പേരകത്ത് കടന്നല്‍ ആക്രമണം: 
നിരവധി പേർക്ക് കുത്തേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:18 AM | 0 min read

ഗുരുവായൂർ  
പേരകത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ കടന്നൽക്കൂടിളകി നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. പേരകം പ്രിയദർശിനി റോഡിൽ അയിനിപ്പുള്ളി ദേവീക്ഷേത്രത്തിന് മുന്നിൽ കറുപ്പും വീട്ടിൽ അലിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ മാവിലെ അഞ്ചടിയോളം വലുപ്പമുള്ള കടന്നൽക്കൂടാണ് പകൽ 12 ഓടെ പരുന്ത് ഇടിച്ചതിനെത്തുടർന്ന് ഇളകിയത്. ബൈക്കിൽ പള്ളിയിലേക്ക് പോകുകയായിരുന്ന, അലിയുടെ സഹോദരൻ ലത്തീഫ്, ഭാര്യ നഫീസ എന്നിവരെ കടന്നലുകൾ ആക്രമിച്ചു. 
ഇതോടെ അവശരായി ബൈക്കിൽനിന്ന് വീണ് ഇരുവർക്കും പരിക്കേറ്റു. മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സ തേടി.  അമ്പലത്ത് വീട്ടിൽ അബൂബക്കറിന്റെ പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനേയും കടന്നലുകൾ ആക്രമിച്ചു. പശുവിന്റെ കരച്ചിൽ കേട്ട്  അഴിക്കാനെത്തിയ അബൂബക്കറിന്റെ ഭാര്യ ഷാജിതയ്‌ക്കും കുത്തേറ്റു. പശുവിനെ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കെട്ടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് ആക്രമിച്ചു. വീട്ടുകാരെത്തി പശുവിനെ തൊഴുത്തിലേക്ക് മാറ്റി ക്കെട്ടിയെങ്കിലും കടന്നലുകൾ വീണ്ടും എത്തി. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ഇരുമ്പ് കുറ്റിയും പറിച്ച് പശു ഓടി രക്ഷപ്പെടുകയായിരുന്നു. നാലുമാസം ഗർഭിണിയായ പശുവിനെ പിന്നീട് മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ജോലിക്കെത്തിയ തിരുവത്ര കറുപ്പം വീട്ടിൽ മനാഫ്, പശ്ചിമ ബംഗാൾ സ്വദേശികളായ കോലിമുദ്ദീൻ, സർഫുൾ ശേഖ്, മിണ്ഡു എന്നിവരും കടന്നൽക്കുത്തേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വാഹന യാത്രക്കാരായ മറ്റു നിരവധി പേർക്കും കടന്നൽക്കുത്തേറ്റിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home