സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 12:35 AM | 0 min read

വരന്തരപ്പിള്ളി 
പാലപ്പിള്ളി എലിക്കോട് സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള പിടിയാനയെ  വ്യാഴാഴ്ച രാവിലെ എട്ടോടെയാണ്‌ സ്വകാര്യ പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ  ടാപ്പിങ്‌ തൊഴിലാളികൾ കണ്ടത്. കുഴിയുടെ മുകളിലേക്ക് തലയും തുമ്പിക്കൈയും ഉയർത്തിനിന്ന ആന പിന്നീട് അവശനിലയിലായി. മണ്ണുമാന്തി യന്ത്രം എത്തിച്ച് കുഴിയിലെ കല്ലും മണ്ണും ചെളിയും നീക്കിത്തുടങ്ങിയപ്പോൾ ആന തുമ്പിക്കൈയും കാലുകളും അനക്കുന്നുണ്ടായിരുന്നു. പിൻകാലുകൾ മണ്ണിൽനിന്ന് ഉയർത്തി  സ്വയം എഴുന്നേൽക്കാൻ ശ്രമിച്ചു. പിന്നീട്‌ അനക്കമില്ലാതായി.  പകൽ പതിനൊന്നരയോടെ ചരിഞ്ഞു. 
 കരിങ്കൽ കെട്ടിയ ഇടുങ്ങിയ കുഴിയിൽ വീണ ആനയെ രക്ഷപ്പെടുത്താൻ വനം വകുപ്പ് ജീവനക്കാർ മണിക്കൂറുകൾ നീണ്ട  ശ്രമം നടത്തി. മണ്ണുമാന്തി യന്ത്രം എത്തിച്ച് കുഴിയിലെ കല്ലും മണ്ണും ചെളിയും നീക്കി രക്ഷിക്കാനായിരുന്നു ശ്രമം. ആനയുടെ പിൻകാലുകൾ ചെളിയിൽ താഴ്‌ന്ന നിലയിലായിരുന്നു. വനം വകുപ്പ് വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ് എബ്രഹാം, ഒ വി മിഥുൻ, സി സുശീൽ കുമാർ എന്നിവർ ചേർന്ന്   പോസ്റ്റ്മോർട്ടം നടത്തി. വീഴ്ചയിലുണ്ടായ ആന്തരിക മുറിവുകളും ക്ഷതങ്ങളും ശ്വാസതടസ്സവുമാണ്‌  ചരിയാൻ കാരണമെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ആനയുടെ ജഡം എലിക്കോട് സംരക്ഷിത വനത്തിൽ സംസ്‌കരിച്ചു. 
 ഒമ്പതംഗ കാട്ടാനക്കൂട്ടത്തിലെ അംഗമാണ് ചരിഞ്ഞതെന്നും ശേഷിച്ചവ തോട്ടത്തിൽനിന്നും പോകാതെ നിലയുറപ്പിച്ചിരിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച രാത്രി എച്ചിപ്പാറ ഭാഗത്ത്‌ പുഴയിൽ 30  ഓളം ആനകൾ  ഉണ്ടായിരുന്നതായും അവർ പറഞ്ഞു. ചാലക്കുടി ഡിഎഫ് എം വെങ്കിടേശൻ, പാലപ്പിള്ളി റേഞ്ച് വനംവകുപ്പ്‌ ഓഫീസർ പി ഡി രതീഷ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ എന്നിവർ സ്ഥലത്തെത്തി.


deshabhimani section

Related News

View More
0 comments
Sort by

Home