ആശങ്കയൊഴിഞ്ഞ് കർഷകർ: ഇനി മീൻ കുഞ്ഞുങ്ങൾ സുലഭമാകും

കൊടുങ്ങല്ലൂർ
മത്സ്യക്കുഞ്ഞുങ്ങളെ കിട്ടാതെ പ്രതിസന്ധിയിലായ കർഷകർക്ക് പുതിയ പ്രതീക്ഷയേകി അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രം. 3.5 സെന്റീമീറ്റർ വലുപ്പമുള്ള 11.50 ലക്ഷം ഗുണ നിലവാരമുള്ള മീൻകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാൻ കേന്ദ്രം സജ്ജമായി. കടൽ, കായൽ വെള്ളത്തിൽ വളർത്താവുന്ന ഓരുജല മത്സ്യക്കുഞ്ഞുങ്ങളുടെ യൂണിറ്റ് 8.60 കോടി ചെലവിട്ടാണ് മത്സ്യവകുപ്പ് സജ്ജീകരിച്ചിട്ടുള്ളത്. കരിമീൻ, ഹോബിയ, പൊമ്പാനോ, കാളാഞ്ചി, തിരുത, പൂമീൻ എന്നീ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ വിരിയിക്കുന്നുണ്ട്.
മത്സ്യകർഷകർക്ക് ജലഗുണനിലവാരം പരിശോധിക്കാനും മത്സ്യങ്ങളുടെ രോഗങ്ങൾ നിർണയിക്കാനും അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബും 38.10 ലക്ഷം ചെലവിൽ സ്ഥാപിച്ചു. കൂടുകൃഷിയുൾപ്പെടെ വിവിധരീതികളിലുള്ള മത്സ്യകൃഷി നടത്താൻ കർഷകർ മുന്നോട്ടു വരുമ്പോഴും ഗുണ നിലവാരമുള്ള മീൻകുഞ്ഞുങ്ങളെ കിട്ടാത്തത് പ്രതിസന്ധിയായിരുന്നു. സ്വകാര്യ മേഖലയിലെ ഹാച്ചറികളെയാണ് ആശ്രയിച്ചിരുന്നത്. മീൻ കുഞ്ഞുങ്ങളുടെ ആവശ്യത്തിന്റെ പകുതിപോലും കിട്ടിയിരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കുഞ്ഞുങ്ങളെയാണ് പലരും നിലവിൽ ആശ്രയിക്കുന്നത്. ഇനി മത്സ്യകർഷകർക്ക് അവരുടെ ആവശ്യമനുസരിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നൽകാൻ അഴീക്കോട്ടെ യൂണിറ്റിന് കഴിയും.
62 പ്രജനന ടാങ്കുകളും മീൻ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്ന 400 ടൺ ജലസംഭരണശേഷിയുള്ള അഞ്ച് ആർസിസി ടാങ്കുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പമ്പ് ഹൗസും റസിഡൻഷ്യൽ കോംപ്ലക്സും നിർമിച്ചു. സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ള കരിമീൻ കുഞ്ഞുങ്ങളുടെ ഉൽപ്പാദനമാണ് ഇപ്പോൾ നടത്തുന്നത്. അഞ്ച് ലക്ഷം കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഒരു കോടിയുടെ വരവാണ് മത്സ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. മുനമ്പം - അഴീക്കോട് പാലത്തിന്റെ നിർമാണത്തിനിടെ ബ്രീഡിങ് ടാങ്കുകൾ തകർന്നതു മൂലമുണ്ടായ ഉൽപ്പാദന നഷ്ടം നികത്തുന്നതും ലക്ഷ്യമാണ്. കർഷകരുടെ ആവശ്യമനുസരിച്ച് സിൽവർ പൊമ്പാനോ , സീബാസ്, കോബിയ, മിൽക്ക് ഫിഷ്, ഗ്രേമുള്ളറ്റ് തുടങ്ങിയ മീൻ കുഞ്ഞുങ്ങളെയും ഉൽപ്പാദിപ്പിച്ചു നൽകും. നാരൻ, കാരചെമ്മീൻ കുഞ്ഞുങ്ങളുടെ ഉൽപ്പാദന യൂണിറ്റും ഇവിടെയുണ്ട്.
ഗുണ നിലവാരമില്ലാത്തെ മത്സ്യക്കുഞ്ഞുങ്ങളെ വിറ്റഴിക്കുന്നവർക്കെതിരെ സർക്കാർ നടപടി കർശനമാക്കി . ആധുനിക സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രീയമായി മത്സ്യക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രം ഓരു ജല മത്സ്യകൃഷിയിൽ വഴിത്തിരിവാകും.









0 comments