തൃശൂര്‍ ഹരിതമാകും; ഇത് കുട്ടികളുടെ ഉറപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:47 AM | 0 min read

തൃശൂർ
ജില്ലയെ ഹരിതമാക്കാനും മാലിന്യമുക്ത നവകേരളം പടുത്തുയര്‍ത്താനും കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍ ഹരിതസഭയിലേക്കെത്തുന്നത്. മാലിന്യ നിർമാർജനം അവനവന്റെ ചുമതലയാണെന്ന്  ബോധ്യപ്പെടുത്താൻ പറഞ്ഞും പാടിയും ആടിയും സർ​ഗാത്മകമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെയും കുട്ടികൾ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. കാട്ടൂർ പഞ്ചായത്തിലെ പോംപെ സെന്റ്‌ മേരീസ്‌ സ്കൂളിലെ  കെ എസ് അസർ സയാന്‍ ഓട്ടോമാറ്റിക്ക് വേസ്റ്റ് ബിൻ നിർമിച്ച് കൈയടി നേടി. 
മാലിന്യനിർമാർജന അവബോധം സൃഷ്ടിക്കുന്ന തെരുവുനാടകങ്ങളും ഫ്ലാഷ് മോബുകളും ഹ്രസ്വ വീഡിയോകളും പ്രചാരണജാഥകളും ലഘുലേഖകളും നൃത്തപരിപാടിയുമെല്ലാം കുട്ടികൾ ഹരിതസഭയുടെ ഭാ​ഗമായി ഒരുക്കി. 
     മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യനിർമാർജനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിതസഭ ഈ ആഴ്ച ജില്ലയില്‍ പൂർത്തിയാകും. ബ്ലോക്ക് പഞ്ചായത്തുകളിൽ മാതൃകാ ഹരിതസഭ സംഘടിപ്പിച്ച് 25നാണ് ഹരിതസഭയ്ക്ക് തുടക്കമായത്. ഇതുവരെ 79 തദ്ദേശ സ്ഥാപനങ്ങളിൽ പൂർത്തിയായി. 832 സ്കൂളുകളിൽ നിന്നായി 11,245 കുട്ടികൾ പങ്കെടുത്തു. അധ്യാപകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 2827 പേരും പങ്കെടുത്തു. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിന്‌ പകർന്ന് നൽകുക എന്നീ ലക്ഷ്യങ്ങളും ഹരിതസഭയ്‌ക്കുണ്ട്‌. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾ ഹരിത സഭയിൽ പങ്കെടുക്കുന്നുണ്ട്. 
   ഇതുവരെ ജില്ലയിലെ 211 സർക്കാർ സ്കൂളുകളിലെയും 493 എയ്ഡഡ് സ്കൂളുകളിലെയും 124 അൺ എയ്ഡഡ് സ്കൂളുകളിലെയും 4 കേന്ദ്രീയ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾ പങ്കെടുത്തു. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ഹരിതസഭയാണ് സംഘടിപ്പിക്കുന്നത്. 150–200 കുട്ടികൾ വീതം പങ്കെടുക്കും. വിദ്യാർഥി പ്രതിനിധികൾ മാലിന്യ സംസ്‌കരണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഇതുവരെ 858 റിപ്പോർട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home