കേന്ദ്ര സർവകലാശാലയിലെ കാവിവൽകരണം: താക്കീതായി എസ്എഫ്ഐ മാർച്ച്

തൃശൂർ
കാസർകോട് കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് നേതൃത്വത്തിൽ എബിവിപി നടത്തിവരുന്ന കാവിവൽക്കരണത്തിനും വർഗീയവൽക്കരണത്തിനും എതിരെ എസ്എഫ്ഐ നേതൃത്വത്തിൽ രോഷം അലയടിച്ചു. വർഗീയമായി വിദ്യാർഥികളെ ചേരിതിരിക്കാൻ കേന്ദ്ര സർക്കാർ പിൻബലത്തിൽ ആർഎസ്എസ്‐എബിവിപി നടത്തുന്ന ശ്രമങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന മുദ്രാവാക്യവുമായി എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ തൃശൂർ ഏജീസ് ഓഫീസിലേക്ക് മാർച്ച് ചെയ്തു. നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ അണിനിരന്ന മാർച്ച് സംഘപരിവാറിന് താക്കീതായി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം എംജി റോഡ്, സ്വരാജ് റൗണ്ട് വഴി ഏജീസ് ഓഫീസിനു മുന്നിൽ സമാപിച്ചു.
തുടർന്നു നടന്ന സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി ശരത്പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോന കെ കരീം, നിഥിൻ പുല്ലൻ, റെജില ജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എസ് സംഗീത് സ്വാഗതവും വൈസ് പ്രസിഡന്റ് ഹസൻ മുബാറക്ക് നന്ദിയും പറഞ്ഞു.









0 comments