മതിലകത്തെ ഔഷധ സസ്യകൃഷി ദേശീയ ശ്രദ്ധയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 12:22 AM | 0 min read

കൊടുങ്ങല്ലൂർ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിച്ച വരുമാനമായി മാറിയ മതിലകത്തെ ഔഷധ സസ്യകൃഷി മറ്റ്‌ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. തമിഴ്നാട്, ചത്തീസ്ഗഢ്, തൃപുര, ഹിമാചൽപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ്  കുറുന്തോട്ടിയും, കച്ചോലവും, ശതാവരിയും, കൃഷ്ണതുളസിയും ഇനി തഴച്ചുവളരുക. ഈ സംസ്ഥാനങ്ങളിൽ നിന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം മതിലകത്തെത്തി കൃഷിയെ കുറിച്ച് പഠിച്ചു.  പഞ്ചായത്തിലെ 16–--ാം വാർഡ് അംഗം ഇ കെ ബിജുവിന്റെ നേതൃത്വത്തിലാണ്‌  തീരദേശത്തെ ചൊരിമണലിൽ  കൃഷി ആരംഭിച്ചത്‌.  പദ്ധതിക്ക്‌ മതിലകം പഞ്ചായത്തും, പാപ്പിനിവട്ടം   സഹകരണ ബാങ്കും പിന്തുണ നൽകി.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംയോജന സാധ്യതകള്‍  പ്രയോജനപ്പെടുത്തി 10 ഏക്കറോളം സ്ഥലത്താണ്  കുറുന്തോട്ടി കൃഷി ചെയ്യുന്നത്.  ഇത് വഴി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നൂറ് ദിവസം തൊഴില്‍ ഉറപ്പ് വരുത്താൻ സാധിച്ചു. 7233 തൊഴിൽ ദിനങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത്. ‍കൂലിക്ക് പുറമേ  അധികം വരുമാനം നൽകാനും സാധിച്ചു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( കെഎഫ്‌ആർഐ)  ആവശ്യമായ സാങ്കേതിക സഹായങ്ങളും നൽകി. 
പദ്ധതി വിജയമായതോടെ ഈ സുസ്ഥിര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ   എല്ലാ വാർഡുകളിലുമായി 50 ഏക്കറിൽ, ഔഷധ സസ്യകൃഷിയും ഒപ്പം പച്ചക്കറി കൃഷിയും വ്യാപിച്ചു.   ഇതിന്റെ പ്രഖ്യാപനം പൊക്ലായി ബീച്ചിൽ ഇ ടി ടൈസൺ എംഎൽഎ നിർവഹിച്ചു. കെഎഫ്ആർഐയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ നൂല്‍‍പ്പുഴ, പൂതാടി, തിരുനെല്ലി, പൊഴുതാന, തവിഞ്ഞല്‍  പഞ്ചായത്തുകളില്‍ നിന്നും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം മതിലകത്തെത്തി പദ്ധതിയെ കുറിച്ച് പഠിച്ചു. ഔഷധ കൃഷിയിൽ  നിന്ന് ലഭിച്ച നാല് ലക്ഷം രൂപ വരുമാനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീതിച്ച് നൽകിയതായി  വാർഡ് അംഗം ബിജു പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home