ ഒരേ സമയം രണ്ടു സ്കൂട്ടർ റാലികളാണ് 73 കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിക്കുക. പകൽ മൂന്നിന‌് പുറപ്പെടുന്ന സ്കൂട്ടർ റാലി തൃശൂർ നഗരത്തിൽ സംഗമിക്കും. ഒരു സ്കൂട്ടറിൽ രണ്ടു വനിതകൾ എന്ന നിലയിലാണ് റാലി നടക്കുക.
പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണം ജില്ലയിൽ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണം ബ്ലോക്ക്–- ജില്ലാതലത്തിൽ മോണിറ്റർ ചെയ്യും. നിയോജകമണ്ഡല തലത്തിലാണ് മതിൽ കടന്നുപോകുന്ന 73 കിലോമീറ്റർ ദൂരം വിഭജിച്ചിരിക്കുന്നത്. ജില്ലാതല ഉദ്യോഗസ്ഥർക്കാണ് മണ്ഡലത്തിന്റെ ചുമതല. നിയോജകമണ്ഡലാടിസ്ഥാനത്തിൽ 26 ന് മുമ്പ് എംഎൽഎമാരുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക്–- പഞ്ചായത്ത‌് സെക്രട്ടറിമാർ, ബ്ലോക്ക്പഞ്ചായത്തുതലങ്ങളിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരും. 27 ന് മുമ്പ് വനിതാ മതിലിന്റെ പഞ്ചായത്തുതല ദൂരം നിർണയിച്ച‌് പങ്കെടുക്കുന്നവരുടെ എണ്ണം കണക്കാക്കും. 25 മുതൽ 29 വരെയുള്ള തീയതികളിലായി ജില്ലയിൽ മതിലിന്റെ ആശയപ്രചാരണാർഥം സാംസ്കാരിക സംവാദയാത്ര സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഇതിന് സ്വീകരണം എർപ്പെടുത്താനും പരമാവധി വനിതകളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. വനിതാ മതിലിന്റെ സംഘാടനത്തിൽ ഗ്രീൻപ്രോട്ടോകോൾ പാലിക്കും. പങ്കെടുക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. വനിതാ മതിലിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ നിയോജകമണ്ഡലാടിസ്ഥാനത്തിൽ മെഡിക്കൽ ടീമിനെ നിയോഗിക്കും. ആവശ്യമായ ആംബുലൻസ് സൗകര്യവും ഒരുക്കും.
പ്രവർത്തനങ്ങൾ വിലയിരുത്താൻ 27 ന് പകൽ രണ്ടിന‌് ജില്ലാതല ഉദ്യോഗസ്ഥയോഗവും മൂന്നിന‌് സംഘാടക സമിതി യോഗവും ചേരാനും തീരുമാനിച്ചു.









0 comments